
കെ.എസ്.ആർ.ടി.സി ബസുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു. ബസിന്റെ കാലപ്പഴക്കവും ബ്രേക്കുകളുടെ തേയ്‌മാനവും നിശ്ചിത കാലാവധിക്കുള്ളിൽ സർവീസ് നടത്താത്തതും പാർട്ട്സ് മാറ്റാത്തതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വലിയ വണ്ടികൾ ഓടിച്ച് ശരിയായ പരിശീലനം നേടാത്തവർ കരാർ ഡ്രൈവർമാരായി വരുന്നതും അപകടങ്ങൾ കൂടാൻ ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചെറുതും വലുതുമായി അറുനൂറിലേറെ അപകടങ്ങളാണ് കെ.എസ്.ആർ.ടി.സി ബസുകൾ മൂലമുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് മാത്രമായി ഇന്നലെ പകൽ ദാരുണമായ രണ്ട് അപകടങ്ങൾ ഉണ്ടായി.
കാരയ്ക്കാമണ്ഡപത്തിനടുത്ത് സ്‌കൂട്ടറിനു പിന്നിൽ, ഓവർടേക്ക് ചെയ്‌ത് വന്ന കെ.എസ്.ആർ.ടി.സി ബസിടിച്ച് 'ചന്ദ്രിക" ദിനപത്രം ചീഫ് ഫോട്ടോഗ്രാഫറായ നേമം സ്വദേശി ഗോപകുമാർ മരണമടഞ്ഞു. സ്‌കൂട്ടറിൽ ഒപ്പം സഞ്ചരിക്കുകയായിരുന്ന ഭാര്യയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. കഴക്കൂട്ടത്ത് സ്‌കൂട്ടറിനു പിന്നിൽ ട്രാൻസ്‌പോർട്ട് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ ടെക്‌നോപാർക്ക് ജീവനക്കാരി സന്ധ്യയുടെ കാൽ മുറിച്ചുമാറ്റേണ്ടിവന്നു. രണ്ടുദിവസം മുൻപ് അടൂരിൽ പ്രതികളുമായി ജയിലിലേക്കു പോയ പൊലീസ് ജീപ്പിനു പിറകിൽ നിയന്ത്രണം വിട്ട ബസിടിച്ച് പൊലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്കേൽക്കുകയുണ്ടായി. ഈ മൂന്ന് സംഭവങ്ങളിലും യാത്രക്കാർ സഞ്ചരിച്ച വാഹനങ്ങളുടെ പിറകിലാണ് ബസിടിച്ചത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അശ്രദ്ധ മൂലമോ ഓവർസ‌്പീഡ് കാരണമോ ആണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെയുള്ള അപകടങ്ങൾ ട്രാൻസ്‌പോർട്ട് ബസുകൾ കാരണം ഉണ്ടാകുമ്പോൾ കർശന നടപടികളൊന്നും പൊലീസിന്റെയോ ട്രാൻസ്‌പോർട്ട് അധികൃതരുടെയോ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് ഇത്തരം അപകടങ്ങൾ പെരുകാൻ കാരണമായിട്ടുണ്ടെന്നും പറയാതിരിക്കാനാവില്ല.
ട്രാൻസ്‌പോർട്ട് വണ്ടി ഓടിക്കുന്ന ഡ്രൈവർക്ക് റോഡിന്റെ ഇരുവശവും കൃത്യമായി കാണാൻ കഴിയുന്നതിന് സഹായിക്കുന്ന മിററുകൾ മിക്ക വണ്ടികളിലും ഇല്ല എന്നതാണ് വസ്തുത. സ്വകാര്യ വാഹനങ്ങളുടെ കുറവുകൾ കണ്ടുപിടിച്ച് ശിക്ഷിക്കുന്ന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ, സ്വന്തം വകുപ്പിന്റെ കീഴിൽ വരുന്നതിനാൽ ട്രാൻസ്‌പോർട്ട് ബസുകളുടെ കുറവുകൾ കണ്ടെത്താൻ മെനക്കെടാറില്ല. നഗരത്തിലൂടെ ഓടുന്ന ഭൂരിപക്ഷം ബസുകളുടെയും ടയറുകൾ തേയ്‌മാനം വന്ന് മാറ്റേണ്ട സ്ഥിതിയിലാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ ആർക്കും മനസിലാക്കാവുന്നതാണ്. ആവർത്തിച്ച് അപകടമുണ്ടാക്കുന്ന സ്ഥിരം ഡ്രൈവർമാരെ കണ്ടെത്തി ജോലിയിൽ നിന്ന് മാറ്റിനിറുത്താനുള്ള ഒരു ശ്രമവും ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. അതേസമയം ചെറിയ തെറ്റുകൾക്കു പോലും കരാർ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യും. നഗരപ്രദേശങ്ങളിൽ ട്രാൻസ്‌പോർട്ട് ബസിടിച്ച് ജീവൻ നഷ്ടപ്പെടുന്നതിലും പരിക്കേൽക്കുന്നതിലും ഭൂരിപക്ഷവും ഇരുചക്ര വാഹനക്കാരാണ്.
നിരന്തരം അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കി തുടർച്ചയായ പരിശീലനം നൽകാനുള്ള പദ്ധതിക്ക് വകുപ്പ് രൂപം നൽകിയെങ്കിലും അതൊന്നും പ്രാവർത്തികമാക്കിയിട്ടില്ല. അപകടം ഉണ്ടായാൽ അതിന്റെ കുറ്റം മുഴുവൻ ഡ്രൈവറുടെ മേൽ ചുമത്തി, ബസിന്റെ മറ്റ് അപാകതകൾ മറച്ചുവയ്ക്കുന്ന സമീപനമാണ് ട്രാൻസ്‌പോർട്ട് വകുപ്പ് അധികൃതർ പലപ്പോഴും കൈക്കൊള്ളാറുള്ളത്. ഇലക്ട്രിക് ബസുകൾ ശബ്ദമില്ലാത്തവ ആയതിനാൽ അപകട സാദ്ധ്യത കൂടുതലാണ്. ഇത് മനസിലാക്കി ഇലക്ട്രിക് ബസുകൾ ഓടിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകേണ്ടതാണ്. നഗരപരിധിയിൽ കെ.എസ്.ആർ.ടി.സി ബസുകൾ വരുത്തുന്ന അപകടങ്ങൾ, അത് ഏറ്റവും കൂടുതൽ സംഭവിക്കുന്ന സമയം, പ്രത്യേക ആക്‌സിഡന്റ് സ്‌പോട്ടുകൾ തുടങ്ങിയവയെപ്പറ്റി വിദഗ്ദ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിച്ച് പരിഹാര നിർദ്ദേശങ്ങൾ ശാസ്‌ത്രീയമായി നടപ്പാക്കാൻ വകുപ്പ് മന്ത്രി ഉത്തരവിടേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |