
തോമസ് ഐസക്ക് ആദ്യമായി മന്ത്രിയായി വന്നപ്പോഴാണ് വി.ജി. മനമോഹനെ ആദ്യമായി കാണുന്നത്.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. കാണുമ്പോൾ വലിയ ഗൗരവപ്രകൃതം.പക്ഷെ അടുത്തപ്പോൾ എത്ര സ്നേഹസമ്പന്നൻ.ആ അടുപ്പം സഹോദരതുല്യ ബന്ധമായി വളരാൻ അധികസമയം വേണ്ടിവന്നില്ല. വി.എസ്.മന്ത്രിസഭയിൽ ഐസക്ക് വന്നപ്പോൾ എത്രയെത്ര വാർത്തകളാണ് ഞങ്ങൾ ചെയ്തത്. വാളയാറുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ധനവകുപ്പ് സെമിനാർ നടത്തിയപ്പോൾ അതോടൊപ്പം വിതരണം ചെയ്ത വലിയ ബുക്ക്ലെറ്റ് തുടങ്ങുന്നതു തന്നെ എന്റെ വാർത്തയോടെയായിരുന്നു.ഐസക്ക് സഖാവിന്റെ ഓഫീസ്
(അകാലത്തിൽ വിടപറഞ്ഞ കിച്ചുവടക്കം) ഒട്ടാകെ ഒരു സൗഹൃദച്ചരടിൽ കോർത്ത ബന്ധമായിരുന്നു.
മനമോഹനെന്നാണ് പേരെങ്കിലും മൻമോഹൻ എന്നാണ് വിളിച്ചിരുന്നത്.വളരെ ലളിതമായ
ജീവിതം. എന്നാൽ കേരളത്തിന്റെ പുരോഗതിയിൽ തന്റേതായ ഒരു പങ്കു വഹിച്ചാണ് മൻമോഹൻ മടങ്ങുന്നത്. ജനകീയാസൂത്രണം പ്രാവർത്തികമാക്കുന്നതിൽ മൻമോഹൻ വഹിച്ച പങ്ക് നിസ്തുലമാണ്. ചെറുപ്പത്തിലെ അച്ഛൻ മരിച്ചതിനാൽ സഹോദരങ്ങളുടെ വിദ്യഭ്യാസം ,വിവാഹം ഉൾപ്പെടെ എല്ലാ കാര്യങ്ങളും
ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്തു നിന്ന് നിറവേറ്റി. ജീവിതസഖിയെ ഒരു വർഷത്തിനുള്ളിൽ ക്യാൻസർ കവർന്നു. അസുഖവിവരം അറിഞ്ഞുകൊണ്ടുതന്നെയാണ് വിവാഹം ചെയ്തത്. ഐസക്ക് ധനകാര്യമന്ത്രിയായി തിളങ്ങിയെങ്കിൽ അതിനു മൻമോഹന്റെ പിന്തുണ വളരെ വലുതായിരുന്നു.
ഐസക്കിനൊപ്പം പ്രവർത്തിക്കുമ്പോൾ ആഴ്ചയിൽ ഒന്നു രണ്ടുതവണയെങ്കിലും കാണുമായിരുന്നു. ഉള്ളകാര്യം ഉള്ളപോലെ പറയും. നടക്കുന്ന കാര്യമാണെങ്കിലേ നടക്കൂയെന്ന് പറയൂ.അതായിരുന്നു പ്രകൃതം.
ഒരു കുന്ന് അസുഖങ്ങളുമായാണ് നടന്നത്. ജോലിത്തിരക്കിൽ അസുഖം മറന്നു. എന്നാൽ ഇടക്കിടെ ആശുപത്രിയിൽ കിടക്കും. വീണ്ടും ജോലി ചെയ്യും. പേസ് മേക്കർ വച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ സംസാരിക്കുമ്പോൾ നെഞ്ചിൽ പടപട എന്നൊരു ശബദം കേട്ടൂയെന്ന് പറഞ്ഞതായി സുഹൃുത്ത് സേതു (ഐസക്കിന്റെ സ്റ്റാഫിലെ അംഗം) പറഞ്ഞു.
തിരുവനന്തപുരത്ത് പത്രപ്രവർത്തകനായി വന്നശേഷം ഏറ്റവും അടുപ്പം പുലർത്തിയ വ്യക്തികളിൽ ഒരാളാണ് മൻമോഹൻ. എന്റെ അച്ചന്റെയും അമ്മയുടെയും വേർപാടിൽ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയിരുന്നു. വലിയ നഷ്ടമെന്നൊക്കെ പറഞ്ഞാൽ മതിയാവില്ല. ജീവിതം നാടിനായി സമർപ്പിച്ചു.വേദിക്കു മുന്നിൽ വരാതെ നോക്കി. നമ്മൾ ചെയ്യുന്നത് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. നിസ്വാർത്ഥ സേവനം..ഇന്ന് മൺവിളയിലെ വസതിയിൽ പോയി അന്ത്യാജ്ഞലി അർപ്പിച്ചു.അവിടെ വിഷണ്ണനായി ഇരിക്കുന്ന ഐസക്കിനെ കണ്ടു. തന്റെ വലംകൈ പോയ ദു:ഖഭാരം പ്രകടമായിരുന്നു.
വിട പ്രിയ മൻമോഹൻ, മായില്ല ആ മന്ദഹാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |