
ന്യൂഡൽഹി: കോമൺവെൽത്ത് രാജ്യങ്ങളിലെ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം (സി.എസ്.പി.ഒ.സി) നാളെ മുതൽ 16വരെ ഡൽഹിയിൽ നടക്കും. ജനുവരി 15 ന് സംവിധാൻ സദന്റെ (പഴയ പാർലമെന്റ്) സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനം ഉദ്ഘാടനം ചെയ്യും.
പാകിസ്ഥാൻ,ബംഗ്ളാദേശ് പ്രതിനിധികളുണ്ടാകില്ലെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള പറഞ്ഞു. 42 കോമൺവെൽത്ത് രാജ്യങ്ങൾ പങ്കെടുക്കും. സി.എസ്.പി.ഒ.സി പ്രധാന സെക്ഷനുകൾ സെൻട്രൽ ഹാളിലും സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചെങ്കോട്ടയിലുമാണ് നടക്കുക. പാർലമെന്റുകളിലെ എ.ഐ സ്വാധീനം,പാർലമെന്റേറിയൻമാരിൽ സാമൂഹിക മാദ്ധ്യമങ്ങളുടെ സ്വാധീനം,വോട്ടിംഗിനപ്പുറം പാർലമെന്റിലെ പൗരന്മാരുടെ പങ്കാളിത്തം,പാർലമെന്റ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ,ആരോഗ്യം,ക്ഷേമം എന്നിവയാണ് സമ്മേളനം ചർച്ച ചെയ്യുക. പ്രത്യേക പ്ലീനറി സെഷനിൽ ലോക്‌സഭാ സ്പീക്കർ മുഖ്യപ്രഭാഷണം നടത്തും.
ഇ-സിഗരറ്റ് ഉപയോഗം:
നടപടിയുണ്ടാകും
കഴിഞ്ഞ സമ്മേളനത്തിൽ തൃണമൂൽ എം.പി ലോക്‌സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചതായുള്ള ആരോപണം തെളിഞ്ഞാൽ 'മാതൃകാപരമായ ശിക്ഷ' നടപടിയുണ്ടാകുമെന്ന് സ്‌പീക്കർ ഓം ബിർള. സഭയുടെ പവിത്രത തകർക്കാൻ ആർക്കും അവകാശമില്ല. വിഷയം അന്വേഷണത്തിലാണെന്നും തുടർനടപടികൾക്കായി പിന്നീട് സഭയുടെ ഉചിതമായ ഒരു കമ്മിറ്റിക്ക് റഫർ ചെയ്യുമെന്നും സ്പീക്കർ പറഞ്ഞു.
സഭയ്ക്കുള്ളിൽ മര്യാദ പാലിക്കേണ്ടതുണ്ട്. അല്ലാത്തവർ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് ശിക്ഷിക്കപ്പെടും- സ്പീക്കർ കൂട്ടിച്ചേർത്തു.
പാർലമെന്റ് നടപടിക്രമങ്ങളുടെ 22 ഇന്ത്യൻ ഭാഷകളിൽ പരിഭാഷപ്പെടുത്താൻ ഭാവിയിൽ എ.ഐ ടൂളുകൾ ഉപയോഗിക്കുമെന്നും സ്‌പീക്കർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |