
തിരുവനന്തപുരം: ഒത്തൊരുമയുടെ ആവേശത്തിൽ ഭരണത്തിലേക്കുള്ള തിരിച്ചുവരവിന് കച്ച മുറുക്കുന്ന കോൺഗ്രസ്, നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിലേക്ക് ഇക്കാര്യത്തിൽ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് ഹൈക്കമാൻഡ് കെ.പി.സി.സി നേതൃത്വവുമായി ആശയ വിനിമയം നടത്തി.
നിലവിലെ എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം . എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവർ ഇന്ന് തലസ്ഥാനത്തുണ്ട്. എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയും
മറ്റംഗങ്ങളും ഇന്നെത്തും. നാളെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തുടങ്ങും. വയനാട്ടിൽ നടന്ന നേതൃക്യാമ്പിലെ ചർച്ചകളുടെയും തീരുമാനങ്ങളുടെയും പശ്ചാത്തലത്തിലാവും
തുടർ പ്രവർത്തനങ്ങൾ. ഗ്രൂപ്പിന്റെയോ, നേതാക്കളുടെ പിടിവാശിയുടെയോ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥി നിർണയം അനുവദിക്കില്ലെന്നതാണ് ഹൈക്കമാൻഡ് നിലപാട്. വിജയം മാത്രമായിരിക്കും മാനദണ്ഡം. ഓരോ മണ്ഡലത്തിലേക്കും സ്ക്രീനിംഗ് കമ്മിറ്റിയും സംസ്ഥാന കോർ കമ്മിറ്റിയും ചർച്ച നടത്തി തയ്യാറാക്കുന്ന മൂന്ന് പേരടങ്ങുന്ന പട്ടിക എ.ഐ.സി.സിക്ക് സമർപ്പിക്കണം. അന്തിമ തീരുമാനവും പ്രഖ്യാപനവും
അവിടെയാവും.
ഓരോ മണ്ഡലത്തിലെയും സാദ്ധ്യതകളെക്കുറിച്ച് കനഗോലുവിന്റെയും ദീപാദാസ്
മുൻഷിയുടെയും റിപ്പോർട്ടുകൾ പരിഗണിക്കപ്പെടും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
തയ്യാറാക്കിയ, വിജയ സാദ്ധ്യതയുള്ള 60 ഓളം മണ്ഡലങ്ങളുമുണ്ട്.കെ.പി.സി.സി അദ്ധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാർ എന്നിവരടങ്ങിയ കോർ കമ്മിറ്റിയുടെ തീരുമാനവും പ്രധാനം. സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാൻ യു.ഡി.എഫ് ഘടകകക്ഷികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
രാഹുൽ വീണ്ടും
തലവേദന
സാഹചര്യങ്ങളെല്ലാം അനുകൂലമായ ഘട്ടത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്. ശബരിമല വിഷയത്തിലും പി.എംശ്രീ ഉൾപ്പെടെയുള്ള വിവാദങ്ങളിലും സർക്കാരിനെ പ്രതിപക്ഷം പ്രതിക്കൂട്ടിൽ നിറുത്തിയിരുന്ന ഘട്ടത്തിലാണിത്. പാർട്ടിക്കു പുറത്തുള്ള ആളിന്റെ കാര്യത്തിൽ തങ്ങൾക്ക് ബാദ്ധ്യതയില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുമ്പോഴും, തനിക്ക് ജനപിന്തുണയുണ്ടെന്നും, വീണ്ടും മത്സരിക്കുമെന്നുമാണ് അകത്താവും മുമ്പ് രാഹുൽ നടത്തിയ വെല്ലുവിളി. രാഹുലിനെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കുക കോൺഗ്രസിന് തലവേദനയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |