
ഫാഷൻ ഡിസെെനിംഗ് ലോകത്ത് പുതിയ ചരിത്രം കുറിക്കുകയാണ് മലയാളിയായ അശ്വതി ബാലകൃഷ്ണൻ. പ്രധാനമന്ത്രിയുടെ തൊഴിൽ ദായ പദ്ധതി വഴി (പിഎംഇജിപി) അഞ്ച് ലക്ഷം രൂപ വായ്പയെടുത്ത് തുടങ്ങിയ അവാന ഡിസെെനിംഗ്സിന്റെ വസ്ത്രങ്ങൾക്ക് ഇന്ന് വിദേശരാജ്യങ്ങളിൽ നിന്നുവരെ ആവശ്യക്കാർ ഏറെയാണ്. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയാണ് അശ്വതി ബാലകൃഷ്ണൻ. അവാന ഡിസെെനിംഗ്സിനെക്കുറിച്ച് അശ്വതി കേരള കൗമുദി ഓൺലെെനിനോട് സംസാരിക്കുന്നു.
ചെറുപ്പം മുതലുള്ള താൽപര്യം
ചെറിയ പ്രായത്തിൽ തന്നെ ഞാൻ വരയ്ക്കുമായിരുന്നു. അപ്പോൾ മുതൽ ഫാഷൻ ഡിസെെനിംഗ് വളരെ ഇഷ്ടമായിരുന്നു. ഞാൻ ഡിഗ്രി സുവോളജിയാണ് പഠിച്ചത്. ശേഷം പിജി ചെയ്തു. അതിന് ശേഷമാണ് ഞാൻ ഡിസെെനിംഗിലേക്ക് പൂർണമായി തിരിഞ്ഞത്. ഡിഗ്രിയും പിജിയും ചെയ്യുന്ന സമയത്ത് ചെറിയ ഡിസെെൻ വർക്ക് ചെയ്യുമായിരുന്നു. വിവാഹ ശേഷമാണ് ഫാഷൻ ഡിസെെനിംഗ് ഒരു പ്രൊഫഷനായി മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചത്. ആദ്യം എതിർപ്പ് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കുടുംബം പൂർണമായി സപ്പോർട്ട് ചെയ്തു. അങ്ങനെ പിഎംഇജിപി വായ്പയെടുത്താണ് ആദ്യം ഷോപ്പ് തുടങ്ങുന്നത്. വ്യവസായ വകുപ്പ് വഴിയാണ് ബാങ്കിനെ ബന്ധപ്പെട്ടത്. വളരെ എളുപ്പത്തിൽ വായ്പ കിട്ടി.

എടപ്പാളിലെ ചെറിയ കെട്ടിടം
2022 മുതൽ ചർച്ചകൾ നടന്നെങ്കിലും 2023ലാണ് ഷോപ്പ് തുടങ്ങുന്നത്. എടപ്പാളിലെ ഒരു കെട്ടിടം വാടകയ്ക്കെടുത്താണ് ഷോപ്പ് ഓപ്പൺ ചെയ്തത്. 'മഴവില്ല്' എന്ന് അർത്ഥം വരുന്ന 'അവാന' എന്നാണ് സംരംഭത്തിന് പേരിട്ടത്. അന്ന് ആകെ ഒരാൾ മാത്രമാണ് സഹായത്തിന് ഉണ്ടായിരുന്നത്. തുടക്കത്തിലെ ഒരു വർഷം നല്ല കഷ്ടപ്പാടായിരുന്നു. എന്നാൽ അതിൽ തളർന്നില്ല.
താരങ്ങളും ഒപ്പം
ഡിസെെൻ ചെയ്ത വസ്ത്രത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് മറിമായം സീരിയലിലെ സ്‌നേഹ ശ്രീകുമാർ ഒരു സാരി ചെയ്ത് തരുമോയെന്ന് ആവശ്യപ്പെട്ടിരുന്നു. അതും രണ്ട് ദിവസത്തിനുള്ളിൽ. ഞങ്ങൾ രണ്ട് ദിവസം കൊണ്ട് അത് ചെയ്തെങ്കിലും ഡെലിവറി ചെയ്യാൻ കഴിയാതെ വന്നു. അങ്ങനെ നേരിട്ട് ഷൂട്ടിംഗ് സെറ്റിൽ എത്തിയാണ് സാരി ഡെലിവറി ചെയ്തത്. അവിടെ എല്ലാവർക്കും ഞങ്ങളുടെ സാരി ഇഷ്ടമായി. അവിടെ നിന്ന് കുറച്ച് ഓർഡറുകൾ ലഭിച്ചിരുന്നു.

ശ്വേത മേനോൻ, റിമി ടോമി, ആനി, വീണ നന്ദകുമാർ, മൃദുല വാര്യർ, സിതാര കൃഷ്ണകുമാർ, ലക്ഷ്മി നക്ഷത്ര, ശ്രുതി രജനികാന്ത്, അശ്വതി ശ്രീകാന്ത് തുടങ്ങിയ നിരവധി താരങ്ങൾക്ക് വസ്ത്രം ഡിസെെൻ ചെയ്തിട്ടുണ്ട്. കൂടാതെ നടി മീനാക്ഷിയ്ക്ക് ഒരു വസ്ത്രം ഡിസെെൻ ചെയ്ത് കൊടുത്തിരുന്നു. അത് വലിയ രീതിയിൽ വെെറലായി. അതിന്റെ 120 പീസ് ഞങ്ങൾ വിറ്റു. വിദേശരാജ്യത്ത് നിന്ന് വരെ അത് വാങ്ങിയവരുണ്ട്. അതിന് ശേഷമാണ് വിദേശത്ത് നിന്ന് കൂടുതൽ വർക്ക് ലഭിച്ച് തുടങ്ങിയത്. പിന്നാലെ കൂടുതലും വസ്ത്രവിൽപനയ്ക്ക് സോഷ്യൽ മീഡിയ ഉപയോഗിച്ച് തുടങ്ങി.

വാടകകെട്ടിടത്തിൽ നിന്ന് സ്വന്തം കെട്ടിടത്തിലേക്ക്
രണ്ട് വർഷം കൊണ്ട് തന്നെ വാടക കെട്ടിടത്തിൽ നിന്ന് അവാന ഡിസെെൻസ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി. 2025 ഫെബ്രുവരിയിൽ മലപ്പുറം പൊറുക്കരയിലെ പുതിയ കെട്ടിടത്തിലേക്ക് മാറി. ഇപ്പോൾ 12 സ്റ്റാഫ് അവാന ഡിസെെൻസിന് ഉണ്ട്. അതിൽ കൂടുതലും കൊൽക്കത്തയിൽ നിന്നുള്ളവരാണ്. മലയാളികളും ഉണ്ട്.

ആവശ്യക്കാർ പല രാജ്യത്ത് നിന്നും
ഓസ്ട്രേലിയ, കാനഡ,യുകെ, മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഓർഡർ വരുന്നുണ്ട്. ഉത്തരേന്ത്യയിൽ നിന്നാണ് കൂടുതലും മെറ്റീരിയൽ എത്തിക്കുന്നത്. സാരിയല്ലാതെ ലഹംഗ, ഗൗൺ എന്നിവയും ഡിസെെൻ ചെയ്ത് നൽകും. ഓർഡർ ലഭിക്കുന്നത് അനുസരിച്ചാണ് ലാഭം വരുന്നത്. രണ്ട് ലക്ഷം വരെ വരുമാനം ലഭിച്ച മാസങ്ങൾ ഉണ്ടായിട്ടുണ്ട്. 10,000 രൂപ മുതലാണ് ഡിസെെനിംഗ് വസ്ത്രങ്ങൾക്ക് ഈടാക്കുന്നത്. ബ്ലൗസിന് സ്റ്റാർട്ടിംഗ് 5000 രൂപ മുതലുണ്ട്.
vaanahdesignerstudio - https://www.instagram.com/avaanahdesignerstudio/
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |