
മലയാള ഹാസ്യ സാഹിത്യത്തിന്റെ ചരിത്രം പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോലനിൽ നിന്ന് തുടങ്ങുന്നു. 'പന്ത്രണ്ടര" എന്ന വാക്കിനെ ഗംഗയാറാക്കിയ ആളാണ് തോലൻ. അതിങ്ങനെ: ഒരു ശ്ലോകത്തിലാണ് പന്ത്രണ്ടര എന്ന വാക്കുള്ളത്. അതിന്റെ വ്യാഖ്യാനമാണ് രസകരം. പന്ത്രണ്ടര എന്നാൽ പന്ത്രണ്ട് അരകൾ ചേർന്നത്. അതായത് ആറ്. ആറ് എന്നാൽ ഗംഗയാർ! നദിയെന്നാൽ ഗംഗ അല്ലാതെ മറ്റൊരു നദിയില്ലെന്ന്!
തോലനിൽ തുടങ്ങി, കുഞ്ചൻ നമ്പ്യാർ, സഞ്ജയൻ, ഇ.വി. കൃഷ്ണപിള്ള, വി.കെ.എൻ... ഇങ്ങനെ നീളുന്നു, സാഹിത്യത്തിൽ ചിരി പടർത്തിയവരുടെ നിര. സിനിമയ്ക്കു മുമ്പ് നാടകത്തിലും അതിനു മുമ്പ് കൂത്തിലും പൊറാട്ടിലുമെല്ലാം ഹാസ്യം നിറഞ്ഞിരുന്നു. നാടകങ്ങളിൽ പ്രമേയവുമായി ബന്ധപ്പെട്ടും അല്ലാതെയും കോമഡി അഭിനേതാക്കൾ തകർത്തഭിനയിച്ചിരുന്നു. ഇതേ രീതിയായിരുന്നു ആദ്യകാല സിനിമയിലും തുടർന്നത്. അത് മലയാളത്തിൽ മാത്രമായിരുന്നില്ല. സിനിമയുടെ പ്രമേയം ഒരു വഴിക്കും, ചിരി മറ്റൊരു വഴിക്കും പോകുമായിരുന്നു. പിന്നീട് കഥയ്ക്ക് അനുസരിച്ചായി, ചിരിവഴിയും.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹോളിവുഡിൽ ബസ്റ്റർ കീറ്റണും ചാർലി ചാപ്ലിനുമെല്ലാം ലോകത്തെയാകെ ചിരിപ്പിച്ചു. സിനിമയിൽ കേന്ദ്രകഥാപാത്രമായി നിന്നുകൊണ്ടു തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുകയായിരുന്നു അവർ. പണക്കാരനും പാവപ്പെട്ടവനും എന്ന വ്യത്യാസം, തൊഴിലില്ലായ്മ, സ്വത്വ പ്രതിസന്ധി, വിവേചനം തുടങ്ങി അന്നത്തെ ചുറ്രുപാടിൽ നിന്ന് എന്നത്തെയും ഹാസ്യ മുഹൂർത്തങ്ങൾ പിറന്നു.
മലയാളത്തിൽ നായകനായി നിന്നുകൊണ്ടു തന്നെ കോമഡി സീനുകളിലും മിന്നിയ ആദ്യകാല നടൻ പ്രേംനസീറായിരുന്നു. കൂട്ടായി അടൂർ ഭാസിയും ഉണ്ടാകുമായിരുന്നു. മലയാളത്തിലെ ആദ്യകാല ഹാസ്യ നടന്മാരായിരുന്നു മുതുകുളം രാഘവൻപിള്ളയും എസ്.പി. പിള്ളയും. ആ ലിസ്റ്റ് പിന്നീട് അടൂർ ഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, മാള അരവിന്ദൻ, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, ശ്രീനിവാസൻ, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ, ഇന്ദ്രൻസ്, സലിംകുമാർ, ഹരിശ്രീ അശോൻ, ഫിലോമിന, കല്പന എന്നിങ്ങനെ നീണ്ടു. അതിപ്പോൾ അജു വർഗീസിലും ഹരീഷ് കണാരനിലുമെത്തി നിൽക്കുകയാണ്.
നായകൻ ഗൗരവമേറിയ കാര്യങ്ങൾ മാത്രം ചെയ്യും. ഈ ഗൗരവക്കാഴ്ചകളുടെ ആധിക്യം കാരണം വീർപ്പുമുട്ടുന്ന കാണികളെ കുറച്ച് റിലാക്സ് ചെയ്യിച്ച് രസിപ്പിക്കുന്നതായിരുന്നു മുമ്പൊക്കെ ഹാസ്യതാരങ്ങളുടെ ചുമതല.
പിന്നീടെപ്പോഴോ ഹാസ്യനടന്മാർ രണ്ടാംകിട അഭിനേതാക്കളാണെന്ന ധാരണ പൊതുവെ ഉണ്ടായി. സിനിമയിൽ പ്രണയ രംഗങ്ങളിൽപ്പോലും ഈ വിവേചനം കാണാമായിരുന്നു.
ഹാസ്യത്തിന്
അംഗീകാരമില്ല
ചിരിപ്പിക്കുന്നത് ചില്ലറ പണിയല്ല എന്ന് വ്യക്തമായി അറിയുമ്പോഴും അതിനെ അംഗീകരിക്കാതിരിക്കുക എന്ന മനോഭാവം പൊതുവെ കാണാം. 'തോലൻ" എന്ന വാക്കു തന്നെ ശരിയായ അർത്ഥം മറന്നാണ് ഉപയോഗിക്കുന്നത്. അവനൊരു തോലൻ എന്നു പറഞ്ഞാൽ, അവൻ മണ്ടനാണെന്ന് തോന്നിപ്പോകും.
2009-ൽ മികച്ച ഹാസ്യനടന് സംസ്ഥാന സർക്കാർ പുരസ്കാരം ഏർപ്പെടുത്തി. ആദ്യത്തെ അവാർഡ് സുരാജ് വെഞ്ഞാറമൂടിനായിരുന്നു. 2013 വരെ മാത്രമെ അത് തുടർന്നുള്ളൂ. അഭിനയത്തെ ഹാസ്യം, ഗൗരവം എന്ന് വേർതിരിക്കുന്ന രീതി ശരിയല്ല എന്നൊക്കെ ന്യായീകരണം നിരത്തിയാണ് പുരസ്കാരം നിറുത്തലാക്കിയത്.
ഈ വാദത്തിൽ കഴമ്പുണ്ടെന്ന് തോന്നുകയും ചെയ്യും. പക്ഷെ, ഒരു ചോദ്യം- കോമഡിവേഷം അസാദ്ധ്യമായി അവതരിപ്പിച്ച നടന് എപ്പോഴെങ്കിലും മികച്ച നടനുള്ള പുരസ്കാരം നൽകിയിട്ടുണ്ടോ? ഹാസ്യനടനുള്ള പുരസ്കാരം ഒരിക്കൽ നിർണയിച്ചപ്പോൾ ജൂറി തിരഞ്ഞെടുത്തത് ഒരു മുൻനിര നായക നടനെ. അദ്ദേഹത്തിന് ഹാസ്യ നടനുള്ള പുരസ്കാരം നൽകിയാൽ വിവാദമാകുമെന്ന് അന്നത്തെ ചലച്ചിത്ര അക്കാഡമിയുടെ ഭാരവാഹികൾ ഭയന്നു. ഹാസ്യനടനുള്ള പുരസ്കാരം നൽകിയാൽ അത് ആ നായക നടനെ അക്ഷേപിക്കുന്നതു പോലെയായാലോ എന്നായിരുന്നു ആശങ്ക. അതോടെ പുരസ്കാരം തന്നെ അവസാനിച്ചു.
അപ്പോൾ ഹാസ്യം രണ്ടാംകിടയാണെന്ന ഒരു ബോധം സമൂഹത്തിൽ ഉറച്ചുപോയി എന്നു സാരം. പിന്നെ കോമഡി നടന്മാർക്ക് അംഗീകാരം കിട്ടാൻ ഒരു വഴിയേ ഉള്ളൂ. ട്രാക്ക് മാറുക; സീരിയസാകുക. ഇന്ദ്രൻസും സുരാജുമൊക്കെ അങ്ങനെ ട്രാക്ക് മാറിയപ്പോൾ അംഗീകാരങ്ങളും തേടിയെത്തി.
സീരിയസ് റോൾ
ഈസി
സ്ക്രീനിൽ ഇന്ദ്രൻസിനെ കാണുമ്പോൾത്തന്നെ പ്രേക്ഷകർ പൊട്ടിച്ചിരിച്ചിരുന്ന കാലമുണ്ടായിരുന്നു. പിന്നീട് ഇന്ദ്രൻസിനെ കണ്ടത് വേറൊരു ലെവലിലാണ്. ശരിക്കും ഇന്ദ്രൻസ് ഞെട്ടിക്കുകയാണെന്ന് നിരൂപകർ കണ്ടെത്തി. അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. പക്ഷെ ഇന്ദ്രൻസിന് ഇപ്പോഴും ഹാസ്യവേഷങ്ങൾ ഇഷ്ടമാണ്.
'സിനിമയ്ക്കു പുറത്ത് ചിരിക്കാതെ എനിക്ക് സംസാരിക്കാനറിയില്ല. എത്ര ഗൗരവമുള്ള മുഹൂർത്തത്തിലും വീണു കിട്ടുന്ന ഒരു തമാശയുണ്ടാകും. അത് എന്റെ കണ്ണിൽപ്പെടും. എത്ര സീരിയസ് ചടങ്ങിനിടയിലും ചിരിക്കാനുള്ള വകയുണ്ടാകും"- ഇന്ദ്രൻസ് പറയുന്നു.
? ചിരിപ്പടങ്ങൾ ഇപ്പോൾ ഉണ്ടാകുന്നില്ലല്ലോ...
പ്രേക്ഷകർക്ക് എപ്പോഴും ഹാസ്യം ഇഷ്ടമാണ്. ചിരിപ്പിക്കുന്നത് ചീപ്പായി എന്ന് സിനിമ സൃഷ്ടിക്കുന്നവർക്ക് തോന്നിയിട്ടുണ്ടാകാം. എല്ലാറ്റിലും ഗൗരവം കൊണ്ടുവരാൻ ശ്രമിക്കുന്നതുമാകാം. പഴയ സിനിമകൾ കണ്ടാൽ ഇവർക്കുൾപ്പടെ ചിരിവരും. 'സംഗതി കൊള്ളാം; പക്ഷെ, നമ്മുക്ക് അതു വേണ്ട" എന്ന് ചിന്തിക്കുന്നതു കൊണ്ടാകാം കോമഡി വിഷയത്തിലൂന്നിയ രചനകൾ ഉണ്ടാകാത്തത്. ഹാസ്യ മുഹൂർത്തങ്ങളിലൂടെ തിരക്കഥ മുന്നോട്ടു കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല എന്നത് വേറെ കാര്യം. അതു പറഞ്ഞാൽ നമ്മൾ പഴഞ്ചനായിപോകും.
? ചിരിയുണ്ടാക്കാൻ പ്രയാസമാണെന്നാണ് സലിംകുമാറും പറഞ്ഞത്...
അത് ശരിയാണ്. അത് എളുപ്പമല്ല മക്കളേ എന്നു പറയാൻ പറ്രില്ലല്ലോ. ഇപ്പോൾ ഭക്ഷണരീതി പോലും മാറി, ജീവിതരീതി മാറി, ചിന്തകൾ മാറി. അതനുസരിച്ച് സിനിമയുടെ സ്വഭാവവും മാറി.
? ചേട്ടനും ഇപ്പോൾ കോമഡി വിട്ട് സീരിയസ് വേഷങ്ങളിലാണല്ലോ.
കോമഡി വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന കാലത്ത്, 'നിങ്ങളിങ്ങനെ കോമഡി മാത്രം ചെയ്താൽ മതിയോ" എന്നാണ് സിനിമാ പ്രവർത്തകർ തന്നെ ചോദിച്ചിരുന്നത്. നിങ്ങൾക്കെങ്ങനെ ഈ കോമഡി ചെയ്യാൻ കഴിഞ്ഞു എന്ന് ചോദിച്ചെങ്കിൽ നമുക്കൊരു സുഖം തോന്നിയേനെ. അതല്ല, കോമഡി വിട്ട് സീരിയസ് വേഷം ചെയ്യുമ്പോൾ അതെങ്ങനെ സാധിച്ചുവെന്ന് അത്ഭുതം കൂറുകയാണ് സിനിമാ നിരൂപകർ ഉൾപ്പെടെ. അത് എത്ര എളുപ്പമാണെന്ന് നമുക്കേ അറിയൂ. കോമഡി ചെയ്ത് രസിപ്പിക്കുന്ന നടൻ സീരിയസ് റോൾ ചെയ്യുമ്പോഴാണ് അദ്ദേഹം പ്രതിഭാശാലിയാകുന്നത് എന്നാണ് വിലയിരുത്തൽ. എന്നാൽ കോമഡി ചെയ്തെടുക്കുന്നതിനാണ് ഏറെ കഷ്ടപ്പാടുള്ളത്.
? ചിരിപ്പടങ്ങൾ തിരിച്ചുവരില്ലേ.
വരും. ഇപ്പോഴത്തെ ട്രെൻഡ് അതല്ലന്നു മാത്രം. തിരിച്ചുവരവ് എപ്പോഴെന്ന് പറയാനാകില്ല. സിനിമയിൽ നല്ല തമാശകളുണ്ടായാൽ ഉറപ്പായും അത് ആസ്വദിക്കപ്പെടും. അതുണ്ടാക്കാൻ അറിയുന്നവർ വേറെ വഴിക്കു പോവുകയാണ്. കോമഡി അഭിനയിച്ച് ഫലിപ്പിക്കുക എന്നത് പ്രയാസമേറിയതാണ്. അതിനേക്കാൾ പ്രയാസമാണ് കോമഡി സാഹചര്യങ്ങളുണ്ടാക്കി സംഭാഷണ രചന നടത്താൻ. പ്രതിഭാധനരായ എഴുത്തുകാർക്കു മാത്രമെ കോമഡി എഴുതാൻ കഴിയൂ.
(തുടരും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |