
കൊല്ലം: സി.പി.എം വിടാൻ കാരണം പാർട്ടിയിൽ നേരിട്ട അവഗണന മാത്രമല്ലെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എം.എൽ.എ ഐഷാ പോറ്റി. രാഷ്ട്രീയമാറ്റത്തിന് പിന്തുണ അറിയിച്ചെത്തുന്നവരോട് നന്ദി പറയുന്ന തിരക്കിനിടെ 'കേരളകൗമുദി'യുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്.
മറ്റ് കാരണങ്ങൾ ?
സി.പി.എം യഥാർത്ഥ ലൈനിൽ നിന്നു വഴിമാറി. ചില നേതാക്കളുടെ മാത്രം പാർട്ടിയായി മാറി .അവരുടെ തീരുമാനങ്ങൾ മാത്രമേ നടക്കൂ എന്ന അവസ്ഥയാണ്.
എം.എൽ.എ അല്ലാതായശേഷം 2023 വരെ ഞാൻ സജീവമായിരുന്നു. ഞാൻ മുൻകൈ എടുത്തുകൊണ്ടുവന്ന പദ്ധതികളുടെ ഉദ്ഘാടനം വന്നപ്പോൾ മാറ്റിനിറുത്തി. എനിക്ക് ഇടമില്ലാത്ത അവസ്ഥ സൃഷ്ടിച്ചു. അടുത്തയാളെ വിജയിപ്പിക്കേണ്ടത് എന്റെ കടമയാണെന്ന് വിശ്വസിച്ചു. മണ്ഡലമാകെ ഓടിനടന്ന് വോട്ടുപിടിച്ചിരുന്നു. എനിക്ക് തന്നതിനെക്കാൾ വോട്ട് തരണമെന്നാണ് പറഞ്ഞത്.
ഇപ്പോൾ ജനങ്ങളുടെ പ്രതികരണം?
ഒരുപാട് പേർ വിളിച്ചിരുന്നു. ധൈര്യമായി മുന്നോട്ടുപോകണമെന്നും സോഷ്യൽ മീഡിയ നോക്കരുതെന്നും പറഞ്ഞു. ഇന്നലെ ഒരു പരിപാടിക്ക് പോയപ്പോൾ ആളുകൾ വലിയ സ്നേഹത്തോടെയാണ് ഇടപെട്ടത്. കൊട്ടാരക്കരക്കാരെല്ലാം എന്റെ കുടുംബാംഗങ്ങളാണ്. ആലങ്കാരികമായി പറയുന്നതല്ല. ഞാൻ അങ്ങനെയാണ് ഇടപെട്ടിട്ടുള്ളത്. സി.പി.എമ്മിൽ എന്നെ സ്നേഹിക്കുന്ന ഒത്തിരിപ്പേരുണ്ട്.
നേതാവാക്കിയത് സി.പി.എമ്മല്ലേ ?
35 വർഷത്തിനിടെ പലരെയും പരീക്ഷിച്ച് പരാജയപ്പെട്ടപ്പോഴാണ് എന്നെ സ്ഥാനാർത്ഥിയാക്കിയത്. ഞാൻ സ്ഥാനാർത്ഥിയായാൽ വിജയിക്കുമെന്നു കണ്ടാണ് പരീക്ഷിച്ചത്. ഓരോ തവണയും ഭൂരിപക്ഷം ഉയർത്തിയിട്ടേയുള്ളു. സി.പി.എം അവസരം തന്നതുകൊണ്ട് മാത്രമല്ല, നന്നായി പ്രവർത്തിച്ച് ജനങ്ങളുടെ അംഗീകാരം നേടിയതുകൊണ്ടാണ്. ജനങ്ങളാണ് അംഗീകരിച്ചത്. തന്നതിന് മാത്രമേ കണക്കുള്ളോ? എന്റെ കഠിനാദ്ധ്വാനത്തിന് കണക്കില്ലേ ?
ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തിരുന്നോ ?
സി.പി.എം ഒരു വാഗ്ദാനവും നൽകിയിരുന്നില്ല. അതിപ്പോൾ വെറുതെ പറയുന്നതാണ്. നൽകിയാലും സ്വീകരിക്കില്ലായിരുന്നു. അത്രത്തോളം അവഗണിച്ച് വിഷമിപ്പിച്ചിരുന്നു. ഒരു സ്ഥാനമോഹവുമില്ലാതെയാണ് കോൺഗ്രസിൽ ചേർന്നത്.
കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാവുമോ?
മാറ്റം നിശ്ചയിക്കുന്നത് ജനങ്ങളാണ്. കഴിഞ്ഞ അഞ്ച് വർഷവും അതിന് മുൻപുളള 15 വർഷവും ജനങ്ങൾ വിലയിരുത്തും. കൊട്ടാരക്കരയിൽ യു.ഡി.എഫ് ആരെ സ്ഥാനാർത്ഥിയാക്കിയാലും ആത്മാർത്ഥമായി പ്രവർത്തിക്കും. ഉപാധികളില്ലാതെയാണ് കോൺഗ്രസിൽ ചേർന്നത്. നേതൃത്വം ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല. ഞങ്ങളുടെ പാർട്ടിയിൽ പ്രവർത്തിക്കണമെന്ന് മാത്രമാണ് പറഞ്ഞത്.
വർഗ്ഗവഞ്ചക എന്നു മുദ്രകുത്താനാണല്ലോ സി.പി.എം ശ്രമം?
കെ.വി. തോമസും സരിനും ശോഭന ജോർജ്ജും സി.പി.എമ്മിൽ ചേർന്നപ്പോൾ നല്ലവർ. പുറത്തേക്ക് പോകുന്നവർ വർഗ്ഗവഞ്ചകർ. വർഗ്ഗവഞ്ചക എന്ന് വിളിക്കുന്തോറും സി.പി.എം കൂടുതൽ തുറന്നുകാട്ടപ്പെടും. പോകാതിരിക്കാൻ നന്നായി ഇടപെടണമായിരുന്നു. വേർതിരിവ് കാണിക്കരുതായിരുന്നു. എത്ര മ്ലേച്ഛമായ ഭാഷ ഉപയോഗിച്ചാലും എന്നെ ബാധിക്കില്ല. ഇപ്പോൾ അപമാനിക്കുന്നവർ തെറ്റ് പറ്റിയെന്ന് നാളെ തിരിച്ചറിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |