SignIn
Kerala Kaumudi Online
Tuesday, 13 January 2026 7.32 AM IST

വരൂ, കലയിൽ അലിഞ്ഞുചേരാം

Increase Font Size Decrease Font Size Print Page
s

പൂരങ്ങളുടെ നാട്ടിൽ ആവേശവും ആരവവും ഉയർന്നുകഴിഞ്ഞു. മേടമാസത്തിലെ പൂരം നാളിൽ പുരുഷാരം നിറയുന്ന പൂരം പോലെ കലയുടെ പുത്തൻ അനുഭൂതി നുകരാൻ പതിനായിരങ്ങൾ തൃശൂരിലെത്തുകയാണ്. ആദ്യദിനം മുതൽ നൃത്ത ഇനങ്ങൾ ചിലങ്കകെട്ടും. ഉദ്ഘാടനത്തിനുശേഷം തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയിൽ മോഹിനിയാട്ടത്തോടെ വേദി ഉണരും. തേക്കിൻകാടിലെ മറ്റൊരു വേദിയിൽ ഭരതനാട്യവും തിരവാതിരക്കളിയും അരങ്ങേറും. മിമിക്രി, ലളിതഗാനം, അറബനമുട്ട്, കേരളനടനം, തായമ്പക, മാർഗംകളി എന്നിവ ആദ്യദിനത്തെ സമ്പന്നമാക്കും. അവസാനവട്ട ഒരുക്കങ്ങളെല്ലാം മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും ചേർന്ന് വിലയിരുത്തിക്കഴിഞ്ഞു. സമയക്രമം പാലിക്കാനും മെെക്ക് പ്രശ്നങ്ങൾ ഒഴിവാക്കാനും അടക്കമുളള ജാഗ്രതയിലാണ് കമ്മിറ്റികൾ. 25 വേദികളിലും 20 താമസസ്ഥലങ്ങളിലും ഭക്ഷണശാലകളിലും വിവിധ കമ്മിറ്റികളുടെ ഓഫീസുകളിലും ഘോഷയാത്രകളിലും ശബ്ദ, വെളിച്ച സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. ഇതിനായുള്ള വൈദ്യുതി ജനറേറ്റർ ഉപയോഗിച്ച് ലഭ്യമാക്കി. അംഗീകൃത സൗണ്ട് എൻജിനീയർമാർ പരിശോധിച്ച് ശബ്ദസംവിധാനം പര്യാപ്തമാണെന്ന് ഉറപ്പ് വരുത്തി. കലാമേളയ്ക്ക് എത്തുന്നവർക്ക് രാത്രിഭക്ഷണം നൽകാൻ ഭക്ഷണകലവറയും തയ്യാർ. 18 ന് രാത്രി വരെ കലവറയ്ക്ക് വിശ്രമമില്ല. മറ്റു ജില്ലകളിലെ സ്വീകരണത്തിനുശേഷം സ്വർണക്കപ്പ് ജില്ലയിലെത്തിക്കഴിഞ്ഞു. രാവിലെ ഒമ്പതിന് ചാലക്കുടിയിലായിരുന്നു ആദ്യസ്വീകരണം. തുടർന്ന് കൊടുങ്ങല്ലൂർ, കയ്പമംഗലം, നാട്ടിക, മണലൂർ, ഗുരുവായൂർ, കുന്നംകുളം, ചേലക്കര എന്നീ മണ്ഡലങ്ങളിൽ സ്വീകരണം നൽകി. ഘോഷയാത്രയായാണ് സ്വർണ്ണക്കപ്പ് വേദിയിൽ എത്തിക്കുന്നത്.

പൂരത്തിന്റെ മോടിയോടെ

സംസ്ഥാന കലോത്സവത്തിന് വിദ്യാർത്ഥികളെ വരവേൽക്കാൻ മിനി ‘തൃശൂർ പൂര’വുമുണ്ട്. ജില്ലയുടെ തനത് പാരമ്പര്യം മറ്റുള്ളവരിലേക്ക് എത്തിക്കാനാണ് കലോത്സവത്തിന്റെ ആദ്യദിനം പ്രധാനവേദിയായ തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ട് ‘സൂര്യകാന്തി ’ പൂരപ്പറമ്പാക്കുന്നത്. 64–ാമത് കലോത്സവത്തിന് 64 വർണക്കുടകളോടെയാണ് കുട്ടികളെ സ്വീകരിക്കുന്നത്. ഇലഞ്ഞിത്തറമേളത്തിന് സമാനമായി പാണ്ടിമേളം ഒരു മണിക്കൂർ അരങ്ങേറുമ്പോൾ, പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയൻ മാരാരും ചെറുശേരി കുട്ടൻ മാരാരും പ്രാമാണികത്വം വഹിക്കും. 13 മുതൽ നഗരത്തിൽ നൈറ്റ് ഷോപ്പിങ്ങിനുള്ള സൗകര്യവുമുണ്ട്. രാത്രി 10 വരെ തൃശൂരിൽ നിന്ന് ചെറുവഴികളിലേക്ക് ബസ് സർവീസുകൾ നടത്തുന്നുണ്ട്.

ഓർമ്മകളിൽ മായാതെ അവർ

കലോത്സവങ്ങളെ കുറിച്ച് പറയുമ്പോൾ മനസിൽ തെളിയുന്ന കുറേ മുഖങ്ങളുണ്ട്. തൃശൂരുകാർ കൂടുതൽ മിഴിവോടെ ഓർക്കുന്ന രണ്ടു പേരുണ്ട്. വൈലോപ്പിള്ളി മാഷും ഭാവഗായകൻ പി. ജയചന്ദ്രനും. തൃശൂരുകാരുടെ സ്വന്തം ജയേട്ടന്റെ മരിക്കാത്ത ഓർമ്മകൾക്ക് ഒരാണ്ട് കഴിഞ്ഞു. കഴിഞ്ഞവർഷം സ്‌കൂൾ കലോത്സവത്തിന്റെ ആരവങ്ങൾക്ക് തിരുവനന്തപുരത്ത് തിരശ്ശീല വീണതിന്റെ പിറ്റേന്നായിരുന്നു നാദസൗഭഗത്തിന്റെ ശ്രുതിതാഴ്ത്തി അദ്ദേഹം യാത്രയായത്. ഇക്കൊല്ലത്തെ കലോത്സവത്തിന് പ്രിയഗായകനുണ്ടായിരുന്നെങ്കിൽ, ആ ശബ്ദമൊന്ന് കേട്ടിരുന്നെങ്കിൽ എന്ന് മോഹിക്കാത്തവരില്ല. 2018ൽ സ്‌കൂൾ കലോത്സവം തൃശൂരിൽ നടന്നപ്പോൾ വേദിയിൽ ജയചന്ദ്രനുണ്ടായിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥായിരുന്നു ക്ഷണിച്ചത്. 'മഞ്ഞലയിൽ മുങ്ങിത്തോർത്തി..." എന്ന ഗാനത്തിന്റെ നാലുവരി ആലപിച്ചപ്പോൾ ജനം ആർത്തിരമ്പി. മത്സരാർത്ഥികൾക്ക് ആവേശമായി. യഥാർത്ഥ പ്രതിഭയാണെങ്കിൽ നിങ്ങൾക്ക് സമ്മാനം ലഭിക്കുമെന്നും പ്രതിഭകൾ എന്നായാലും അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ദാസേട്ടനുമായി കലോത്സവത്തിൽ പങ്കെടുത്തതിന്റെ അനുഭവങ്ങളും പങ്കിട്ടു. 1958ൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ ഒന്നാം സമ്മാനം ലഭിച്ചവർ ചേർന്ന് കച്ചേരി അവതരിപ്പിച്ചിരുന്നു. ആ ചിത്രത്തിലെ ഗായകൻ വായ്പാട്ടിൽ ഒന്നാമതെത്തിയ എറണാകുളം പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസിലെ യേശുദാസനായിരുന്നു. മൃദംഗം വായിച്ചത് ലയവാദ്യത്തിൽ ഒന്നാമതെത്തിയ ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂളിലെ ജയചന്ദ്രൻ കുട്ടനും. യേശുദാസൻ ഗാനഗന്ധർവനും ജയചന്ദ്രൻ കുട്ടൻ ഭാവഗായകനുമായി. 1958ലെ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ജയചന്ദ്രന് മൃദംഗത്തിൽ ഒന്നാംസ്ഥാനവും ലളിതഗാനത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. തൊട്ടടുത്ത വർഷം വായ്പാട്ടിൽ ജയചന്ദ്രൻ ഒന്നാമനായി. ഇരിങ്ങാലക്കുട നാഷണൽ സ്‌കൂളിലെ കെ.വി.രാമനാഥൻ മാഷായിരുന്നു ജയചന്ദ്രനിലെ ഗായകനെ തൊട്ടുണർത്തിയത്. ഏറെക്കുറെ അന്തർമുഖനായിരുന്ന പാലിയത്ത് ജയചന്ദ്രൻ കുട്ടൻ എന്ന പതിമൂന്നുകാരൻ വെള്ളിയാഴ്ച വൈകിട്ടുള്ള സാഹിത്യസമാജം പീരിയഡിൽ പാടിക്കേട്ട ഒരു തമിഴ് പാട്ട് ഓർമ്മയിൽ സൂക്ഷിച്ചിരുന്നു രാമനാഥൻ മാഷ്. അതേവർഷം നാഷണൽ സ്‌കൂളിന്റെ പ്രതിനിധിയായി ആ പാട്ടുകാരൻ കുട്ടനെ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുപ്പിച്ചതും മാഷായിരുന്നു. ഇന്ന് മാഷും ജയചന്ദ്രനുമില്ല. ഫുട്‌ബോൾ ടൂർണമെന്റിൽ സ്വർണ്ണക്കപ്പിന് മത്സരിക്കുമ്പോൾ എന്തുകൊണ്ട് കലോത്സവത്തിൽ ആയിക്കൂടാ? 40 വർഷം മുൻപ് മഹാകവി വെെലോപ്പിളളി ഉന്നയിച്ച ചോദ്യത്തിനുത്തരമായാണ് സ്വർണ്ണക്കപ്പ് പിറന്നത്. പക്ഷേ, അതേ വർഷം കവി മടങ്ങി, ആ പൊൻശിൽപ്പത്തിന്റെ പിറവി കാണാതെ... ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലകൾക്കുളള 117.5 പവൻ സ്വർണ്ണക്കപ്പിന് പ്രായം അടുത്ത വർഷം 40 തികയും. 1985ൽ എറണാകുളത്ത് കലോത്സവം നടക്കുമ്പോൾ വിധികർത്താവായി എത്തിയ വൈലോപ്പിള്ളിക്ക് തോന്നിയ ആശയമായിരുന്നു കപ്പിന്റെ പിറവിക്ക് പിന്നിൽ. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചപ്പോൾ, വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം. ജേക്കബും സമ്മതിച്ചു. വിദ്യയും കലയും കവിതയും നാദവും ചേർന്ന ശില്‍പ്പമായിരുന്നു കവിയുടെ ഭാവനയിൽ. അതുപോലെ കലാദ്ധ്യാപകനായ ശ്രീകണ്ഠൻ നായർ വീട്ടിമരത്തിൽ രൂപകല്‍പ്പന തയ്യാറാക്കി. 101 പവനുള്ള സ്വർണക്കപ്പായിരുന്നു വൈലോപ്പിള്ളിയുടെ മോഹം. ഒടുവിൽ, പണി തീർന്നപ്പോഴേക്കും 117.5 പവനായി. 1987ൽ കോഴിക്കോട് നടന്ന കലോത്സവത്തിൽ തിരുവനന്തപുരം ആദ്യമായി കപ്പിൽ മുത്തമിട്ടു. സ്വർണ്ണക്കപ്പിന്റെ ആശയം വിദ്യാഭ്യാസവകുപ്പിനോട് നിർദ്ദേശിച്ചത് വെെലോപ്പിളളി മറ്റാരോടും പറഞ്ഞില്ല. കുടുംബത്തേയും അറിയിച്ചില്ല. അദ്ദേഹത്തിന്റെ മനസിൽ വലിയൊരു മോഹമായി അത് ശേഷിച്ചു. 1985 ഡിസംബർ 22 ന് മലയാള കവിതയുടെ കന്നിക്കൊയ്‌ത്തുകാരൻ ആ സുവർണ്ണശിൽപ്പം കാണാതെ മടങ്ങി. സ്വർണ്ണം പവന് ഒരു ലക്ഷവും കടന്നു. കപ്പിന്റെ മൂല്യം ഒരു കോടിയിലേറെയുമായി. പക്ഷേ, ആ കാവ്യാത്മകമായ ആശയസാക്ഷാത്കാരം ഇന്നും അമൂല്യമായി തുടരുന്നു.

TAGS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.