
തിരുവനന്തപുരം : മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അഴിക്കുള്ളിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർണായക ഇടപെടലോടെയെന്ന് സൂചന. പരാതി ലഭിച്ച എസ്.ഐ.ടി കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള അടുത്ത നടപടികളിലേക്ക് കടക്കാനാണ് തീരുമാനിച്ചിരുന്നത്.
പരാതി നൽകിയാൽ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിക്ക് യുവതി ശബ്ദസന്ദേശം അയച്ചത്.
ക്രൂരപീഡനങ്ങൾ സന്ദേശത്തിൽ കരഞ്ഞുകൊണ്ട് യുവതി പറയുന്നു. ഇരയാകുന്ന സ്ത്രീകൾ ബുദ്ധിമുട്ടുകൾ സഹിച്ചാണ് പരാതിയുമായി മുന്നോട്ടു വരുന്നത്. ഈ കേസിലും ശക്തമായ നടപടി ഉണ്ടാകാതിരുന്നാൽ ഇയാൾ ഇനിയും രക്ഷപ്പെട്ടു പോകുകയല്ലേ ചെയ്യുന്നതെന്ന് യുവതി ചോദിക്കുന്നു.
തന്റെയും തന്റെ കുടുംബത്തിന്റെയും ജീവനു തന്നെ ഭീഷണിയുണ്ട്. ഈ ശബ്ദസന്ദേശം ഡി.ജി.പി കൈമാറികൊണ്ടാണ് അറസ്റ്റിന് തടസമുണ്ടോയെന്ന് മുഖ്യമന്ത്രി ആരാഞ്ഞത്. പുതിയ പരാതിയിൽ കോടതി നിർദ്ദേശം നിലവിലില്ലാത്തതിനാൽ തടസമില്ലെന്നായിരുന്നു ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ മറുപടി. എന്നാൽ ആയിക്കോട്ടെ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ രാഹുലിനെതിരായ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഡി.ഐ.ജി ജി.പൂങ്കുഴലിക്ക് ഡി.ജി.പി നിർദേശം നൽകി. അപ്പോഴേക്കും ഇന്നലെ രാത്രി എട്ട് മണി കഴിഞ്ഞു.
എസ്.ഐ.ടി ടീമിൽ പോലും അറസ്റ്റ് വിവരം പരസ്യപ്പെടുത്താതെ ഡി.ഐ.ജി പൂങ്കുഴലി ഷൊർണ്ണൂർ ഡി.വൈ.എസ്.പി മുരളീധരനെ ദൗത്യം നേരിട്ട് ഏൽപ്പിച്ചു. രാത്രി 11വരെ രാഹുലിന്റെ മുറിയിൽ സുഹൃത്തുക്കളുണ്ടായിരുന്നു. നിരീക്ഷിക്കാൻ ഹോട്ടലിൽ മറ്റൊരു മുറിയിൽ പൊലീസ് സംഘം ഉണ്ടായിരുന്നു. അറസ്റ്റിലേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പ് റിസപ്ഷനിലെ ഫോൺ ഉൾപ്പെടെ പൊലീസ് നിയന്ത്രണത്തിലാക്കി. കസ്റ്റഡിയിലെടുത്തശേഷം ഡിവൈ.എസ്.പി മുരളീധരൻ ഡി.ഐ.ജിയെ ഫോണിൽ വിളിച്ചപ്പോഴാണ് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് എത്തിക്കാൻ നിർദ്ദേശം നൽകിയത്.
രാഹുലിനെ തടഞ്ഞ് ഡി.വൈ.എഫ്.ഐ
യുവമോർച്ച
പ്രവർത്തകർ
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ വൈദ്യപരിശോധനയ്ക്കെത്തിച്ച പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ - യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. എ.ആർ ക്യാമ്പിലെ ചോദ്യം ചെയ്യലിനു ശേഷം 11.30നാണ് രാഹുലിനെ ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിന് മുന്നിൽ ജീപ്പെത്തിയതും പ്രതിഷേധമിരമ്പി. ജീപ്പിന്റെ ഡോർ തുറക്കാനാവാത്തവിധം പ്രവർത്തകർ വളഞ്ഞു. പിടിച്ചുമാറ്റാൻ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പൊലീസ് വലയത്തിലൂടെ രാഹുലിനെ ആശുപത്രിയിലേക്ക് കയറ്റി. ആസമയം പ്രവർത്തകർ കൂവി വിളിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊതിച്ചോർ ഉയർത്തിയും രാഹുലിനെതിരെ മുദ്രാവാക്യവിളിച്ചു. ജനറൽ ആശുപത്രിയിലെ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണത്തെ രാഹുൽ സോഷ്യൽ മീഡിയയിൽ വിമർശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |