
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളടക്കം സേവനങ്ങൾക്കും ചികിത്സയ്ക്കുമുള്ള ഫീസ് നിരക്കുകളും പാക്കേജുകളും പൊതുജനങ്ങൾ കാണുന്ന രീതിയിൽ കൃത്യമായി പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശം. പ്രദർശിപ്പിച്ച നിരക്കുകളിൽ കൂടുതൽ ഈടാക്കാൻ പാടില്ല. അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്വമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്.
കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം. ഇക്കാര്യങ്ങൾ ഉൾപ്പെടെയുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ വ്യവസ്ഥകൾ നിർബന്ധമായി പാലിക്കണമെന്നും നിർദ്ദേശിച്ചു.
അഡ്മിഷൻ ഡസ്‌കിൽ/റിസപ്ഷൻ സ്ഥലത്ത് പരാതി പരിഹാര ഓഫീസറുടെ ഇ-മെയിൽ വിലാസം, പേര്, ഫോൺനമ്പർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ രജിസ്റ്ററിംഗ് അതോറിട്ടി എന്നിവരെ ബന്ധപ്പെടാനുള്ള ഫോൺനമ്പറുകൾ ഉൾപ്പെടെ മലയാളത്തിലും ഇംഗ്ലീഷിലും
പ്രദർശിപ്പിക്കണം. സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇക്കാര്യങ്ങൾ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ നിർദ്ദേശിച്ചു.
ഇനം തിരിച്ച്
ബിൽ നൽണം
കൺസൾട്ടേഷൻ, പരിശോധന, ചികിത്സ, മറ്റു സേവനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ നിരക്കുകളും ഉൾപ്പെടുത്തിയ ഇനംതിരിച്ച ബിൽ രോഗികൾക്ക് നൽകണം. രജിസ്‌ട്രേഷനില്ലാതെ ഒരു ക്ലിനിക്കൽ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുവാദമില്ല. ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സാകേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കിടത്തി ചികിത്സയുള്ളവയ്ക്കും ക്ലിനിക്കുകൾക്കും സ്ഥാപനങ്ങളെല്ലാം നിയമം ബാധകമാണ്. എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി പരിഹാര ഡസ്‌ക് നിർബന്ധം. ലഭിച്ച പരാതി ഏഴ് പ്രവൃത്തി ദിനത്തിനുള്ളിൽ പരിഹരിക്കണം. ഗൗരവകരമായ പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണം.
പരാതി നൽകാം
നിയമം ലംഘിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾക്കെതിരെ രോഗികൾക്കോ ബന്ധുക്കൾക്കോ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകളിൽ പരാതി നൽകാം. കബളിപ്പിക്കലും ചതിയും ഉൾപ്പെടെയുള്ള കേസുകൾ സംബന്ധിച്ച് പൊലീസിനെ സമീപിക്കാം. ഗുരുതരമായ കുറ്റങ്ങളുടെ കാര്യത്തിൽ ചീഫ് സെക്രട്ടറിക്കോ ഡി.ജി.പിക്കോ പരാതികൾ നൽകണം. പരാതി പരിഹാര സഹായങ്ങൾക്കായി ജില്ല/സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടിയുടെ ഉപദേശവും സഹായവും തേടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |