
വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നതെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയുടെ ജീവിതം. സ്വപ്നത്തെ മുറുകെ പിടിച്ച്, ആത്മവിശ്വാസത്തോടെ കഠിനാദ്ധ്വാനം ചെയ്താൽ ഉയരങ്ങൾ കീഴടക്കാമെന്നതാണ് അവരുടെ തിയറി. പഠിക്കാൻ മിടുക്കിയായിരുന്ന അനുകുമാരിക്ക് സ്കൂൾ പഠന കാലയളവുമുതൽ സിവിൽ സർവീസായിരുന്നു സ്വപ്നം. ഐ.എ.എസ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ കൈമുതലായി ഉണ്ടായിരുന്നത് കഠിനാധ്വാനം ചെയ്യാനുള്ള മനസും പൂർണ പിന്തുണ നൽകിയ കുടുംബവുമായിരുന്നു.രണ്ടര വയസുള്ള മകൻ വിയാനെ തന്റെ അമ്മയെ ഏല്പിച്ച് ആരംഭിച്ച പഠനമാണ് ലക്ഷ്യത്തിലെത്തിയത്. അമ്മ എന്ന നിലയിൽ മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞില്ലെങ്കിലും മകന്റെ കാര്യങ്ങൾ നോക്കുകയും അതിനിടയിൽ പഠനത്തിനായി സമയം കണ്ടെത്തുകയും ചെയ്തു.
ഹരിയാന സ്വദേശിയായ അനുകുമാരി, പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഡൽഹി ഹിന്ദു കോളേജിൽ നിന്ന് ബി.എസ്‌സി ഫിസിക്സും നാഗ്പൂരിൽ എം.ബി.എയും പൂർത്തിയാക്കി. തുടർന്ന് സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചു. ഇതിനിടെയായിരുന്നു വിവാഹം. കുഞ്ഞ് കൂടി ജനിച്ചെങ്കിലും തന്റെ ഉറക്കം കെടുത്തിയ സ്വപ്നത്തെ ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. മകനെ അമ്മയെ ഏല്പിച്ച്, ജോലി ഉപേക്ഷിച്ച് പഠനം പുനരാരംഭിച്ചു. ബിസിനസുകാരനായ ഭർത്താവ് വരുൺ ദഹിയയും പിതാവ് ബൽജിത് സിംഗും അമ്മ സന്തരോദേവിയും പൂർണ പിന്തുണ നൽകി.
ആദ്യ ശ്രമത്തിൽ കേവലം രണ്ടു മാർക്കിന്റെ വ്യത്യാസത്തിൽ അവസരം നഷ്ടപ്പെട്ടെങ്കിലും രണ്ടാം ശ്രമത്തിൽ രണ്ടാം റാങ്കോടെ വിജയിച്ചു. 2018 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയായ അനുകുമാരി തിരുവനന്തപുരം അസി. കളക്‌ടറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2020 സെപ്തംബറിൽ തലശേരി സബ് കളക്ടറായി. ചുരുങ്ങിയ കാലയളവിനിടെ സംസ്ഥാനത്തെ ഏറ്റവും മികച്ച സബ് കളക്ടർ എന്ന അഭിമാന നേട്ടവും തേടിയെത്തി.
തിരുവനന്തപുരം ജില്ലാ വികസന കമ്മിഷണറായും കേരള സംസ്ഥാന ഐ.ടി മിഷന്റെ ഡയറക്ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. നിലവിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നിരീക്ഷണ സമിതിയുടെ അദ്ധ്യക്ഷ ചുമതലയും വഹിക്കുന്നുണ്ട്.
ചിട്ടയോടെ പഠനം
രണ്ടര വയസുള്ള മകന്റെ ഒപ്പം നിൽക്കാതെ പഠനം തുടർന്നതിൽ പലരും കുറ്റപ്പെടുത്തിയെങ്കിലും കുടുംബം ഒപ്പം നിന്ന് പിന്തുണച്ചു. സമയം ക്രമീകരിച്ച് ചിട്ടയോടെയുള്ള പഠനം വിജയം നേടി.
''ഐ.എ.എസ് എന്ന മൂന്നക്ഷരത്തിലൂടെ സമൂഹത്തിൽ നിരവധി അവസരങ്ങളാണ് ലഭിക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കാം, വയോജനങ്ങൾക്ക് ആശ്രയമാകാം, അങ്ങനെ നിരവധി കാര്യങ്ങൾ. സിവിൽ സർവീസിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർ കഠിനാദ്ധ്വാനവും ആത്മവിശ്വാസവും ഒരിക്കലും നഷ്ടപ്പെടുത്തരുത്. നമ്മുടെ ഉത്തരവാദിത്വങ്ങളും പരിമിധികളും ഒരിക്കലും സ്വപ്നത്തിലേക്കുള്ള അതിരുകളാകരുത്.""
-അനു കുമാരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |