ഡിസംബറിലും കയറ്റുമതിയിൽ ഉണർവ്
കൊച്ചി: ആഗോള രാഷ്ട്രീയ, വ്യാപാര അനിശ്ചിതത്വങ്ങൾ മറികടന്ന് ഡിസംബറിൽ ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയർന്നു. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച് ഡിസംബറിലെ കയറ്റുമതി മുൻവർഷം ഇതേകാലയളവിനേക്കാൾ 1.8 ശതമാനം വർദ്ധനയോടെ 3,851 കോടി ഡോളറായി. നവംബറിൽ 3,813 കോടി ഡോളറായിരുന്നു. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ, എൻജിനിയറിംഗ് ഗുഡ്‌സ്, മാംസ, ക്ഷീര, പോൾട്രി ഉത്പന്നങ്ങൾ, മരുന്നുകൾ, സമുദ്രോത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി ഉയർന്നു. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒൻപത് മാസത്തിൽ രാജ്യത്തെ ഉത്പന്ന കയറ്റുമതി 2.4 ശതമാനം ഉയർന്ന് 33,029 കോടി ഡോളറായി. വെല്ലുവിളികൾ തരണം ചെയ്ത് നടപ്പുസാമ്പത്തിക വർഷം ഉത്പന്ന, സേവന കയറ്റുമതി 85,000 കോടി ഡോളർ കവിയുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
ചൈന, യു.എഇ, റഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി കൂടി. അമേരിക്കയുടെ 50 ശതമാനം തീരുവയുടെ തിരിച്ചടി വിപണി വൈവിദ്ധ്യവൽക്കരണത്തിലൂടെയും വികസനത്തിലൂടെയും മറികടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക വാങ്ങൽ കുറച്ചില്ല
ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ അമേരിക്കയിലേക്കുള്ള കയറ്റുമതി 9.75 ശതമാനം ഉയർന്ന് 6,588 കോടി ഡോളറിലെത്തി. അതേസമയം ഡിസംബറിലെ കയറ്റുമതി 689 കോടി ഡോളറായി കുറഞ്ഞു. നവംബറിലിത് 692 കോടി ഡോളറായിരുന്നു.
ഇറക്കുമതിയിൽ കുതിപ്പ്
ഡിസംബറിൽ ഇന്ത്യയിലേക്കുള്ള ഉത്പന്ന ഇറക്കുമതി മുൻവർഷം ഇതേകാലയളവിലെ 5,843 കോടി ഡോളറിൽ നിന്ന് 6,355 കോടി ഡോളറായി കുതിച്ചുയർന്നു. ക്രൂഡോയിൽ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, കാപ്പിറ്റൽ ഗുഡ്‌സ് എന്നിവയുടെ കയറ്റുമതിയിലാണ് വൻ വർദ്ധന.
വ്യാപാര കമ്മിയും ഉയരുന്നു
കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവായ വ്യാപാര കമ്മി ഡിസംബറിൽ 2,500 കോടി ഡോളറായി ഉയർന്നു. ഇറക്കുമതിക്ക് ആനുപാതികമായി കയറ്റുമതിയിൽ കൂടാത്തതാണ് തിരിച്ചടിയായത്.
ചൈന ആശ്രയത്വമേറുന്നു
ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി 9,595 കോടി ഡോളറായി ഉയർന്നു. മുൻവർഷം ഇക്കാലത്ത് ഇറക്കുമതി 8,457 കോടി ഡോളറായിരുന്നു. ഇലകട്രോണിക് ഗുഡ്‌സ്, മെഷിനറി, വ്യവാസായിക അസംസ്കൃത സാധനങ്ങൾ എന്നിവയാണ് ചൈനയിൽ നിന്നും വാങ്ങുന്നത്.
മാംസ, ക്ഷീര, പോൾട്രി ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 30 ശതമാനം വർദ്ധന
ഡിസംബറിലെ സേവന കയറ്റുമതി
3,550 കോടി ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |