
പത്തനംതിട്ട:ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് സത്യവാങ്മൂലം നൽകി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ ശ്രമം അപഹാസ്യമാണെന്ന് എൻ.ജി.ഒ സംഘ്.സംസ്ഥാന ജീവനക്കാർക്ക് സമയബന്ധിതമായി ക്ഷാമബത്ത അനുവദിച്ചിരുന്ന മുൻകാല രീതി അട്ടിമറിക്കുകയും അനുവദിച്ച ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം നിഷേധിക്കുകയും ചെയ്ത സർക്കാർ നടപടിക്കെതിരെയാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്.
ക്ഷാമബത്തഇടത് സർക്കാരിന്റെ ഔദാര്യമല്ല. എല്ലാ സർക്കാർ ജീവനക്കാർക്കും ലഭിക്കുന്ന അർഹമായ ആനുകൂല്യമാണ്.ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാരിനെതിരെ പ്രക്ഷോഭം തുടരുമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ.മഹാദേവൻ,ജനറൽ സെക്രട്ടറി എസ്.രാജേഷ് എന്നിവർ അറിയിച്ചു.
ഇടതു സർക്കാരിന്റെ പൊയ്മുഖം പുറത്തായി :കെ.ജി.ഒ.യു
തിരുവനന്തപുരം : ഡി .എ അവകാശമല്ല എന്ന സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ച ഇടതുസർക്കാരിന്റെ പൊയ്മുഖം വെളിച്ചത്തുവന്നു എന്ന് കെ. ജി .ഒ. യു സംസ്ഥാന പ്രസിഡന്റ് കെ .സി .സുബ്രഹ്മണ്യനും ജനറൽ സെക്രട്ടറി ബി. ഗോപകുമാറും അഭിപ്രായപ്പെട്ടു.
ജീവനക്കാർ ഒരു ബാദ്ധ്യതയാണെന്ന് വിദൂരമല്ലാത്ത ഭാവിയിൽ ഈ സർക്കാർ പറയുമെന്ന കാര്യത്തിൽ സംശയമില്ല. സർക്കാർ കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിനെതിരെ പ്രതിഷേധിക്കാൻ കഴിയാത്ത ഇടതുസർക്കാർ സർവീസ് സംഘടനകൾ പിരിച്ചുവിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ക്ഷാമബത്ത: സർക്കാർ നിലപാട് തിരുത്തണമെന്ന്
തിരുവനന്തപുരം: ക്ഷാമബത്ത അവകാശമല്ലെന്ന സർക്കാർ നിലപാട് തിരുത്തണമെന്നും ഇടതുസർക്കാരിന്റെ പ്രഖ്യാപിതനയത്തിന് അനുസരിച്ചാവണം കോടതിയിൽ പറയേണ്ടതെന്നും അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി ആവശ്യപ്പെട്ടു.
ഡി.എ അവകാശമല്ലെന്ന നിലപാട് ഇടതുപക്ഷ സർക്കാരിനില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നൽകാനുള്ളതെല്ലാം സർക്കാർ കൊടുത്തുതീർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതാണ്. ഇതിന് വിരുദ്ധമായി നിലപാടെടുക്കുന്ന ധനകാര്യമേധാവികളെ സർക്കാർ നിലയ്ക്ക് നിറുത്തണം.
കേന്ദ്രഗവൺമെന്റ് കേരളത്തോട് തുടർന്നുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക ഉപരോധം ക്ഷാമബത്തയടക്കമുളള ആനുകൂല്യങ്ങൾ വൈകുന്നതിനുളള കാരണമാണെങ്കിലും കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും സമര സമിതി ചെയർമാൻ ഒ.കെ. ജയകൃഷ്ണനും ജനറൽ കൺവീനർ കെ.പി.ഗോപകുമാറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |