SignIn
Kerala Kaumudi Online
Thursday, 15 January 2026 3.03 AM IST

ഓടരുതമ്മാവാ ആളറിയാം!

Increase Font Size Decrease Font Size Print Page
s

ശബരിമല അയ്യപ്പന്റെ വാഹനം കുതിരയാണ്. ഒരുമാതിരിപ്പെട്ടവരൊക്കെ ധരിച്ചിരിക്കുന്നത് പുലിയാണെന്നാണ്. കാരണം, പുലിപ്പുറത്തിരുന്ന് അമ്പും വില്ലും ധരിച്ചുവരുന്ന ശാസ്താവിന്റെ ചിത്രമാണ് സാധാരണ കണ്ടിട്ടുള്ളത്. എന്നാൽ അതല്ല അയ്യപ്പന്റെ വാഹനം. അമ്പലങ്ങളിലെ കൊടിമരത്തിന്റെ മുകളിൽ അതത് പ്രധാന വിഗ്രഹങ്ങളുടെ വാഹനങ്ങളാണ് സ്ഥാപിക്കാറുള്ളത്. ശബരിമലയിലെ സ്വർണം പൂശിയ കൊടിമരത്തിനു മുകളിൽ വാജിവിഗ്രഹം അഥവാ, കുതിരയുടെ രൂപമാണ് വച്ചിട്ടുള്ളത്.

നമ്മുടെ വിഷയം കുതിരയല്ല. തത്കാലം, അത് ജയിലിൽ കിടക്കുന്ന തന്ത്രിയാണ്. തന്ത്രി എന്തു കുറ്റം ചെയ്തു എന്ന് അദ്ദേഹത്തിന്റെ ഒരു ബന്ധുവും അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ മാന്യദേഹവുമായ രാഹുൽ ഈശ്വർ ഒരു ചാനൽ ചർച്ചയിൽ ശബ്ദമുയർത്തി ആവർത്തിച്ച് ചോദിക്കുന്നതു കേട്ടു. ജയിലിടിഞ്ഞാലും അമ്മാവന് ഇറങ്ങാൻ കഴിയാത്ത സാഹചര്യം സ‌ൃഷ്ടിക്കാനാണോ അദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്നറിയില്ല. എന്തായാലും, ഇയാൾ അമ്മാവനു വേണ്ടി കൂടുതൽ വാദിച്ചാൽ 'ഓടരുതമ്മാവാ ആളറിയാം" എന്ന് എല്ലാവരും പറയുന്ന അവസ്ഥയാവും ഉണ്ടാവുക.

തന്ത്രി ജയിലിലായതിന്റെ പ്രധാന കാരണം വാജിവിഗ്രഹം വീട്ടിൽ കൊണ്ടുപോയി വച്ചതാണ്. സന്നിധാനത്തല്ലാതെ അത് എവിടെകൊണ്ട് വവച്ചാലും അതിന് ഉത്തരവാദിയായ ഗൃഹസ്ഥൻ ഓടിക്കൊണ്ടിരിക്കും! അത് അയ്യപ്പന്റെ വാഹനമാണ്. ആരുടെയും വീട്ടിൽ കൊണ്ടുപോയി വയ്ക്കാനുള്ളതല്ല. അയ്യപ്പൻ അതിൽ കയറിയാൽ മാത്രമേ കുതിര അനുസരിക്കുകയും പറയുന്ന ലക്ഷ്യത്തിലേക്ക് പോവുകയും ചെയ്യൂ. അയ്യപ്പൻെറ പിതൃസ്ഥാനമാണ് തന്ത്രിക്കുള്ളതെങ്കിലും മകൻെറ സ്വത്തിലും വാഹനത്തിലും ഒരു അവകാശവുമില്ല. ഒരു കരണ്ടിപോലും ശബരിമലയിൽനിന്നെടുത്ത് വീട്ടിൽ കൊണ്ടുപോകാൻ പാടില്ല. അവിടെ ലഭിക്കുന്നതെല്ലാം അയ്യപ്പന്റെ സ്വത്താണ്.

മറ്റാരേക്കാൾ ഈ പരമാർത്ഥമെല്ലാം അറിയാവുന്നത് തന്ത്രിക്കാണ്. എന്നാൽ അവിടെയുള്ള മറ്റുള്ളവർക്ക് ഇതിനെക്കുറിച്ച് വലിയ പിടിയില്ല. അവരുടെ അജ്ഞതയാണ് തന്ത്രി മുതലെടുത്ത് വാജിവാഹനം തനിക്ക് അവകാശപ്പെട്ടതാണെന്ന് ബോധിപ്പിച്ചാണ് തന്ത്രി അതെടുത്ത് വീട്ടിൽ കൊണ്ടുപോയത്. വിവാദമായപ്പോൾ തിരിച്ചുനൽകാൻ തയ്യാറാണെന്ന് തന്ത്രി തന്നെ പറഞ്ഞു. തന്ത്രിക്ക് അവകാശപ്പെട്ടതാണങ്കിൽ പിന്നെ തിരിച്ച് നൽകുന്നതെന്തിന്?​ അപ്പോൾ അത് തനിക്ക് അവകാശപ്പെട്ടതല്ലെന്ന് ഉള്ളിന്റെ ഉള്ളിൽ അറിയാം. മാത്രമല്ല,​ അത് കൊണ്ടുവന്നുവച്ച അന്നു മുതൽ തന്ത്രിക്ക് ഒരു സ്വസ്ഥതയും കിട്ടിയിട്ടില്ല.

രാവിലെ ഒരിടത്ത് പോകണമെന്നു വിചാരിച്ചിറങ്ങിയാൽ അവിടെയാകില്ല എത്തുന്നത്. കാരണം ഓടുന്ന കുതിര അതിന് ഇഷ്ടമുള്ളിടത്തേ പോകൂ . അങ്ങനെയാണ് കുതിര ഓടി പൂജപ്പുര എന്ന ബോർഡു കണ്ട് ഏതാനം ദിവസങ്ങൾക്ക് മുമ്പ് സെൻട്രൽ ജയിലിൽ വന്നു നിന്നത്. എസ്.ഐ.ടിയുടെ അന്വഷണമായതുകൊണ്ടാണ് ഇവിടെ നിന്നത്. സി.ബി.ഐ ആയിരുന്നെങ്കിൽ തിഹാർ വരെ ഓടിയേനേ. ജയിലിലായതിനു ശേഷമാണ് വാജിവാഹനം തരുന്ന പണിയെപ്പറ്റി സാവകാശത്തോടെ ചിന്തിക്കാൻ തന്ത്രിക്കു കഴിഞ്ഞത്. ഇത് വീട്ടിൽ നിന്ന് മാറ്റാത്തിടത്തോളം തനിക്ക് ഇരിക്കപ്പൊറുതി കിട്ടില്ലെന്നും ജയിലിൽ കിടക്കേണ്ടി വരുമെന്നും തന്റെ അവസ്ഥ സ്ഥിരമായി ഇതാകുമോയെന്നും തന്ത്രി ഭയന്നു.

അതിനാൽ ഇത് ആർക്ക് കൊടുക്കണമെന്നായി തന്ത്രിയുടെ പിന്നീടുള്ള ചിന്ത. ഈ കേസിൽ ഇടപെട്ട് ആഞ്ഞൂറ്- ആയിരം കോടികളുടെ കച്ചവടം നടന്നെന്ന വാർത്ത സൃഷ്ടിച്ചതിനൊക്കെ ഉത്തരവാദിയായ ഒരു വലിയ കോൺഗ്രസ് നേതാവ് വഴുതക്കാട്ട് താമസിക്കുന്നുണ്ട്. ഒരു പട്ടിൽ പൊതിഞ്ഞ് സാധനം അവിടെ കൊണ്ടുവച്ചാൽ ബാക്കി പുള്ളി കിടന്ന് ഓടിക്കൊള്ളുമല്ലോ എന്ന് ആലോചിച്ചപ്പോൾത്തന്നെ തന്ത്രിക്ക് ഒരു വലിയ സന്തോഷം തോന്നിയെങ്കിലും അത് അധികം നീണ്ടുനിന്നില്ല. കാരണം,​ ഇത് വിശ്വസിച്ച് ഏല്പിക്കാൻ പറ്റിയ ഉണ്ണിക്കൃഷ്ണൻ പോറ്റി തന്നെപ്പോലെ അകത്താണ്. മറ്റൊരാൾ അനന്തരവനാണ്. പക്ഷേ വിശ്വസിക്കാൻ പറ്റില്ല.

വാജിവിഗ്രഹം വീട്ടിൽ നിന്നെടുത്ത് മാറ്റിയെന്നു പറഞ്ഞിട്ട് പുരയിടത്തിൽത്തന്നെ വേറെ എവിടെങ്കിലും അവൻ കുഴിച്ചിട്ടു കളയും. അങ്ങനെ വന്നാൽ പൂജപ്പുരയിൽ നിന്ന് ഇറങ്ങാൻ പറ്റില്ല. അതിനാൽ വളരെ ആലോചിച്ചതിനു ശേഷമാണ് ഇത് എസ്.ഐ.ടിയുടെ തലയിൽത്തന്നെ വയ്ക്കാമെന്ന് തന്ത്രി ഉറപ്പിച്ചത്. വീട്ടിൽ നിന്ന് മാറ്റുകയും ചെയ്യാം,​ തന്നെ കഷ്ടപ്പെടുത്തുന്ന എസ്.ഐ.ടിക്കും കോടതിക്കുമൊക്കെ ഒരു പണിയും കൊടുക്കാം. പിന്നെ കമ്മ്യൂണിക്കേഷനെല്ലാം വളരെ പെട്ടെന്നായിരുന്നു. റെയ്ഡിൽ വീട്ടിൽ നിന്ന് വാജിവിഗ്രഹം കണ്ടെടുത്ത് കൊല്ലം വിജിലൻസ് കോടതിയിൽ ഏൽപ്പിച്ചെന്ന വാർത്ത അറിഞ്ഞ് ആശ്വാസപൂർവം നെടുവീർപ്പിട്ട തന്ത്രി അന്വഷണ ഉദ്യോഗസ്ഥരും കോടതിയുമൊക്കെ ഇനി നിലം തൊടാതെ ഓടുന്നതോർത്ത് കലുങ്ങിച്ചിരിച്ചതായാണ് സഹതടവുകാരൻ ജയിൽ സൂപ്രണ്ടിനെ രഹസ്യമായി അറിയിച്ചിരിക്കുന്നത്. ഇതോടെ തന്ത്രി മിക്കവാറും രക്ഷപ്പെട്ടേക്കും.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.