
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാന കോർപ്പറേഷൻ ഭരണം പിടിച്ചതിന്റെ മാതൃകയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ പരമാവധി നേട്ടം ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ 'മിഷൻ 2026' തയ്യാറാക്കി ബി.ജെ.പി. വികസിത കേരളം, സുരക്ഷിത കേരളം, ശബരിമല വിശ്വാസ സംരക്ഷണം എന്നീ മുദ്രാവാക്യങ്ങളിലൂന്നിയുള്ളതാണ് മിഷൻ 2026. വോട്ട് വിഹിതം 30%ലെത്തിക്കുകയാണ് ലക്ഷ്യം. എൻ.ഡി.എ നേതൃയോഗവും ബി.ജെ.പി കോർ കമ്മിറ്റിയോഗവും ചേർന്നാണ് തയ്യാറാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തോടെ ഇത് പൂർണമായി ലോഞ്ച് ചെയ്യും.
വികസിത കേരളം മുൻനിറുത്തിയാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മൊത്തം വോട്ടിൽ വർദ്ധനയുണ്ടായെങ്കിലും ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളുടെ വോട്ടിലും പാർട്ടിയുടെ അടിസ്ഥാന വോട്ടിലും പ്രതീക്ഷിച്ച കുതിപ്പുണ്ടാക്കാനായില്ലെന്നാണ് വിലയിരുത്തൽ. അതുകണക്കിലെടുത്ത് മിഷൻ 2026ൽ ജമാഅത്തെ ഇസ്ളാമി, എസ്.ഡി.പി.ഐ എന്നിവരുണ്ടാക്കുന്ന മുസ്ളീം മതതീവ്രവാദത്തിനെതിരായ പോരാട്ടത്തിന് കൂടുതൽ ഉൗന്നൽ നൽകാനും തീരുമാനിച്ചു. ശബരിമല സ്വർണക്കൊള്ള കേസിൽ ശക്തമായ പോരാട്ടവും നടത്തും.
തദ്ദേശ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ മിഷൻ 2025നെകുറിച്ച് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അവതരിപ്പിച്ച റിപ്പോർട്ടിൽ ലക്ഷ്യങ്ങൾ കൈവരിക്കാനായിട്ടുണ്ടെന്ന് വിലയിരുത്തി. എല്ലാ സീറ്റിലും മത്സരിക്കുക, പാർട്ടിയിൽ ഗ്രൂപ്പ് പ്രവർത്തനം ഇല്ലാതാക്കുക,എൻ.ഡി.എ ജയിക്കുന്ന പ്രസ്ഥാനമാണെന്ന് സ്ഥാപിക്കുക, തലസ്ഥാന ഭരണം പിടിക്കുക, ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം ഇരട്ടിയാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിച്ചു.
14ൽ നിന്ന് 30 പഞ്ചായത്തുകളുടെ ഭരണം നേടിയതിന് പുറമെ 79പഞ്ചായത്തുകളിൽ രണ്ടാംകക്ഷിയായി. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ ശക്തമായിരുന്നെന്നും വിലയിരുത്തി. യോഗത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അഭാവം ശ്രദ്ധേയമായി.
മുഖ്യ എതിരാളി
യു.ഡി.എഫ്
യു.ഡി.എഫിനെ മുഖ്യഎതിരാളിയായി കണ്ടുള്ള പ്രചാരണമാകും മിഷൻ 2026ലൂടെ നടത്തുക. യു.ഡി.എഫിനെയും എൽ.ഡി.എഫിനേയും നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്ളാമിയും അവരുടെ അനുബന്ധ സംഘടനകളുമാണ്. ശബരിമലയിലും മുസ്ളീം തീവ്രവാദത്തിലും ഇടതു,വലതു മുന്നണികളുടെ സമാനനിലപാട് തുറന്നുകാട്ടും. മുസ്ളീംതീവ്രവാദത്തെ എതിർക്കുന്നവർക്ക് സുരക്ഷാപ്രതീക്ഷയായി എൻ.ഡി.എയെ അവതരിപ്പിക്കാനും മിഷൻ 2026 ലക്ഷ്യമിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |