
കൊച്ചി: 'ദി കേരള സ്റ്റോറി 2" സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്തു. വ്യാഴാഴ്ച സിംഗിൾബെഞ്ച് ഏർപ്പെടുത്തിയ 15 ദിവസത്തെ സ്റ്റേ ഇതോടെ നീങ്ങി. ചിത്രത്തിന്റെ നിർമ്മാതാക്കൾ നൽകിയ അപ്പീലിൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചാണ് അനുകൂല നിലപാടെടുത്തത്.
സിനിമയുടെ ടീസർമാത്രംകണ്ട് റിലീസ് തടയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. സിനിമ പൂർണമായി കണ്ടശേഷമാണ് സെൻസർബോർഡ് പ്രദർശനാനുമതി നൽകിയത്. വിദഗ്ദ്ധസമിതി നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്നും സുപ്രീംകോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഡിവിഷൻബെഞ്ച് വ്യക്തമാക്കി. സിനിമ കണ്ടിട്ടില്ലാത്ത ഹർജിക്കാർ ടീസറിലെ ദൃശ്യങ്ങൾമാത്രം ആധാരമാക്കിയാണ് കോടതിയെ സമീപിച്ചത്.
റിലീസ് നിശ്ചയിച്ച ഇന്നലെത്തന്നെ അപ്പീലിൽ വിധിവന്നത് നിർമ്മാതാക്കൾക്ക് ആശ്വാസമായി. സിനിമയുടെ ഉള്ളടക്കം പ്രഥമദൃഷ്ട്യാ പൊതുജീവിതക്രമവും സമുദായസൗഹാർദ്ദവും തകർക്കുന്നതാണെന്ന് വിലയിരുത്തിയാണ് സിംഗിൾബെഞ്ച് പ്രദർശനം തടഞ്ഞത്. പ്രദർശനാനുമതി നൽകിയത് ചോദ്യംചെയ്ത് കണ്ണൂർസ്വദേശി ശ്രീദേവ് നമ്പൂതിരി, അതുൽ റോയി എന്നിവർ നൽകിയ ഹർജിയിലായിരുന്നു സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കേരളത്തിലെ അപൂർവം തിയേറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുക.
ക്രമസമാധാനപ്രശ്നം വരാതെ
സർക്കാർ നോക്കണം
സെൻസർബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയശേഷമാണ് ചിത്രം പ്രദർശനത്തിന് തയ്യാറായതെന്ന് കോടതി വിലയിരുത്തി
ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയന്ന് സിനിമ തടയാനാകില്ലെന്നും അത്തരം സാഹചര്യങ്ങൾ കൈകാര്യംചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം
സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയ സെൻസർബോർഡ് നടപടിയിൽ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്നും കോടതി വിലയിരുത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |