കൊച്ചി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് മാറ്റുന്നതിന് മുന്നോടിയായി പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ വിശദീകരണ യോഗങ്ങൾ നടത്തും. ഗോൾഡൻ കായലോരം, ഹോളിഫെയ്‌ത്ത് എന്നീ ഫ്ലാറ്റുകൾക്ക് ചുറ്റും താമസിക്കുന്നവരുടെ യോഗം സബ്കളക്ടർ സ്നേഹിൽ കുമാർ വിളിച്ചു.
ഹോളിഫെയ്‌ത്ത് പാർപ്പിട സമുച്ചയത്തിനടുത്ത് താമസിക്കുന്നവർക്ക് കുണ്ടന്നൂർ പെട്രോ ഹൗസിന് സമീപത്ത് വൈകീട്ട് മൂന്ന് മണിക്കും, ഗോൾഡൻ കായലോരം എന്ന ഫ്ലാറ്റിന് സമീപം താമസിക്കുന്നവർക്ക് വൈകീട്ട് അഞ്ച് മണിക്ക് ഫ്ലാറ്റ് പരിസരത്തുവച്ചുമാണ് യോഗം നടകത്തുക. ഈ ഫ്ലാറ്റുകൾക്ക് നൂറ് മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ യോഗത്തിന് എത്തണമെന്ന് സബ്കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ഇതിനടുത്തായി സ്ഥിതി ചെയ്യുന്ന ആറായിരത്തോളം വീടുകളെ അത് പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക പരിസരവാസികൾക്കുണ്ട്. ചെറിയൊരു വെടിക്കെട്ട് ഉണ്ടായാൽ പോലും ചില്ല് തകരുന്ന വീടുകളാണ് ഫ്ലാറ്റുകൾക്ക് ചുറ്റുമുള്ളതെന്ന് നാട്ടുകാർ നേരത്തെ പറഞ്ഞിരുന്നു. ഫ്ലാറ്റുകൾ പൊളിക്കാൻ തീരുമാനമെടുത്ത ശേഷം ഇടയ്‌ക്കിടെ പ്രദേശവാസികൾ നഗരസഭയിലെത്തി അധികൃതരോട് തങ്ങളുടെ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഫ്ലാറ്റുകൾ പൊളിക്കാൻ ചുമതലയുള്ള സബ്കളക്ടർ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ അതിന്റെ പ്രത്യാഘാതം എത്ര ദൂരത്തിൽ ഉണ്ടാകുമെന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് യോഗത്തിൽ വിശദീകരണം നൽകും.
അതേസമയം, ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത നഗരസഭാ യോഗത്തിൽ തീരുമാനമായില്ല. ഭരണ-പ്രതിപക്ഷ അംഗങ്ങൾ എതിർത്തതാണ് കാരണം. കൗൺസിൽ യോഗത്തിന്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. സുപ്രീം കോടതി നിർദ്ദേശിച്ച സമയപരിധിയ്ക്കുള്ളിൽ കാര്യങ്ങൾ നീങ്ങേണ്ടതിനാൽ ഇനി വിഷയം കൗൺസിൽ യോഗത്തിൽ വയ്ക്കേണ്ടതുണ്ടോയെന്ന ആശയക്കുഴപ്പത്തിലാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥസംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |