
തിരുവനന്തപുരം : വിദ്യാഭ്യാസമടക്കമുള്ള മേഖലകളിൽ കേരളത്തിലെ സ്ത്രീകൾ മുന്നിലാണെങ്കിലും തൊഴിൽ രംഗത്ത് ആനുപാതികമായ പങ്കാളിത്തം നേടാൻ സാധിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കേരള വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന 'പറന്നുയരാം കരുത്തോടെ' സംസ്ഥാനതല ക്യാമ്പൈയിന്റെ ഉദ്ഘാടനം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജോലി തേടിപ്പോകുന്ന സ്ത്രീകൾക്കായി എല്ലാ ജില്ലകളിലും ഹോസ്റ്റൽ സൗകര്യം സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നും സിനിമയടക്കമുള്ള തൊഴിലിടങ്ങളിൽ പോഷ് നിയമം കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകൾ പറക്കാനുള്ള ചിറകുകൾ സ്വയം കണ്ടെത്തണമെന്ന് ക്യാമ്പൈയിന്റെ ബ്രാൻഡ് അംബാസിഡറായ നടി മഞ്ജു വാര്യർ പറഞ്ഞു. വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഐ.ജി എസ്.അജിതാബീഗം, വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി കെ.ഹരികുമാർ, കമ്മീഷൻ അംഗങ്ങളായ അഡ്വ.ഇന്ദിരാ രവീന്ദ്രൻ, അഡ്വ.എലിസബത്ത് മാമൻ മത്തായി, വി.ആർ മഹിളാമണി, അഡ്വ.പി.കുഞ്ഞായിഷ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |