
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദം പിന്നിടുമ്പോൾ മനുഷ്യരാശി കൈവരിച്ച ശാസ്ത്ര- സാങ്കേതിക നേട്ടങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. ചന്ദ്രനിലും ചൊവ്വയിലുമെത്തിയ മനുഷ്യൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ പുതിയ ലോകങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന കാലഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും അവൻ തന്നെ സൃഷ്ടിച്ച 'യുദ്ധം" എന്ന വിപത്ത് ഏറ്റവും വലിയ പ്രതിസന്ധിയായി തുടരുന്നു. യുദ്ധങ്ങൾ ഇന്ന് ആഗോള രാഷ്ട്രീയത്തിന്റെ സ്ഥിരം ഘടകമായി മാറിയിരിക്കുന്നു. രാജ്യങ്ങളുടെ അതിർത്തികളിൽ മാത്രമല്ല, മനുഷ്യഹൃദയങ്ങളിലേക്കും യുദ്ധത്തിന്റെ നിഴൽ പതിഞ്ഞിരിക്കുന്ന കാലമാണിത്. ആയുധശേഖരങ്ങളുടെ കണക്കുകൾ ഉയരുമ്പോൾ മനുഷ്യജീവിതത്തിന്റെ മൂല്യം താഴ്ന്നുപോകുന്നു. ലോകം മുന്നോട്ടോടുമ്പോഴും മനുഷ്യൻ പലപ്പോഴും പിന്നോട്ടാണ് നടക്കുന്നത്.
ശീതയുദ്ധാനന്തര കാലത്ത് ലോകം ഒരു ഏകധ്രുവ ശക്തിയുടെ കീഴിലേക്കു മാറുമെന്ന ധാരണകൾ ഉയർന്നിരുന്നു. എന്നാൽ അത് ദീർഘകാലം നിലനിന്നില്ല. ലോകം ഇന്ന് വീണ്ടും ബഹുധ്രുവ ശക്തിയിലേക്കാണ് നീങ്ങുന്നത്. എല്ലാവരും തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുവാൻ നടത്തുന്ന മത്സരമാണ് ആഗോള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്. വിഭവങ്ങൾ, ഭൂമിശാസ്ത്രപരമായ ആധിപത്യം, സാമ്പത്തിക നേട്ടങ്ങൾ - ഇവയ്ക്കെല്ലാം മുന്നിൽ മനുഷ്യാവകാശങ്ങളും മാനവിക മൂല്യങ്ങളും പലപ്പോഴും പിന്നിലായിപ്പോകുന്നു. യുദ്ധങ്ങൾ ദേശസുരക്ഷ എന്ന പേരിൽ ന്യായീകരിക്കപ്പെടുന്നു; പക്ഷേ യുദ്ധത്തിന്റെ പരിണിതഫലം അനുഭവിക്കുന്നത് സാധാരണ മനുഷ്യരാണ്.
ദുർബലമാകുന്ന
മനുഷ്യശബ്ദം
ഒരു പ്രാദേശിക സംഘർഷമായി ആരംഭിച്ച റഷ്യ- യുക്രെയിൻ യുദ്ധം ഇന്ന് ആഗോള സാമ്പത്തിക- രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചിരിക്കുന്നു. ഭക്ഷ്യസുരക്ഷ മുതൽ ഇന്ധനവില വരെ ലോകത്തിന്റെ എല്ലാ കോണുകളെയും ഈ യുദ്ധം ബാധിച്ചു. യുദ്ധത്തിന്റെ കണക്കുകൾ രാഷ്ട്രീയ വേദികളിൽ ചർച്ചയാകുമ്പോൾ മനുഷ്യന്റെ കണ്ണുനീർ പലപ്പോഴും അവഗണിക്കപ്പെടുന്നു. ലോകശക്തികൾ പരസ്പരം കുറ്റം ചുമത്തുമ്പോൾ സമാധാനത്തിന്റെ ശബ്ദം ദുർബലമാകുന്നു. യുദ്ധം വെറും ആയുധങ്ങളുടെ ഏറ്റുമുട്ടലല്ല; അത് മനുഷ്യൻ മനുഷ്യനോടാണെന്ന് ഓർക്കണം. ഇവിടെയാണ് ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത അവസ്ഥ. ലോകം ഇന്ന് സമാധാനം ആഗ്രഹിക്കുന്നില്ല എന്നതല്ല പ്രശ്നം. സമാധാനം ആവശ്യപ്പെടുന്ന ശബ്ദങ്ങൾക്ക് ആവശ്യമായ ശക്തിയും സ്വാധീനവും ലഭിക്കുന്നില്ല എന്നതാണ് സത്യം.
മനുഷ്യനോട് മനുഷ്യനാകാനും ലോകരാജ്യങ്ങളോട് യുദ്ധം മറന്ന് സമാധാനം തിരയാനും ഉദ്ബോധനം ചെയ്യുകയാണ് ശിവഗിരി മഠം. സമാധാനം സ്വയം സംഭവിക്കുന്ന ഒന്നല്ല. അത് മനുഷ്യർ ചേർന്ന് സൃഷ്ടിക്കേണ്ട ഒന്നാണ്. ഈ ദൗത്യമാണ് 2026 ഫെബ്രുവരി 20-ന് ആഗോള ലോക സമാധാന സന്ദേശവുമായി റഷ്യയിൽ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലോകമത പാർലമെന്റ് - റഷ്യൻ എഡിഷൻ. മോസ്കോയിലെ കൺസെർട്ട് ഹാളിൽ നടക്കുന്ന സമ്മേളനങ്ങളിൽ 16 മതങ്ങളുടെ പ്രതിനിധികളായ മഹാപണ്ഡിതർ പങ്കെടുക്കും . നാനാജാതി മതസ്ഥരായ ജനസമൂഹത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മതമേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെയും പങ്കെടുപ്പിച്ചാണ് തുടർ സമ്മേളനങ്ങൾ.
മനുഷ്യൻ ആവശ്യപ്പെടുന്നത് അധികാരമല്ല, സമാധാനമാണ്. അധിനിവേശമല്ല, സഹവർത്തിത്വമാണ്.യുദ്ധമല്ല, മനുഷ്യാവകാശങ്ങളുടെ സംരക്ഷണമാണ്. ഇവിടെയാണ് ശ്രീനാരായണ ഗുരുദേവൻ ലോകത്തോട് സംസാരിക്കുന്നത്. ഗുരുദേവൻ സശരീരനായിരുന്ന കാലഘട്ടം സാമൂഹിക അനീതികളും വർഗീയ വേർതിരിവുകളും മനുഷ്യനെ ശ്വാസംമുട്ടിച്ച കാലമായിരുന്നു. ഗുരുദേവൻ പഠിപ്പിച്ച ആത്മീയത ലോകത്തിൽ നിന്ന് മാറിനിൽക്കുന്ന സന്യാസത്തിന്റേതല്ല. അത് സമൂഹത്തിനകത്ത് ജീവിച്ചുകൊണ്ട്, സമൂഹത്തെ മാറ്റാൻ ശ്രമിക്കുന്ന പ്രവർത്തനാത്മക ആത്മീയതയാണ്. മതം മനുഷ്യനെ മനുഷ്യനോട് വേർതിരിക്കുന്നിടത്ത് ഗുരുദേവൻ മനുഷ്യനെ മനുഷ്യനോട് കൂട്ടിച്ചേർക്കുന്ന ഭാഷയാണ് സംസാരിച്ചത്. ഗുരുദർശനം കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലേക്കു മാത്രം ചുരുക്കപ്പെടേണ്ടതല്ല. അത് ആഗോള മാനവികതയുടെ ഒരു ചട്ടക്കൂടാണ്.
മഠം തുറക്കുന്ന
ശാന്തി മാതൃക
ഗുരുദേവ ദർശനം ഭാവിയുടെ വഴികാട്ടിയാണ്. രാജ്യത്തിന്റെ സുരക്ഷ മനുഷ്യന്റെ സുരക്ഷയാകണം. ശിവഗിരി മഠം ഒരു മാതൃകയായി ലോക നെറുകയിലേക്ക് ഉയരുകയാണ്. ശിവഗിരി മഠത്തിന്റെ റഷ്യൻയാത്ര യുദ്ധം അവസാനിപ്പിക്കുമോ എന്ന ചോദ്യം പലരും ഉന്നയിച്ചേയ്ക്കാം. യുദ്ധത്തിന്റെ ശബ്ദത്തെക്കാൾ മാനവികതയുടെ ദർശനമാണ് ലോകത്തിന് ഇന്ന് അനിവാര്യം. ലോകസമാധാനത്തിന് ഏറ്റവും പ്രാപ്യമായ ദിവ്യൗഷധമാണ് കാലാതീതമായ ഗുരുദർശനം. മനുഷ്യരാശിയുടെ നന്മയും ലോകസമാധാനവും ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ്. അത് നമ്മൾ ഒരുമിച്ചു നിർമ്മിക്കേണ്ട ഭാവിയാണ്.
ഒരു നൂറ്റാണ്ടിനു മുൻപ് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ലോക ചരിത്രത്തിലെ തന്നെ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കാവുന്ന സർവമത മഹാസമ്മേളനം ഗുരുദേവൻ സംഘടിപ്പിച്ചു. സർവ്വമത സമ്മേളന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഫ്രാൻസിസ് മാർപ്പാപ്പയുടെ ആശീർവാദത്തോടെ വത്തിക്കാനിൽ നടന്ന ലോക മത പാർലമെന്റ് ഒന്നാം എഡിഷൻ ചരിത്രവിജയമായി മാറി. തുടർന്ന് ലണ്ടനിലും ആസ്ട്രേലിയൻ പാർലമെന്റിലും ലോകമത പാർലമെന്റ് ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. റഷ്യയിൽ നടക്കുന്ന ലോകമത പാർലമെന്റിൽ ഗുരുവിന്റെ ഏകമത ദർശനം, മതസമന്വയം, മതസൗഹാർദ്ദം, മതമേതായാലും മനുഷ്യൻ നന്നായാൽ മതി തുടങ്ങിയ വിഷയത്തിൽ പ്രഭാഷണങ്ങളും ഗുരുദേവന്റെ മതദർശനത്തിന്റെ വെളിച്ചത്തിൽ ലോക സമാധാനത്തെക്കുറിച്ച് ചർച്ചകളും നടക്കും.
മോസ്കോയിലെ എംബസി ഒഫ് ഇന്ത്യ, ജെ.എൻ.സി.സി മോസ്‌കോ, ആൾ മോസ്‌കോ മലയാളി അസോസിയേഷൻ, ഇസ്കോൺ തുടങ്ങിയവയുടെയും റഷ്യയിലെ നിരവധി സംഘടനകളുടെയും ശ്രീനാരായണയ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് ലോകമത പാർലമെന്റ് സംഘടിപ്പിക്കുന്നത്. ലോകസമാധാനം മുൻനിറുത്തി ശിവഗിരി മഠത്തിന്റെ പ്രവർത്തനങ്ങൾ ലോകവ്യാപകമായി തുടരുന്നത് ലോകജനതയെ ഐക്യപ്പെടുത്തുവാനുള്ള ശക്തമായ മാനവിക ഇടപെടലായി മാറുന്നു.
(ലോകമത പാർലമെന്റ് റഷ്യൻ എഡിഷൻ ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറിയാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |