
പിണറായിക്ക് ഇറങ്ങിപ്പോകാൻ സമയമായി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേരളത്തിലെ മാത്രം പ്രശ്നമല്ലെന്നും ദേശീയതലത്തിൽ വിശ്വാസികളെ ബാധിക്കുന്നതാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വതന്ത്ര അന്വേഷണത്തിന് സർക്കാർ വഴങ്ങേണ്ടി വരും. ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാനാകാത്തവർക്ക് എങ്ങനെയാണ് വിശ്വാസം സംരക്ഷിക്കാൻ കഴിയുക. വിശ്വാസം സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പിണറായി വിജയന് ഇറങ്ങിപോകാൻ സമയമായി. സംസ്ഥാനത്തെ എൻ.ഡി.എ ജനപ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ നിഷ്പക്ഷ അന്വേഷണം നടത്തണം. അതിനായി ശക്തമായ പ്രക്ഷോഭം നടത്തണം.
കുറ്റക്കാർക്ക് രക്ഷപ്പെടാനുളള വൈറസ് ഇട്ടുള്ള എഫ്.ഐ.ആർ തയ്യാറാക്കിയാണ് അന്വേഷണം. രണ്ടു മന്ത്രിമാർ ജനമനസിൽ കുറ്റക്കാരായുണ്ട്. അവരെ എങ്ങനെയാണ് സർക്കാർ ന്യായീകരിക്കുക. കോൺഗ്രസ് നേതാക്കൾ പ്രതികളോടൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നു.
കേരളത്തിന് വികസനം വരണമെങ്കിൽ ബി.ജെ.പിയും മോദിസർക്കാരും ജയിക്കണം. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ബി.ജെ.പിയുടെ വിജയയാത്രയായിരുന്നു. ഇൗ വർഷവും അത് ആവർത്തിക്കും. കേരളം നേരിടുന്ന വലിയപ്രശ്നങ്ങൾ സുരക്ഷയും വികസനമില്ലായ്മയും വിശ്വാസം സംരക്ഷിക്കാനാകാത്തതുമാണ്. എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് ജയിച്ചാലും പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ശക്തികളായിരിക്കും ഭരിക്കുക.
എങ്ങനെയാണ് കേരളത്തിൽ സുരക്ഷയുണ്ടാകുക. പിണറായി വിജയൻ മുനമ്പത്തെ വഖഫ് ഭൂമി വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിച്ചത്. മുസ്ളീം സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണ്ടെന്നാണിവരുടെ നിലപാട്.മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നപ്പോൾ ഇരുമുന്നണികളും എതിർത്തു.അവർ വിഭജന രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു. ബി.ജെ.പിക്കെതിരെ ഒരുമിക്കുന്നു.ഇവർ ത്രിപുരയിലും ബംഗാളിലും ഒരുമിച്ചു.രണ്ടിടങ്ങളിലും അവർക്ക് പൂജ്യം സീറ്റാണിപ്പോൾ.കമ്മ്യൂണിസം ലോകത്ത് ഇല്ലാതായി.കോൺഗ്രസ് രാജ്യത്തും ഇല്ലാതായി.
ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ശബരിമലയിലെ അയ്യപ്പവിഗ്രഹം നൽകിയാണ് അമിത്ഷായെ സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷനായി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ,സദാനന്ദൻ മാസ്റ്റർ എം.പി, കേരളപ്രഭാരി പ്രകാശ്ജാവദേക്കർ,ഒ.രാജഗോപാൽ,വി.മുരളീധരൻ,കുമ്മനം രാജശേഖരൻ,കെ.സുരേന്ദ്രൻ,സി.കെ.പത്മനാഭൻ,എ.പി.അബ്ദുള്ളകുട്ടി,എം.ടി.രമേശ്,ശോഭാസുരേന്ദ്രൻ,അനൂപ് ആന്റണി,പി.സി.ജോർജ്,മേയർ വി.വി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി എസ്.സുരേഷ് സ്വാഗതവും ജില്ലാപ്രസിഡന്റ് കരമനജയൻ നന്ദിയും പറഞ്ഞു.
ബി.ജെ.പി മേയർ വന്നു
നാളെ മുഖ്യമന്ത്രി വരും
ഇപ്പോൾ ബി.ജെ.പിയുടെ മേയർ വന്നു. നാളെ താമര അടയാളത്തിൽ ജയിച്ച മുഖ്യമന്ത്രിവരും. കേരളത്തിൽ താമര വിരിയിക്കുക എളുപ്പമായിരുന്നില്ല. ബി.ജെ.പിയുടെ കൈയിൽ ഭരണം ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ലക്ഷക്കണക്കിന് പ്രവർത്തകരുടെ ആത്മ സമർപ്പണമായിരുന്നു. കേരളത്തിൽ നേടിയത് വലിയ വിജയമാണെന്നും അമിത് ഷാ പറഞ്ഞു.
''കോർപ്പറേഷനിൽ ബി.ജെ.പി മേയർ വരികയാണെങ്കിൽ പദ്മനാഭനെ വണങ്ങുമെന്ന് ഞാൻ പറഞ്ഞിരുന്നു. അതിനാണ് ഞാൻ ഇപ്പോൾ വന്നത്
- അമിത് ഷാ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |