
തഴവ : താലൂക്കിന്റെ ഉൾനാടൻ മേഖലകളിൽ മത്സ്യലഭ്യത കുറഞ്ഞതോടെ വിപണികളിൽ മായം കലർന്ന മത്സ്യങ്ങൾ വ്യാപകമാകുന്നു. വവ്വാക്കാവ്, മുല്ലശ്ശേരിമുക്ക്, കുറ്റിപ്പുറം, അരമത്ത് മഠം, ചിറ്റുമൂല, ഇടക്കുളങ്ങര തുടങ്ങിയ ജനസാന്ദ്രതയേറിയ ഇടങ്ങളിൽ നിലവിൽ സുരക്ഷിതമായ മത്സ്യ മാർക്കറ്റുകൾ ഇല്ലാത്തത് സ്ഥിതി സങ്കീർണ്ണമാക്കുന്നു.
അന്യസംസ്ഥാന മത്സ്യങ്ങൾ
ഡിസംബർ മുതൽ ജൂലായ് വരെയുള്ള മാസങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളിലാണ് ഫോർമാലിൻ, അമോണിയ തുടങ്ങിയ മാരക രാസവസ്തുക്കൾ അമിതമായി കണ്ടുവരുന്നത്. മാസങ്ങൾ പഴക്കമുള്ള ഈ മത്സ്യങ്ങൾ കേടുകൂടാതെ ഇരിക്കാനാണ് ഇത്തരം വിഷാംശങ്ങൾ ചേർക്കുന്നത്. ഇവയുടെ ഉപയോഗം മൂലം പ്രദേശവാസികളിൽ ത്വക്ക് രോഗങ്ങളും ഉദരരോഗങ്ങളും വർദ്ധിച്ചുവരുന്നതായി പരാതിയുണ്ട്. കൂടാതെ വ്യക്ക , കരൾ തുടങ്ങി ആന്തരിക അവയവങ്ങൾക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ വിഷം കലർന്ന മീനുകൾ വിപണികളിലെത്തുന്നത് തടയുവാൻ പോലും അധികൃതർ തയ്യാറാകാറില്ല.
നാടൻ മത്സ്യങ്ങളില്ല
ജലസ്രോതസുകളിലെ അമിതമായ പ്ലാസ്റ്റിക് നിക്ഷേപവും രാസമാലിന്യങ്ങളും കാരണം കായൽ മത്സ്യങ്ങളുടെ ലഭ്യത വൻതോതിൽ കുറഞ്ഞു. ഇതോടെ കാലങ്ങളായി പ്രാദേശിക മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികൾ ഈ മേഖല ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. കായലിൽ നിന്നും മറ്റ് തണ്ണീർത്തടങ്ങളിൽ നിന്നും ലഭിച്ചിരുന്ന ഗുണമേന്മയുള്ള നാടൻ മത്സ്യങ്ങൾ വിപണിയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വേനൽ കടുക്കുന്നതോടെ പുറംകടൽ മത്സ്യങ്ങളുടെ ലഭ്യത കൂടി കുറയുന്നത് അന്യസംസ്ഥാന മത്സ്യമാഫിയകൾക്ക് വിപണി പിടിച്ചെടുക്കാൻ കൂടുതൽ സൗകര്യമൊരുക്കുന്നു.
മത്സ്യഫെഡ് ഔട്ട്‌ലെറ്റുകൾക്കായി മുറവിളി
വിഷരഹിതമായ മത്സ്യം ലഭ്യമാക്കാൻ ഓരോ പഞ്ചായത്തിലും മത്സ്യഫെഡിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം നാളുകളായി ഉയരുന്നുണ്ടെങ്കിലും അധികൃതർ ഇത് അവഗണിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഔട്ട്‌ലെറ്റുകൾ വന്നാൽ ഗുണനിലവാരമുള്ള മത്സ്യം മിതമായ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാകും.
സർക്കാർ ഇടപെടൽ വേണം
രാസമാലിന്യങ്ങൾ കടൽത്തീര മേഖലകളിലെ മത്സ്യങ്ങളുടെ രുചിയെയും ഘടനയെയും പോലും ബാധിക്കുന്ന സാഹചര്യത്തിൽ, വിപണികളിൽ കൃത്യമായ പരിശോധന ഉറപ്പാക്കാനും ആരോഗ്യവകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വിപണിയിലെ വിഷമത്സ്യങ്ങളുടെ ഒഴുക്ക് തടയാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |