
ചെന്നൈ: ഇന്നത്തെ കാലത്ത് നമുക്കാവശ്യമുള്ള എന്ത് കാര്യവും വിരൽതുമ്പിലൂടെ ഓൺലൈനായി വാങ്ങാൻ കഴിയും. എന്നാൽ ചില സാധനങ്ങൾ വാങ്ങുമ്പോൾ അവ വാങ്ങുന്ന സമയവും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ആത്മഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് അർദ്ധരാത്രിയിൽ എലിവിഷം ഓർഡർ ചെയ്ത യുവതിയെ അതിൽ നിന്നും സമയോചിതമായി ഇടപെട്ട് പിന്തിരിപ്പിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്നാട്ടിലാണ് സംഭവം. അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് യുവതി എലിവിഷം ഓർഡർ നൽകിയതെന്ന് യുവാവ് വീഡിയോയിൽ പറയുന്നു.
'മൂന്ന് പാക്കറ്റ് എലിവിഷമായിരുന്നു ഉണ്ടായിരുന്നത്. അവരുടെ അവസ്ഥ കണ്ടപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി. അടുത്തേക്ക് ചെന്നപ്പോൾ അവർ നിർത്താതെ കരയുകയായിരുന്നു. ഞാൻ അവരോട് നേരിട്ട് ചോദിച്ചു, 'നിങ്ങൾ ആത്മഹത്യ ചെയ്യാൻ വേണ്ടിയാണോ ഇത് ഓർഡർ ചെയ്തതെന്ന്. ആദ്യം അവർ നിഷേധിച്ചെങ്കിലും ഞാൻ അവരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. എലി ശല്യമാണെങ്കിൽ വൈകുന്നേരം ഏഴ് മണിക്കോ അടുത്ത ദിവസമോ ഓർഡർ ചെയ്യാമല്ലോ, എന്തിനാണ് അർദ്ധരാത്രി ഇത് വാങ്ങുന്നതെന്ന് ഞാൻ ചോദിച്ചു. കുറെനേരം സംസാരിച്ചതിനൊടുവിൽ യുവതി തന്റെ തീരുമാനം മാറ്റുകയും ഓർഡർ ക്യാൻസൽ ചെയ്യുകയും ചെയ്തു. വലിയൊരു കാര്യം ചെയ്തതിന്റെ സംതൃപ്തിയാണ് ഇന്ന് എനിക്കുണ്ടായത്'- യുവാവ് വീഡിയോയിൽ പറഞ്ഞു.
ദൃശ്യങ്ങൾ വൈറലായതോടെ യുവാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽമീഡിയ. ഇത്തരം സന്ദർഭങ്ങളിൽ അധികൃതരെ വിവരം അറിയിക്കാൻ പ്രത്യേക സംവിധാനം വേണമെന്നും ചിലർ അഭിപ്രായപ്പെട്ടു. മാനസികാരോഗ്യം എത്രത്തോളം പ്രധാനമാണെന്നും ചെറിയ ഇടപെടൽ പോലും ഒരു ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്നും സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |