
ബംഗളുരു : വീട് നിർമ്മാണത്തിനോ കിണറിനോ കൃഷി ആവശ്യങ്ങൾക്കായോ ഭൂമി കുഴിക്കുമ്പോൾ നിധി കിട്ടിയ സംഭവങ്ങൾ മുമ്പ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു സംഭവമാണ് ബംഗളുരുവിൽ ഉണ്ടായത്. ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ് സംഭവം. വീടിന് വേണ്ടി അടിത്തറ നിർമ്മിക്കുന്നതിനായി തൊഴിലാളികൾ ഭൂമി കുഴിച്ചപ്പോഴാണ് ഇവർക്ക് ഒരു പുരാതന ചെമ്പ് പാത്രം കിട്ടിയത്. പാത്രത്തിൽ മാലകൾ, വളകൾ, മോതിരങ്ങൾ തുടങ്ങിയ സ്വർണാഭരണങ്ങളുടെ ശേഖരം കണ്ടെത്തി. ഏകദേശം ഒരു കിലോ ഗ്രാം സ്വർണാഭരണമാണ് കണ്ടെത്തിയത്. ഇവയ്ക്ക് 60-70 ലക്ഷം രൂപ വരുമെന്നും സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സ്വർണം കണ്ടെത്തിയത് ഗ്രാമത്തലവൻമാരെ അറിയിച്ചതിന് പിന്നാലെ അവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കണ്ടെടുത്ത വസ്തുക്കൾ ആദ്യം അടുത്തുള്ള ക്ഷേത്രത്തിലേക്ക് കനത്ത പൊലീസ് ബന്തവസിൽ സൂക്ഷിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിൽ പരിശോധന നടത്തിയ ശേഷം ആഭരണങ്ങൾ സർക്കാർ ട്രഷറിയിലേക്ക് മാറ്റി.
ക്ഷേത്രങ്ങളുടെ പറുദീസ എന്നാണ് ലക്കുണ്ടി അറിയപ്പെടുന്നത്. 11-12 നൂറ്റാണ്ടുകളിലെ നിരവധി ക്ഷേത്രങ്ങളുടെയും പടവുകളുള്ള കിണറുകളുടെയും പേരിൽ പ്രസിദ്ധമാണ് ഇവിടം. ആഭരണങ്ങളുടെ കാലപ്പഴക്കം പരിശോധിച്ച് കണ്ടെത്തിയ ശേഷം നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |