
ആലപ്പുഴ:എ.ബി.സി സെന്ററുകളിൽ നായ്ക്കൾക്ക് ഭക്ഷണം നൽകാൻ മൃഗസ്നേഹികളെ നിയോഗിക്കാൻ പദ്ധതി വരുന്നു.തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും പ്രതിരോധ കുത്തിവയ്പ്പ് നൽകാനും സജ്ജമാക്കിയിട്ടുള്ളവയാണ് എ.ബി.സി സെന്ററുകൾ.തദ്ദേശ സ്വയം ഭരണ വകുപ്പ് മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെയാകും സംവിധാനം സജ്ജമാക്കുക.ഇതിനായി രണ്ട് വകുപ്പുകളും ഉടൻ ഉത്തരവിറക്കും.
തെരുവ് നായ ശല്യം രൂക്ഷമായ കേരളത്തിൽ എ.ബി.സി സംവിധാനം കാര്യക്ഷമമല്ലെന്ന് സുപ്രീം കോടതി വിമർശിച്ചിരിക്കെ,തെരുവ് നായ് പരിപാലനത്തിനും പേവിഷ പ്രതിരോധത്തിനും മൃഗസ്നേഹികളടക്കം എല്ലാവരുടെയും പിന്തുണയും സഹായവും തേടാനാണ് നീക്കം.
വന്ധ്യംകരണത്തിന് പിടികൂടുന്ന നായയെ ശസ്ത്രക്രിയ കഴിഞ്ഞ് പഴയ സ്ഥലത്ത് തിരികെയെത്തിക്കും വരെ ആറുദിവസംം തീറ്റിപ്പോറ്റേണ്ടതായുണ്ട്.എ.ബി.സി സെന്ററുകളിൽ കിച്ചണും ഇതിനായി ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ടെങ്കിലും തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ ബാദ്ധ്യതയാണ് സൃഷ്ടിക്കുന്നത്.
തെരുവിലെ ശല്യമൊഴിയും
തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് രാപകൽ ഭേദമില്ലാതെ മൃഗസ്നേഹികളും മറ്റും ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.കൃത്യമായി ആഹാരം ലഭിക്കുന്നതിനാൽ നായ്ക്കൾ നിരത്തുകളും പൊതു സ്ഥലങ്ങളും വിട്ടൊഴിയാൻ കൂട്ടാക്കില്ല.ഈ സാഹചര്യം ഒഴിവാക്കി മൃഗസ്നേഹികളുടെ സേവനം എ.ബി.സി സെന്ററുകളിലേക്കും പുതുതായി ആരംഭിക്കാൻ പോകുന്ന ഡോഗ് ഷെൽട്ടറുകളിലേക്കും ലഭ്യമാക്കിയാൽ പരാതികളൊഴിവാക്കാൻ കഴിയും.
മൃഗസ്നേഹികളെ എ.ബി.സി സെന്ററുകളിലെ ഫീഡർമാരാക്കി സഹകരിപ്പിക്കാനാണ് തദ്ദേശ - മൃഗ സംരക്ഷണ വകുപ്പുകളുടെ തീരുമാനം. എല്ലാ എ.ബി.സി സെന്ററുകളിലും പദ്ധതി ഉടൻ നടപ്പാക്കും
- പ്രോജക്ട് ഡയറക്ടർ, എ.ബി.സി , തദ്ദേശ സ്വയംഭരണ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |