
ലണ്ടൻ: പ്രായം കൂടുന്തോറും പുരുഷന്മാരിൽ ലൈംഗിക താല്പര്യം കുറയുമെന്ന പരമ്പരാഗത ധാരണകളെ തിരുത്തി പുതിയ പഠനം. പുരുഷന്മാരിൽ ലൈംഗികാസക്തി ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് 40കളിലാണെന്നാണ് എസ്റ്റോണിയയിലെ ടാർട്ടു സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. 20 മുതൽ 84 വയസുവരെയുള്ള 67,000 പുരുഷന്മാരിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ ഈയൊരു നിഗമനത്തിലെത്തിയത്.
20കളിൽ വർദ്ധിച്ചു തുടങ്ങുന്ന ലൈംഗിക താല്പര്യം 40കളുടെ തുടക്കത്തിലാണ് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത്. ഇതിനു ശേഷമാണ് ക്രമാനുഗതമയി കുറഞ്ഞു വരുന്നത്. 60കളിൽ എത്തിയ പുരുഷന്മാർക്ക് 20കാരന്മാരുടെ അത്രതന്നെ ലൈംഗിക താൽപ്പര്യം ഉണ്ടെന്ന കണ്ടെത്തലും ശ്രദ്ധേയമാണ്. എന്നാൽ സ്ത്രീകളിൽ ഇത് നേരെ വിപരീതമായാണ് സംഭവിക്കുന്നത്.
20കൾ മുതൽ 30കളുടെ തുടക്കം വരെയുള്ള കാലയളവിലാണ് സ്ത്രീകളിൽ ലൈംഗിക താല്പര്യം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. 50വയസിന് ശേഷം ഇതിൽ വലിയ കുറവുണ്ടാകുന്നു. മിക്കവാറും എല്ലാ പ്രായത്തിലും സ്ത്രീകളേക്കാൾ കൂടുതൽ ലൈംഗികാസക്തി പുരുഷന്മാർക്കാണ്. 60 വയസിന് ശേഷം മാത്രമാണ് പുരുഷന്മാരിലെ ലൈംഗിക താല്പര്യം സ്ത്രീകളുടെ ഏറ്റവും ഉയർന്ന താല്പര്യത്തേക്കാൾ കുറയുന്നത്.
സാധാരണയായി പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ 30വയസിന് ശേഷം കുറഞ്ഞു തുടങ്ങാറാണ് പതിവ്. എന്നിട്ടും 40കളിൽ ആസക്തി കൂടുന്നത് കേവലം ജീവശാസ്ത്രപരമായ കാരണങ്ങൾ കൊണ്ടല്ലെന്നാണ് ഗവേഷകർ പറയുന്നത്. 40ലെ പുരുഷന്മാർ കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ ദാമ്പത്യ ബന്ധങ്ങളിൽ ഏർപ്പെടുന്നവരാണ്. പങ്കാളിയുമായുള്ള വൈകാരിക അടുപ്പവും മാനസിക സംതൃപ്തിയും ഈ പ്രായത്തിൽ ലൈംഗിക താല്പര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഓഫീസ് ജോലികളിലും സെയിൽസ് രംഗത്തും പ്രവർത്തിക്കുന്നവർക്ക് ലൈംഗിക താല്പര്യം കൂടുതലാണെന്ന് പഠനം പറയുന്നു. എന്നാൽ സൈനികർ, മെഷീൻ ഡ്രൈവർമാർ എന്നിവരിൽ ഇത് കുറവാണ്. ദാമ്പത്യ ജീവിതത്തിൽ കഴിയുന്ന പുരുഷന്മാർക്ക് അവിവാഹിതരേക്കാൾ താല്പര്യം കൂടുതലാണ്. എന്നാൽ സ്ത്രീകളിൽ പങ്കാളി ഇല്ലാത്തവർക്കാണ് കൂടുതൽ താല്പര്യം കാണപ്പെടുന്നത്.
കൂടുതൽ കുട്ടികളുള്ള സ്ത്രീകളിൽ ലൈംഗികാസക്തി കുറവായിരിക്കുമ്പോൾ പുരുഷന്മാരിൽ ഇത് നേരെ തിരിച്ചാണ്. ലൈംഗിക താല്പര്യം എന്നത് കേവലം ശാരീരികമായ ഒന്നല്ലെന്നും അത് വ്യക്തികളുടെ സാമൂഹികവും മനഃശാസ്ത്രപരവുമായ സാഹചര്യങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |