കൊല്ലം: ലാൽ ബഹദൂർ സ്റ്റേഡിയത്തിനു സമീപമുള്ള സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ (സായി) ഹോസ്റ്റലിൽ രണ്ടു വിദ്യാർത്ഥിനികളെ ഒരേമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടി പേടിയാട്ടുകുന്ന് അമ്പാളി രവിയുടെയും സിന്ധുവിന്റെയും മകൾ സാന്ദ്ര (18), തിരുവനന്തപുരം ചെമ്പൂർ മൂത്താക്കൽ ഇളമ്പതടം വിഷ്ണുഭവനിൽ വേണുവിന്റെയും അനീഷയുടെയും മകൾ വൈഷ്ണവി (15) എന്നിവരാണ് മരിച്ചത്. വൈഷ്ണവി കൊല്ലം നഗരത്തലെ എയ്ഡഡ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അതേ സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥിയാണ് സാന്ദ്ര. രണ്ടു പേരുടെയും പോക്കറ്റിൽ നിന്ന് രക്ഷിതാക്കളോട് മാപ്പ് ചോദിച്ചുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
സാന്ദ്രയുടെ മുറിയിലെ രണ്ടു ഫാനുകളിലാണ് ഇവർ ജീവനൊടുക്കിയത്. അഞ്ചു കിടക്കകളുള്ള മുറിയിൽ എല്ലാ കിടക്കകൾക്കു മുകളിലും ഫാനുണ്ട്. രണ്ട് അറ്റത്തെയും കിടക്കകൾക്ക് മുകളിലുള്ള ഫാനുകളിൽ ബെഡ് ഷീറ്റ് ഉപയോഗിച്ചാണ് തൂങ്ങിമരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചിന് പരിശീലനം ആരംഭിച്ചപ്പോൾ വൈഷ്ണവിയും സാന്ദ്രയും എത്തിയിരുന്നില്ല. ഈ മുറിയിൽ മറ്റു കുട്ടികൾ അന്വേഷിച്ച് എത്തിയപ്പോൾ അകത്ത് കുറ്റിയിട്ടിരിക്കുകയായിരുന്നു. സെക്യൂരിറ്റിയും പരിശീലകരുമെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
സാന്ദ്ര സ്പ്രിന്റ് താരവും വൈഷ്ണവി സായിയുടെ കബഡി ടീം അംഗവുമാണ്. സാന്ദ്രയ്ക്ക് നാലു വർഷം മുൻപും വൈഷ്ണവിക്ക് ഒന്നര വർഷം മുൻപുമാണ് സായിയിൽ പ്രവേശനം ലഭിച്ചത്. തുടർന്നാണ് നഗരത്തിലെ സ്കൂളിൽ പ്രവേശനം നേടിയത്. വൈഷ്ണവിയും സാന്ദ്രയും ഇന്നലെ സ്കൂളിൽ പോയിരുന്നു. വൈഷ്ണവി ഉച്ചയ്ക്ക് കല്ലുവാതുക്കലിൽ നടന്ന കബഡി ടൂർണമെന്റിലും പങ്കെടുത്തു. വൈഷ്ണവി ഉൾപ്പെട്ട സായി ടീം വിജയിച്ചു.
മറ്റു കുട്ടികളെ പറഞ്ഞയച്ചു
വൈഷ്ണവിയുടെ മുറി ഗ്രൗണ്ട് ഫ്ലോറിലും സാന്ദ്രയുടേത് മൂന്നാമത്തെ നിലയിലുമാണ്. സാന്ദ്രയുടെ മുറിയിലുള്ള മറ്റ് മൂന്നു പേരെ വേറെ മുറികളിലേക്ക് ഇരുവരും ചേർന്ന് ബുധനാഴ്ച രാത്രി പറഞ്ഞയച്ചു. രാത്രി 12 മണി വരെ ഈ മുറിയിൽ വെളിച്ചമുണ്ടായിരുന്നു. സായിയിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ പ്രത്യേക കെട്ടിടത്തിലും ആൺകുട്ടികളുടേത് തൊട്ടടുത്തുള്ള ലാൽ ബഹദൂർ സ്റ്റേഡിയം കെട്ടിടത്തിലുമാണ്.
കൊല്ലം ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനുശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിരലടയാള വിദഗ്ദ്ധരെത്തി മുറിയിൽ പരിശോധന നടത്തി. വൈഷ്ണവിയുടെ സഹോദരൻ വിഷ്ണു. സാന്ദ്രയുടെ സഹോദരൻ: ശ്രീദിൽ.
പഠനത്തിലും മിടുക്കികൾ
പഠനത്തിലും മിടുക്കികളായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം പുറമേ സന്തോഷവതികളായിരുന്നു ഇവരെന്നാണ് മറ്റ് വിദ്യാർത്ഥികൾ പറയുന്നത്. കഴിഞ്ഞ രണ്ട് സ്കൂൾ അത്‌ലറ്റിക് മീറ്റിലും സാന്ദ്ര മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അമച്വർ അസോയിഷന്റെ ചാമ്പ്യൻഷിപ്പിൽ മികച്ച അത്‌ലറ്റായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് ഈസ്റ്റ് സി.ഐ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |