
തിരുവനന്തപുരം: ആറുവർഷം മുമ്പ് ബഡ്ജറ്റിൽ പ്രഖ്യാപിക്കുകയും അഞ്ച് കോടി അനുവദിക്കുയും ചെയ്ത കെ.എം.മാണി സ്മാരക നിർമ്മാണത്തിന് ഇന്നലെ മിന്നൽ വേഗത്തിൽ സ്ഥലം അനുവദിച്ചു. ഓൺലൈനിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മാണിവിഭാഗം മന്ത്രി റോഷി അഗസ്റ്റിന്റെ വകുപ്പായ ജലഅതോറിറ്റിയുടെ തിരുവനന്തപുരം വെള്ളയമ്പലത്തെ 25സെന്റ് സ്ഥലത്താണ് സ്മാരകം നിർമ്മിക്കുക.
2019ലാണ് കെ.എം.മാണി അന്തരിച്ചത്. 2020-21ബഡ്ജറ്റിൽ മന്ത്രി തോമസ് ഐസക്കാണ് തലസ്ഥാനത്ത് കെ.എം.മാണിക്ക് സ്മാരകം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്. അഞ്ച് കോടിയും വകയിരുത്തി.
പിന്നാലെ കേരളകോൺഗ്രസ് മാണി ഗ്രൂപ്പ് യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിയിലെത്തി. 2021ൽ ജോസ് കെ.മാണി ജയിച്ചില്ലെങ്കിലും മാണിഗ്രൂപ്പിൽ നിന്ന് റോഷി അഗസ്റ്റിൽ മന്ത്രിയുമായി.എന്നാൽ ആറുവർഷമായിട്ടും സ്മാരകം ഉയർന്നില്ല.സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു വിശദീകരണം.കൊട്ടാരക്കരയിൽ മുൻ എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് സി.പി.എമ്മിന് അപ്രതീക്ഷത പ്രഹരമായിരുന്നു. തൊട്ടുപിന്നാലെ, കേരളകോൺഗ്രസ് എം.മുന്നണി മാറാൻ കരുക്കൾ നീക്കുന്നതായി വാർത്തകൾ പുറത്തുവന്നു.
ഇതോടെ സർക്കാർ റോഷിയുടെ വകുപ്പിൽ നിന്ന് സ്ഥലം കണ്ടെത്തി.സർക്കാരിന്റെ കാലാവധി തീരാൻ ഒരുമാസം മാത്രമുള്ളപ്പോഴാണ് തീരുമാനമുണ്ടായത്.
കെ.എം മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ സ്ഥാപിക്കാനാണ് ആർ ഒന്നിന് 100 രൂപ വാർഷിക പാട്ടനിരക്ക് നിശ്ചയിച്ച് സ്ഥലം കൈമാറുക.ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്‌ക്കോ നൽകാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷന് സർക്കാർ ഭൂമി കൈമാറുന്നത്.
പാലാ നിയോജക മണ്ഡലം രൂപീകരിച്ചതു മുതൽ തുടർച്ചയായി 13 തവണ അവിടെ നിന്ന് വിജയിച്ച അപൂർവ്വ റെക്കോഡിനുടമയാണ് കെ.എം.മാണി. 25 വർഷം മന്ത്രിയായിരുന്ന അദ്ദേഹം 13 ബഡ്ജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ കൂടുതൽ കാലം മന്ത്രിയായിരുന്നതിന്റെ റെക്കോഡും മാണിയുടെ പേരിലാണ്. കാൽ നൂറ്റാണ്ടോളം നിയമമന്ത്രിയായിരുന്ന അദ്ദേഹം ആഭ്യന്തരം, റവന്യു, ജലസേചനം, വൈദ്യുതി, തുറമുഖം, മുനിസിപ്പൽ ഭരണം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്.
ഇതിനൊപ്പം സി.പി.എം.സംസ്ഥാനസെക്രട്ടറിയായിരുന്ന കോടിയേരിക്ക് സ്മാരകമായി തലശേരിയിൽ കോടിയേരി സ്മാരക പഠനകേന്ദ്രത്തിന് 1.139 ഏക്കർ ഭൂമി നൽകാനും മന്ത്രിസഭ ഇന്നലെ തീരുമാനിച്ചു.
ഭൂമി പാട്ടത്തിന് പ്രതിവർഷം ആർ ഒന്നിന് 100 രൂപ നിരക്കിലാണ് കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസിന് (കെ.ബി.എം.എ.എസ്.എസ്) 30 വർഷത്തേക്കാണ് ഭൂമി കൈമാറുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |