
കൊച്ചി: നടി കേസിൽ അതിജീവിതയുടെ അഭിഭാഷകയായിരുന്ന ടി.ബി. മിനിയെ രൂക്ഷമായി വിമർശിച്ച് എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. വിചാരണയ്‌ക്കിടെ പത്തു ദിവസം മാത്രമാണ് അഭിഭാഷക കോടതിയിലെത്തിയത്. അര മണിക്കൂറിൽ താഴെയാണ് ആ ദിവസങ്ങളിൽ സാന്നിദ്ധ്യമുണ്ടായിരുന്നത്. മിക്കപ്പോഴും ഉറക്കമായിരുന്നു. എന്നിട്ടാണ് തന്റെ വാദങ്ങൾ പരിഗണിച്ചില്ലെന്ന് പറയുന്നത്.നടി കേസുമായി ബന്ധപ്പെട്ട കോടതിഅലക്ഷ്യ ഹർജികൾ പരിഗണിക്കവേയാണ് ജഡ്ജി ഹണി എം. വർഗീസിന്റെ വിമർശനം.
കേസിൽ നടൻ ദിലീപിനെയടക്കം വെറുതേ വിട്ട വിധിയെ വിമർശിച്ച് അഡ്വ. മിനി പല അഭിമുഖങ്ങളും നൽകിയിരുന്നു. വിധി വന്ന ദിവസം പ്രതിഷേധ സൂചകമായി വിട്ടുനിൽക്കുകയും ചെയ്തു. ഇന്നലെ കോടതിഅലക്ഷ്യ കേസുകൾ പരിഗണിച്ചപ്പോഴും മിനി ഹാജരായില്ല. ജൂനിയറാണ് എത്തിയത്. തുടർന്നായിരുന്നു കോടതിയുടെ പരാമർശം.
മാദ്ധ്യമ പ്രവർത്തകൻ എം.വി. നികേഷ്‌കുമാർ, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്, അഡ്വ. എ. ജയശങ്കർ തുടങ്ങിയവർക്കെതിരെ ദിലീപ് അടക്കം നൽകിയ കോടതിഅലക്ഷ്യ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. രഹസ്യ വിചാരണയിലെ വിവരങ്ങൾ പ്രസിദ്ധീകരിച്ചതും പറഞ്ഞതുമായി ബന്ധപ്പെട്ടാണിത്.
വ്യക്തിഹത്യയെന്ന്
അഡ്വ.ടി.ബി. മിനി
വിചാരണക്കോടതി ജഡ്ജി നടത്തിയത് വ്യക്തിപരമായ അധിക്ഷേപമാണെന്നും കോടതി അങ്ങനെ പറയാൻ പാടില്ലായിരുന്നെന്നും അഡ്വ. ടി.ബി. മിനി പ്രതികരിച്ചു. നടി കേസിൽ ഹൈക്കോടതിയിലും ഹാജരാകാറുണ്ട്. ഹൈക്കോടതി ജഡ്ജിമാർ ആരും തന്നെ വിമർശിച്ചിട്ടില്ല. ഒരു നല്ല ലക്ഷ്യത്തിന് വേണ്ടിയാണ് താൻ പോരാടിയത്. അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ഇരയുടെ അഭിഭാഷകയ്ക്ക് വിചാരണയിൽ കാര്യമായ റോളില്ല. കോടതിയുടെ അനുമതിയില്ലാതെ വാദങ്ങൾ ഉന്നയിക്കാനുമാകില്ലെന്ന് മിനി പറഞ്ഞു.
നടി കേസ്:
പ്രതി മാർട്ടിന്റെ
അപ്പീൽ മാറ്റി
കൊച്ചി: നടിയെ പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാംപ്രതി മാർട്ടിൻ ആന്റണി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. പ്രതികളിൽ മറ്റ് രണ്ടു പേരുടെ അപ്പീലുകൾ ഫെബ്രുവരി നാലിന് വാദത്തിന് വച്ചിരിക്കുന്ന സാഹചര്യത്തിൽ അവയ്ക്കൊപ്പം പരിഗണിക്കാമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. എറണാകുളം സെഷൻസ് കോടതി 20 വർഷം കഠിനതടവിനു ശിക്ഷിച്ചതിനെ ചോദ്യം ചെയ്താണ് മാർട്ടിന്റെ അപ്പീൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |