
കെ.എസ്.ഇ.ബി ഓഫീസുകളിൽ 'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്" എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്‌ഡിൽ ഉദ്യോഗസ്ഥരും കരാറുകാരും ചേർന്നു നടത്തുന്ന ക്രമക്കേടിന്റെയും അഴിമതിയുടെയും വലിയ ശൃംഖല അഥവാ 'ബിഗ് സർക്യൂട്ടാണ്" കണ്ടെത്തിയിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ ബില്ല് വരുമ്പോൾ സാധാരണ ഷോക്കടിക്കുന്നത് സാധാരണക്കാരാണെങ്കിൽ ഇത്തവണ പരിശോധനയിൽ ഷോക്കടിച്ചത് വൈദ്യുതി വകുപ്പിലെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്കാണ്. പലയിടത്തും കെ.എസ്.ഇ.ബിയുടെ വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്നത് ഉദ്യോഗസ്ഥർ തന്നെയാണ്. രേഖകളിൽ മാത്രം ഒരു ബെനാമി കരാറുകാരനെ വയ്ക്കും. കട്ടപ്പനയിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ബെനാമി കരാറുകാരെ വച്ച് ജോലി ഏറ്റെടുത്ത് നടത്തുന്നതായി വിജിലൻസ് കണ്ടെത്തി. തിരുവല്ലയിൽ കെ.എസ്.ഇ.ബി ഓഫീസിനു മുന്നിലെ കടയുടമയെ ഏജന്റാക്കി കൈക്കൂലിപ്പിരിവ് നടത്തിവന്നതായും കണ്ടെത്തിയിട്ടുണ്ട്.
70 ഇലക്ട്രിക്കൽ സെക്‌ഷനുകളിലായി അഞ്ചു വർഷത്തിനിടയിലെ കരാറുകളാണ് പരിശോധിച്ചത്. വിവിധ സെക‌്‌ഷൻ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥർ 16.50 ലക്ഷം രൂപ അക്കൗണ്ടിലൂടെ മാത്രം കൈക്കൂലിയായി കൈപ്പറ്റിയെന്നും കണ്ടെത്തി. അക്കൗണ്ടിലൂടെ വാങ്ങുക എന്നു പറയുമ്പോൾ കൈക്കൂലി വാങ്ങുന്നവർ ആരെയും പേടിക്കുന്നില്ലെന്നും കൈക്കൂലിക്ക് തെളിവുണ്ടായാലും പ്രശ്നമില്ല എന്ന മട്ടിലാണ് കാര്യങ്ങൾ നടത്തുന്നതെന്നും മനസിലാക്കേണ്ടിവരും. കരാർ ജോലികളിലെ ടെൻഡർ ഒഴിവാക്കാനും കൈക്കൂലിക്കാർ സ്വന്തം വഴി വെട്ടിത്തെളിച്ചിട്ടുണ്ട്. വലിയ ടെൻഡർ ഒഴിവാക്കാൻ അതേ ടെൻഡർ വിഭജിച്ച് കുറഞ്ഞ തുകയ്ക്കുള്ള വിവിധ ജോലികളാക്കി മാറ്റും. അപ്പോൾ, ക്വട്ടേഷൻ ക്ഷണിച്ച് നടപ്പാക്കിയാൽ മതി. അങ്ങനെ ഒരേ കരാറുകാരനു തന്നെ വിവിധ ജോലികളുടെ കരാർ വർഷങ്ങളായി നൽകിവരികയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ഉദ്യോഗസ്ഥ സംഘമാണ്.
വർക്കല ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫീസിൽ ഒരു സബ് എൻജിനിയർ 56,200 രൂപയും, മറ്റൊരു സബ് എൻജിനിയർ 4000 രൂപയും യു.പി.ഐ ഇടപാടിലൂടെ കരാറുകാരനിൽ നിന്ന് കൈപ്പറ്റി. പാറശ്ശാല ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫീസിൽ സബ് എൻജിനിയർ കരാറുകാരിൽ നിന്നായി 38,000 രൂപയാണ് യു.പി.ഐ മുഖേന കൈപ്പറ്റിയത്. താഴേക്കിടയിൽ നടക്കുന്ന ഈ അഴിമതിക്ക് സാധാരണഗതിയിൽ നടപടിയെടുക്കേണ്ടത് മുകളിലുള്ള ഉദ്യോഗസ്ഥരാണ്. കൈക്കൂലിയുടെ പങ്ക് അവർക്കും എത്തുന്നതിനാലാണ് ആരും ഇത് പരിശോധിക്കാനും തിരുത്താനും തയ്യാറാകാത്തത്. പരിശോധിക്കാൻ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, ക്രമക്കേടിന് അവരും കൂട്ടുനിൽക്കുകയാണ്. ഇത്തരം റെയ്‌ഡുകളിൽ ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കണം.
ആർക്കും എവിടെനിന്നും പണമയയ്കാവുന്ന കാലമാണിത്. അതിനാൽ കൈക്കൂലിപ്പണം ആർക്ക് ചെന്നെത്തിയെന്ന് കണ്ടുപിടിക്കാൻ കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥന്റെ സകല ഇടപാടുകളും ബന്ധങ്ങളും വരെ പരിശോധിക്കേണ്ടിവരും. എന്നാൽത്തന്നെ, അഴിമതിയുടെ മൊത്തം വിവരങ്ങൾ കണ്ടെത്തുക ശ്രമകരമാണ്. അത്തരം പരിശോധനകൾ നടത്താനുള്ള സേനാബലവും വിജിലൻസിനില്ല. വൈദ്യുതി ബോർഡ്, ദേവസ്വം ബോർഡ് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളിൽ സ്വയംഭരണം എന്ന പേരിൽ അഴിമതിയും ക്രമക്കേടും മാത്രമാണ് നടക്കുന്നതെന്നുള്ള ധാരണ പൊതുവിൽ വ്യാപകമായിട്ടുണ്ട്. കെ.എസ്.ഇ.ബി നടത്തുന്ന ക്രമക്കേടിലൂടെ വരുത്തുന്ന നഷ്ടവും വൈദ്യുതി വർദ്ധന എന്ന പേരിൽ ഒടുവിൽ താങ്ങേണ്ടിവരുന്നത് ഉപഭോക്താവാണെന്ന് മറക്കരുത്. അഴിമതിയില്ലാത്ത ഉദ്യോഗസ്ഥരെ ഇത്തരം ബോർഡുകളുടെ ഉന്നത സ്ഥാനങ്ങളിൽ നിയോഗിച്ച് ബോർഡിന്റെ നഷ്ടപ്പെടുന്ന വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ശ്രമിക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |