
ശബരിമല/ തിരുവനന്തപുരം: ഭക്തലക്ഷങ്ങൾക്ക് ദർശനസുകൃതമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി. ശബരിമലയുടെ ആകാശത്ത് മകര സംക്രമ നക്ഷത്രം. മകരവിളക്കിന്റെ മഹാപുണ്യവുമായി തീർത്ഥാടകർ. ഇതേ സന്ധ്യയിൽ തലസ്ഥാനത്ത് ലക്ഷദീപ പുണ്യം നുകരുകയായിരുന്നു ശ്രീപദ്മനാഭ ഭക്തർ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും മകരസംക്രാന്തി സന്ധ്യയിലെ ദീപപ്രഭയിൽ ഭക്തിസാന്ദ്രമായി.
6.41ന് മകരജ്യോതി
ഇന്നലെ വൈകിട്ട് 6.41നാണ് മകരജ്യോതി ആദ്യം തെളിഞ്ഞത്. നിമിഷങ്ങളുടെ ഇടവേളകളിൽ രണ്ടുതവണ കൂടി തെളിഞ്ഞു. പതിനെട്ടു മലകളിലും സന്നിധാനത്തും ഭക്തർ കർപ്പൂര ദീപം തെളിച്ച് ശരണമന്ത്രഘോഷം മുഴക്കി.
ഇന്നലെ ഉച്ചയ്ക്കുശേഷം സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് പ്രവേശിച്ച 3.8നായിരുന്നു മകരസംക്രമ പൂജ. ഈ സമയം ആകാശത്ത് മകര നക്ഷത്രം മിന്നിത്തെളിഞ്ഞു. അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് നടതുറന്നതോടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. സന്നിധാനത്ത് ഇന്ന് മുതൽ പടിപൂജ ആരംഭിക്കും. നെയ്യഭിഷേകം 18വരെ ഉണ്ടാകും.
മുറജപത്തിന് സമാപനം
56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ ക്ഷേത്രത്തിനകത്തും പുറത്തും ഭക്തസഹസ്രങ്ങൾ തൊഴുകൈകളോടെ കാത്തുനിന്നു. രാത്രി 8.30നായിരുന്നു മകരശ്രീബലി. ശ്രീപദ്മനാഭസ്വാമിയുടെയും നരസിംഹസ്വാമിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയുടെയും വിഗ്രഹങ്ങൾ ഗരുഡവാഹനങ്ങളിൽ എഴുന്നള്ളിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |