
ശബരിമല: പന്തളത്തുനിന്ന് തിരുവാഭരണങ്ങളുമായെത്തിയ ഘോഷയാത്ര ഇന്നലെ വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തി. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് സ്വീകരിച്ച് പതിനെട്ടാംപടിയിലൂടെ കൊടിമരച്ചുവട്ടിലെത്തിച്ചു.
ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, അംഗങ്ങളായ അഡ്വ. കെ.രാജു, അഡ്വ.പി.ഡി.സന്തോഷ് കുമാർ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ച് സോപാനത്തിലെത്തിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയും തിരുവാഭരണ പേടകം ശ്രീലകത്തേക്ക് കൊണ്ടുപോയി. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്കായി നടതുറന്നു.
രാത്രി മണിമണ്ഡപത്തിൽ കളമെഴുത്തും പതിനെട്ടാംപടിക്കു മുന്നിലേക്ക് അയ്യപ്പസ്വാമിയുടെ എഴുന്നെള്ളത്തും നായാട്ടുവിളിയും നടന്നു. വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, പത്തനംതിട്ട ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണൻ, എ.ഡി.എം അരുൺ എസ്.നായർ, എ.ഡി.ജി.പി എസ്.ശ്രീജിത്ത്, ദേവസ്വം ബോർഡ് കമ്മിഷണർ ബി.സുനിൽകുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു എന്നിവരും സന്നിധാനത്ത് എത്തിയിരുന്നു.
ദർശനം 19വരെ
20ന് നടയടയ്ക്കും
18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നെള്ളത്ത്. 19ന് രാത്രി 10ന് ഹരിവരാസനം പാടി നടയടച്ചശേഷം മാളികപ്പുറത്ത് വലിയ ഗുരുതി. 19ന് രാത്രി നടയടയ്ക്കും വരെ ഭക്തർക്ക് ദർശനം നടത്താം. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നെള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം നടയടയ്ക്കുന്നതോടെ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തിന് സമാപനമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |