
കോട്ടയം 'യു.ഡി.എഫ് അഞ്ചു വർഷം മുമ്പ് ചവിട്ടിപുറത്താക്കിയ തങ്ങളെ ചേർത്തു പിടിച്ചത് എൽ.ഡി.എഫും പിണറായി സഖാവുമാണെന്ന് കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
അഞ്ചു വർഷം കൂടുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന പാർട്ടിയല്ല. മുന്നണി മാറ്റം തുറക്കാത്ത അദ്ധ്യായമാണ്. ആരുമായും ചർച്ച നടത്തിയിട്ടില്ല. ഞങ്ങൾക്കായി ആരെങ്കിലും വാതിൽ തുറന്നിട്ടുണ്ടെങ്കിൽ അത് പാർട്ടിയുടെ ശക്തി കണ്ടാണ്. ജനങ്ങളെ ബാധിക്കുന്ന മുഖ്യ വിഷയങ്ങളിൽ പ്രതിപക്ഷത്തേക്കാൾ ഇടപെട്ടതും പരിഹരിച്ചതും ഇടതു മുന്നണിയിലെ ഘടക കക്ഷിയായ കേരള കോൺഗ്രസ്- എമ്മാണ്. റബർ താങ്ങുവില ഉയർത്തിയത്, ബഫർ സോൺ, മുനമ്പം , വഖഫ്, പട്ടയം, ഭൂപതിപ്പ് നിയമ ഭേദഗതി, വന്യജീവി ആക്രമണം. തെരുവ് നായ പ്രശ്നം, അദ്ധ്യാപക നിയമന പ്രശ്നം , കന്യാസ്ത്രീ മഠങ്ങളിൽ റേഷൻ കാർഡ് തുടങ്ങി പല പൊതുവിഷയങ്ങളിലും ഭരണ നടപടികളെടുപ്പിക്കുന്നതിൽ പാർട്ടി മുഖ്യ പങ്കു വഹിച്ചു.
സർക്കാർ തലത്തിൽ തങ്ങളെടുപ്പിച്ച ഭരണനടപടികളും സർക്കാരിന്റെ ഭരണ നേട്ടങ്ങളും കൃത്യമായി
ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞില്ലെന്ന പോരായ്മയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ഇടതുമുന്നണിക്ക് നേടാൻ കഴിഞ്ഞില്ലെങ്കിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 110 നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം തദ്ദേശ തിരഞ്ഞെടുപ്പിൽ 80 ആക്കി കുറക്കാൻ കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തുടർ ഭരണം ലഭിക്കും. ഇതിനായി സമഗ്ര ജനസമ്പർക്ക പരിപാടി ആരംഭിക്കും- ജോസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |