
തെന്നിന്ത്യൻ സൂപ്പർ താരം യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. ടീസറിലെ ചില രംഗങ്ങളാണ് വിവാദത്തിന് കാരണം. എന്നാൽ ഇതിനെ ന്യായീകരിച്ച് സംവിധായിക ഗീതു മോഹൻദാസ് രംഗത്തെത്തുകയും അവർക്ക് പിന്തുണയുമായി റിമയും എത്തിയിരുന്നു.
ഇപ്പോഴിതാ ഗീതു മോഹൻദാസിനെതിരെയും റിമ കല്ലിങ്കലിനെതിരെയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് വിജയ് ബാബു. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ മാറ്റുന്നവരാണെന്നും ഇവർ ഇരട്ടത്താപ്പിന്റെ രാജ്ഞിമാരാണെന്നും വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിജയ് ബാബു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം
'ഇരട്ടത്താപ്പിന്റെ രാജ്ഞിമാരെക്കുറിച്ച്, അവരുടെ ഓരോരുത്തരുടെയും കഥകൾ പറഞ്ഞു തുടങ്ങിയാൽ അത് അവസാനിക്കില്ല. അവരുടെ വാക്കിനും പ്രവൃത്തിക്കും മറുപടി പറയാതിരിക്കുന്നതാണ് നല്ലത്. കാരണം, എല്ലാ ആനുകൂല്യങ്ങളും എപ്പോഴും കൈപ്പറ്റിക്കൊണ്ട്, സ്വന്തം സൗകര്യത്തിനനുസരിച്ച് വാക്കിനെയും പ്രവൃത്തിയെയും വളച്ചൊടിക്കുന്നവരാണവർ.
ഒരു പുരുഷനെയോ പുരുഷന്മാരെയോ ആക്രമിക്കണം എന്ന് തോന്നുമ്പോൾ മാത്രം 'സ്ത്രീരത്നങ്ങൾ' എന്ന നിലയിൽ അവർ ഒന്നിച്ചു ചേരും. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനായി കൂട്ടമായി ആക്രമിച്ച ശേഷം, അടുത്ത ഇര വരുന്നത് വരെ അവർ പിരിഞ്ഞു പോകും. എന്നാൽ സ്വന്തം കാര്യത്തിൽ ഇവർക്ക് യാതൊരു നിലപാടുകളോ ചിട്ടവട്ടങ്ങളോ ഇല്ല. ആടിയും ഉലഞ്ഞും നിൽക്കുന്ന ഇവർക്ക് കൃത്യമായ നയങ്ങളോ നിയമങ്ങളോ ഒന്നുമില്ല. അതാത് സമയത്തെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ വെറുമൊരു വാട്സാപ്പ് ഗ്രൂപ്പ് മാത്രമാണത്.'
കെജിഎഫ് സീരീസിന് ശേഷം യാഷ് നായകനായെത്തുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ടീസർ റീലീസ് ചെയ്തതിന് പിന്നാലെ സംവിധായിക ഗീതു മോഹൻദാസിനെതിരെ വിമർശനം ശക്തമായിരുന്നു. ആക്ഷനും മാസും ഇന്റിമേറ്റ് സീനുകളും കൂടിച്ചേർന്ന ടീസറാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ യാഷിന്റെ ഇൻട്രോ സീനും ഗീതു മോഹൻദാസിന്റെ മുൻ നിലപാടുകളും ചേർത്താണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |