SignIn
Kerala Kaumudi Online
Friday, 16 January 2026 5.38 AM IST

ഈ സംവരണ അട്ടിമറി ആരും കാണുന്നില്ലേ?

Increase Font Size Decrease Font Size Print Page
s

ഇന്ത്യ സ്വാതന്ത്ര്യം നേടിയത് വിദേശികളുടെ ഭരണത്തിൻ കീഴിൽ കഴിയാൻ മനസില്ലാത്തതുകൊണ്ടാണ്.

മെറിറ്റും കാര്യക്ഷമതയും ഉള്ളവർ ഭരിച്ചാൽ മതിയായിരുന്നെങ്കിൽ ബ്രിട്ടീഷ് ഭരണമായിരുന്നു നല്ലതെന്ന് ഇപ്പോഴും പറയുമല്ലോ. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ പാലവും റെയിൽവേയും കെട്ടിടങ്ങളുമെല്ലാം മികവിന്റെ അടയാളങ്ങളാണല്ലോ! എന്നാൽ, പൂർണ സ്വരാജും ജനാധിപത്യവും ആഗ്രഹിച്ചാണ് സ്വാതന്ത്ര്യം നേടിയതും ഭരണഘടന നിർമ്മിച്ചതും.

ഭരണത്തിന്റെ എല്ലാ തലങ്ങളിലും എല്ലാ വിഭാഗം ജനങ്ങൾക്കും സമുദായങ്ങൾക്കും മതിയായതും അർഹവുമായ പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നതിനാണ് സംവരണം മൗലിക അവകാശമായി ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഈ സംവരണം അട്ടിമറിക്കാനുള്ള ശ്രമം ഭരണഘടന നിലവിൽ വന്ന അന്നു മുതൽ തുടങ്ങിയതാണ്. പ്രൊഫഷണൽ കോളേജിലെ വിദ്യാർത്ഥി പ്രവേശനത്തിൽ മദ്രാസ് സംസ്ഥാനത്ത് പിന്നാക്ക സമുദായ പ്രാതിനിദ്ധ്യം വ്യവസ്ഥ ചെയ്തപ്പോൾ അതിനെതിരെ കോടതി വിധിയുണ്ടായി. അത് മറികടക്കുന്നതിനാണ് ഭരണഘടനയുടെ ഒന്നാമത്തെ ഭേദഗതി 1951-ൽ ഉണ്ടായത്.

പിന്നീട് ഇങ്ങോട്ട് പല രൂപത്തിലും ഭാവത്തിലും സംവരണ അട്ടിമറി അരങ്ങേറുകയുണ്ടായി. കേരളത്തിലെ ആദ്യ ജനാധിപത്യ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ നയിച്ച മുഖ്യമന്ത്രി ഇ.എം.എസ്, ഭരണപരിഷ്കാര കമ്മിഷനിലൂടെയാണ് സംവരണം അട്ടിമറിക്കാൻ ശ്രമിച്ചത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പടവാൾ ആയ 'കേരളകൗമുദി" പത്രത്തിന്റെ പത്രാധിപർ കെ. സുകുമാരൻ ആണ് വിഖ്യാതമായ കുളത്തൂർ പ്രസംഗത്തിലൂടെ അന്ന് ഇ.എം.എസിനെ തിരുത്തി സംവരണം സംരക്ഷിച്ചതും സാമൂഹ്യനീതി ഉറപ്പാക്കിയതും.

തുടർന്ന്,​ സംവരണം ഉറപ്പാക്കുന്നതിനും സംരക്ഷിക്കുന്നതിനും പിന്നാക്ക സമുദായ സംഘടനകൾ ജാഗ്രതയോടെയും കരുതലോടെയും പ്രവർത്തിക്കുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളും കോടതി വ്യവഹാരങ്ങളും

ഭരണാധികാര സ്ഥാനങ്ങളിൽ എല്ലാ സമുദായങ്ങൾക്കും അർഹമായ പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നതിനുള്ള നടപടികളായിരുന്നു.

ഭരണഘടന നിലവിൽ വന്ന് 43 വർഷങ്ങൾക്കു ശേഷം 1993-ൽ ഒ.ബി.സി സംവരണം നടപ്പാക്കിയപ്പോൾ ഏർപ്പെടുത്തിയ 'ക്രീമിലെയർ" സിദ്ധാന്തം സംവരണം തകർക്കുന്നതിനുള്ള 'ഡൈനാമിറ്റാ"യിരുന്നു. സുപ്രീംകോടതി ഏർപ്പെടുത്തിയ ക്രിമിലെയർ വ്യവസ്ഥയെ അന്ന് അപ്പീൽ വഴിയോ പുനഃപരിശോധനാ നടപടികളിലൂടെയോ ചോദ്യം ചെയ്യുന്നതിന് പിന്നാക്ക സമുദായ സംഘടനകൾക്ക് കഴിഞ്ഞില്ല.

അതിന്റെ പരിണിതഫലമാണ് ഉന്നത തസ്തികളിലും,​ ഉയർന്ന യോഗ്യത ആവശ്യമായ പല പദവികളിലും ഇന്ന് പിന്നാക്ക സമുദായക്കാർ എത്തപ്പെടാതിരിക്കുന്നത്.

സുപ്രീംകോടതിയുടെ അന്നത്തെ വിധിയിൽ 'ക്രീമിലെയർ" വ്യവസ്ഥ പട്ടിക വിഭാഗങ്ങൾക്ക് ബാധകമാകുന്നതല്ല എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പട്ടിക വിഭാഗങ്ങളിലും 'ക്രീമിലെയർ" വ്യവസ്ഥ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീംകോടതിയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. പട്ടിക വിഭാഗത്തിൽ ഉൾപ്പെട്ട മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി ആണ് സമീപനാളിൽ ഈ ആവശ്യം ഗൗരവമായി ഉന്നയിച്ചത്. അതുകൊണ്ടുതന്നെ പട്ടിക വിഭാഗത്തിലുള്ളവർ നടത്തുന്ന,​ അതിനെതിരായ പോരാട്ടം ദുർബലമായിപ്പോയി. മാത്രമല്ല,​ പട്ടിക വിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പും ഉണ്ടായി.

ഇപ്പോൾ പട്ടിക വിഭാഗങ്ങൾക്കിടയിലും 'ക്രീമിലെയർ" വ്യവസ്ഥ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ ഒരു വ്യക്തി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരിക്കുകയാണ്. അതിന്മേൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയയ്ക്കുവാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിട്ടിട്ടുണ്ട്. കേരളത്തിൽ ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള സ്ഥാപനങ്ങളിൽ സ്വജന പക്ഷപാതവും സവർണാധിപത്യവും കൊടികുത്തി വാഴുന്നത് അവസാനിപ്പിച്ച് എല്ലാവർക്കും പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നതിനാണ് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് രൂപീകരിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് പട്ടിക വിഭാഗക്കാരടക്കം നിരവധി പിന്നാക്ക സമുദായാംഗങ്ങൾ ദേവസ്വം ബോർഡിൽ ഉദ്യോഗസ്ഥരും ക്ഷേത്രങ്ങളിൽ ശാന്തിക്കാരായും മറ്റും എത്തപ്പെട്ടു.

ഇതിൽ അസ്വസ്ഥരായ ബ്രാഹ്മണ്യ ശക്തികൾ ഏതു വിധേനയും റിക്രൂട്ട്മെന്റ് ബോർഡിനെ തകർക്കാൻ ശ്രമം തുടങ്ങിയിരുന്നു. ദേവസ്വം ബോർഡുകൾ കുത്തകയാക്കിയ ബ്രാഹ്മണ്യ ഉദ്യോഗസ്ഥരും അതിന് ഒത്താശ ചെയ്തു. ഇപ്പോൾ ഗുരുവായൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംഘടന നൽകിയ ഹർജിയെ തുടർന്ന് ഗുരുവായൂർ ദേവസ്വം ബോർഡിനു കീഴിലുള്ള നിയമനങ്ങൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ നിന്ന് എടുത്തു കളഞ്ഞു. സാമൂഹ്യനീതിക്കും സംവരണത്തിനും വേണ്ടി പൊരുതുന്ന കേരളത്തിലെ പിന്നാക്ക സമുദായ സംഘടനകളും നേതാക്കളും ഇതൊന്നും കാണുന്നില്ലേ?

നിയമപരമായും ജനാധിപത്യപരവുമായ പോരാട്ടങ്ങൾക്ക് പുറപ്പെടാതെ ഇനിയും നിഷ്ക്രിയരായിരുന്നാൽ ലഭ്യമായ അധികാരങ്ങളും പദവികളും നഷ്ടപ്പെടും എന്നു മാത്രമല്ല,​ ഭാവിയിൽ പഴയ ചാതുർവർണ്യ വ്യവസ്ഥയുടെ ഭാഗമായിത്തീരേണ്ടിവരികയും ചെയ്യുമെന്ന് ഓർത്താൽ കൊള്ളാം.

(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ ആണ് ലേഖകൻ. ഫോൺ: 94472 75809)​

TAGS: RESERVATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.