
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കാഞ്ഞിരംകുളം തവ്വാവിള ഷിജിൻ ഭവനിൽ ഷിജിൽ - കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) ആണ് കഴിഞ്ഞ വെളിയാഴ്ച രാത്രി മരിച്ചത്. കുഞ്ഞിന്റെ വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.
അച്ഛൻ വാങ്ങിക്കൊടുത്ത ബിസ്കറ്റ് കഴിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് കുട്ടി കുഴഞ്ഞുവീണത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുഞ്ഞിന്റെ മാതാവിന്റെ വീട്ടുകാർ ആരോപിച്ചിരുന്നു.
ഷിജിലും കൃഷ്ണപ്രിയയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും അടുത്ത കാലത്താണ് ഇവർ വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയതെന്നും ബന്ധുക്കൾ പറയുന്നു. ഇതേത്തുടർന്നാണ് പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്തപ്പോൾ സംശയകരമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനാലാണ് അവരെ ആദ്യം വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു.
മരണസമയത്ത് കുഞ്ഞിന്റെ കെെയിൽ മൂന്ന് പൊട്ടലുണ്ടായിരുന്നുവെന്നും വിവരമുണ്ട്. എന്നാൽ ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്നും ചികിത്സ തേടിയിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. കുട്ടിയെ ബനിയൻ ധരിപ്പിച്ചപ്പോൾ കെെ വേദനിക്കുന്നുവെന്ന് മനസിലായെന്നും തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയെന്നുമാണ് മാതാപിതാക്കൾ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |