
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ ഗംഭീര വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫും കോൺഗ്രസും ആവർത്തിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് പ്രവർത്തകരുടെ വിജയോത്സവമായ 'മഹാപഞ്ചായത്ത്" മറൈൻഡ്രൈവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ തിരഞ്ഞെടുപ്പിലേതു പോലെ നിയമസഭയിലും ജനശബ്ദം കൃത്യമായും വ്യക്തമായും പ്രതിഫലിക്കും. അധികാരം നേടിയാൽ ജനങ്ങൾക്കു വേണ്ടി എന്തു ചെയ്യുമെന്നതിനാണ് പ്രസക്തി. .തൊഴിലില്ലായ്‌മ നേരിടാൻ വ്യക്തമായ കാഴ്ചപ്പാട് യു.ഡി.എഫും കോൺഗ്രസ് നേതൃത്വവും ആവിഷ്‌കരിക്കണം. ആയിരക്കണക്കിന് യുവാക്കളാണ് തൊഴിലിനായി രാജ്യം വിടുന്നത്. വിവിധ രാജ്യങ്ങളിൽ മലയാളികൾ കഠിനമായി അദ്ധ്വാനിക്കുന്നതും നേട്ടങ്ങൾ കൈവരിക്കുന്നതും കണ്ടിട്ടുണ്ട്. അവർക്ക് കേരളത്തിൽ തന്നെ അവസരമൊരുക്കണം. എന്താണ് ജനങ്ങൾക്ക് ആവശ്യമെന്ന് മനസിലാക്കി പ്രവർത്തിക്കാൻ കഴിയുന്ന നേതൃത്വമാണ് കോൺഗ്രസിനും യു.ഡി.എഫിനും കേരളത്തിലുള്ളത്. ജനങ്ങൾ നൽകിയ വിശ്വാസം മുറുകെപ്പിടിച്ച്, ഹൃദയത്തിൽച്ചേർത്ത് പ്രവർത്തിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കെ. സുധാകരൻ എം.പി എന്നിവർ പ്രസംഗിച്ചു.
ഡോ. ലീലാവതിയുടെ ജീവിതം മാതൃക: രാഹുൽ ഗാന്ധി
കൊച്ചി: എല്ലാവർക്കും ഊർജം പകരുന്നതാണ് ഡോ.എം. ലീലാവതിയുടെ ജീവിതമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കെ.പി.സി.സിയുടെ സാഹിത്യ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ പ്രിയദർശിനി സാഹിത്യ പുരസ്കാരം ലീലാവതിക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
. തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ വീടിന് മുന്നിൽ ഒരുക്കിയ പന്തലിലായിരുന്നു ചടങ്ങ്. അവാർഡിന്റെ ഭാഗമായ ഒരു ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് ചടങ്ങിൽ തന്നെ ലീലാവതി കൈമാറി.ഇന്ദിരാ ഗാന്ധിയിൽ നിന്നു പുരസ്കാരം ലഭിച്ചിട്ടുള്ള തനിക്ക് ഇപ്പോൾ കൊച്ചുമകനിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ലീലാവതി പറഞ്ഞു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉന്നത പദങ്ങളിൽ എത്തട്ടെയെയും ആശംസിച്ചു. അത് കാണാൻ താൻ ചിലപ്പോൾ ഉണ്ടാവില്ല. പക്ഷെ അത് ഭാവനയിൽ കാണുന്നുണ്ടെന്നും അങ്ങനെ സംഭവിക്കട്ടെയെന്നും ടീച്ചർ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് നേതാക്കളായ ദീപ ദാസ് മുൻഷി, സച്ചിൻ പൈലറ്റ്, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ഹൈബി ഈഡൻ , ഉമ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |