
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെയും പ്രമുഖ വ്യവസായി റോബർട്ട് വാദ്രയുടെയും മകൻ റേഹാൻ വാദ്രയും അവിവ ബൈഗും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. രാജസ്ഥാനിലെ രൺതംബോറിൽ വച്ചായിരുന്നു വിവാഹനിശ്ചയം.
വിവാഹനിശ്ചയത്തിന്റെ ചിത്രത്തോടൊപ്പം ഇരുവരുടെയും കുട്ടിക്കാലത്തുള്ള ചിത്രവും റേഹാനും അവിവയും പങ്കുവച്ചിട്ടുണ്ട്. 25കാരനായ റേഹാന്റെ വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വാർത്തകൾ ദിവസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്. കഴിഞ്ഞ ഏഴ് വർഷമായി ഇരുവരും പ്രണയത്തിലാണ്. അധികം വൈകാതെ വിവാഹം നടക്കുമെന്നാണ് സൂചന.
അവിവ ബൈഗ് ഡൽഹി സ്വദേശിനിയാണ്. അവിവയുടെ പിതാവ് ഇമ്രാൻ ബൈഗ് വ്യവസായിയാണ്. അമ്മ നന്ദിത ബൈഗ് ഇന്റീരിയർ ഡിസൈനറാണ്. നന്ദിതയ്ക്ക് പ്രിയങ്ക ഗാന്ധിയുമായി ദീർഘകാല സൗഹൃദമുണ്ടെന്നും കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവന്റെ ഇന്റീരിയർ ഡിസൈനിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഡൽഹിയിലെ മോഡേൺ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം അവിവ ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. ഇന്റീരിയർ ഡിസൈനർ, ഫോട്ടോഗ്രാഫർ, നിർമ്മാതാവ് എന്നീ നിലകളിലും അവിവ അറിയപ്പെടുന്നു.
മുത്തച്ഛൻ രാജീവ് ഗാന്ധിയും അമ്മാവൻ രാഹുൽ ഗാന്ധിയും പഠിച്ച ഡൂൺ സ്കൂളിലാണ് റേഹാൻ പഠിച്ചത്. പിന്നീട് ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ ഉന്നത വിദ്യാഭ്യാസം നേടി. വിഷ്വൽ ആർട്ടിസ്റ്റായ റേഹാൻ ഫോട്ടോഗ്രാഫിയിലും തൽപരനാണ്. മുംബയ് ആസ്ഥാനമായുള്ള സമകാലീന ആർട്ട് ഗാലറിയായ എപിആർഇ ആർട്ട് ഹൗസ് വഴി റേഹാന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |