
വിജയ് ചിത്രം 'ജനനായകൻ' റിലീസ് പ്രതിസന്ധിയിലായതിനെ തുടർന്ന് കടുത്ത വിമർശനമാണ് ആരാധകരിൽ നിന്നും സിനിമാമേഖലയിൽ നിന്നും ഉയരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്നായിരുന്നു റിലീസ് അനിശ്ചിതത്വത്തിലായത്. ഇപ്പോഴിതാ സെൻസർ ബോർഡിന്റെ കർക്കശമായ നിയമങ്ങൾക്കും സിനിമയിലെ രാഷ്ട്രീയ ഇടപെടലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമയ്ക്ക് ഇത് കഷ്ടകാലമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.
കാർത്തിക് സുബ്ബരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്
സിനിമയെ സ്‌നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ ചില കാര്യങ്ങൾ പറയാനുണ്ട്! 'സല്ലിയാർഗൾ' പോലുള്ള ചെറിയ ബജറ്റിലുള്ള സ്വതന്ത്ര സിനിമകൾക്ക് തിയേറ്ററുകൾ ലഭിക്കുന്നില്ല. നാളെ റിലീസ് ചെയ്യേണ്ട വിജയ് സാറിന്റെ ബിഗ് ബജറ്റ് ചിത്രം 'ജനനായകൻ', സെൻസർ വൈകിയത് കാരണം മാറ്റിവയ്‌ക്കേണ്ടി വരുന്നു. മറ്റന്നാൾ റിലീസ് ചെയ്യേണ്ട 'പരാശക്തി'യുടെ ബുക്കിംഗ് പോലും പലയിടത്തും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. സിനിമയ്ക്ക് ഇത് ശരിക്കും കഷ്ടകാലം തന്നെയാണ്.
ചെറിയ സിനിമകളെ തിയേറ്ററുകൾ കുറച്ചുകൂടി പിന്തുണയ്ക്കണം. കാരണം ഒടിടി പ്ലാറ്റ്‌ഫോമുകളും സാറ്റലൈറ്റ് ചാനലുകളും ഇത്തരം ചെറിയ സിനിമകളെ ഏറ്റെടുക്കാൻ വലിയ താല്പര്യം കാണിക്കാറില്ല. അതുകൊണ്ട് തന്നെ തിയേറ്ററുകൾ മാത്രമാണ് അവർക്കുള്ള ഏക വരുമാന മാർഗം. ചെറിയ സിനിമകൾക്ക് തിയേറ്റർ നൽകാതിരിക്കുന്നത് സിനിമയെ കൊല്ലുന്നതിന് തുല്യമാണ്. ബിഗ് ബജറ്റ് സിനിമകളുടെ കാര്യമെടുത്താൽ, സെൻസർ ബോർഡിന്റെ കർശനമായ സമയപരിധി പാലിക്കുക എന്നത് വലിയ പ്രയാസമാണ്. പ്രത്യേകിച്ച് റിലീസ് തീയതി പ്രഖ്യാപിച്ച് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചെയ്യുന്ന അണിയറപ്രവർത്തകർക്ക് ഇത് വലിയ സമ്മർദ്ദമുണ്ടാക്കുന്നു.
നിലവിലെ നിയമങ്ങൾ അനുസരിച്ച് സിനിമയുടെ എല്ലാ ജോലികളും റിലീസിന് മൂന്ന് മാസം മുമ്പ് തീർക്കണം എന്നത് അസാദ്ധ്യമായ കാര്യമാണ്. ബോർഡും നിർമ്മാതാക്കളും താരങ്ങളും ഇതിലൊരു മാറ്റം കൊണ്ടുവരണം. അല്ലെങ്കിൽ ഉത്സവ സീസണുകളിൽ വലിയ സിനിമകൾ റിലീസ് ചെയ്യാൻ കഴിയാതെ വരുന്നത് ഇൻഡസ്ട്രിയെ തന്നെ തകർക്കും. ആരാധകപ്പോരും, രാഷ്ട്രീയ ലക്ഷ്യങ്ങളും, വ്യക്തി താല്പര്യങ്ങളും, വെറുപ്പുമൊക്കെ സിനിമാ മേഖലയിലുള്ളവർ ദയവായി മാറ്റിവച്ച്, ഈ കലയെ രക്ഷിക്കാൻ ഒന്നിച്ചുനിൽക്കണം. സിനിമയെ നമുക്ക് ഒരുമിച്ച് സംരക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |