
കൊച്ചി: ഒന്നര ലക്ഷം ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച്, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിലേക്കുമുള്ള നിയമന നടപടികൾ നിറുത്തിവച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിലെ നിയമനങ്ങൾ റിക്രൂട്ട്മെന്റ് ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിലെ നിയമപ്രശ്നങ്ങളെ തുടർന്നാണിത്.
ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട കേസിൽ, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ടിന്റെ 9-ാം വകുപ്പ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജനുവരി 9ന് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. നിയമനങ്ങൾ നടത്താനുള്ള അധികാരവുമായി ബന്ധപ്പെട്ട വകുപ്പാണിത്. ഹൈക്കോടതി വിധി മറ്റ് ദേവസ്വങ്ങൾക്കും ബാധകമായേക്കുമെന്ന നിയമോപദേശത്തെ തുടർന്നാണ് നിയമന നടപടികളെല്ലാം നിറുത്തിവച്ചത്.
ഹൈക്കോടതി വിധിക്കെതിരെ റിക്രൂട്ട്മെന്റ് ബോർഡ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. സംസ്ഥാന സർക്കാരും ഹർജി നൽകും. സ്റ്റേ ലഭിച്ചാൽ നിയമന നടപടികൾ തുടരും. ഗുരുവായൂർ ദേവസ്വത്തിലെ താത്കാലിക ജീവനക്കാരും നിയമനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരെയും പരിഗണിക്കണമെന്ന വിധിയെ തുടർന്നാണ് ബോർഡ് നടപടികൾ തുടങ്ങിയത്. ഒമ്പതാം വകുപ്പിന്റെ സാധുത സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല.
എൽ.ഡി ക്ലർക്ക് നിയമനമടക്കം തടസപ്പെടും
1.അഞ്ച് ദേവസ്വം ബോർഡുകളിലെ വിവിധ തസ്തികകളിലായി ഒന്നരലക്ഷം പേർ റിക്രൂട്ട്മെന്റ് ബോർഡിൽ അപേക്ഷ നൽകിയിട്ടുണ്ട്. പാരമ്പര്യാവകാശമുള്ള തസ്തികകളിലൊഴികെ ദേവസ്വങ്ങൾക്കായി നിയമനം നടത്തുന്നത് റിക്രൂട്ട്മെന്റ് ബോർഡാണ്. 2015ലാണ് ബോർഡ് നിലവിൽ വന്നത്
2.കഴിഞ്ഞവർഷം മാത്രം ബോർഡ് 97 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കിയിരുന്നു. ഇതിൽ 54 എണ്ണവും ഗുരുവായൂർ ദേവസ്വത്തിന്റേതാണ്. 38 തസ്തികകൾ എഴുത്തുപരീക്ഷ കഴിഞ്ഞ് ഇന്റർവ്യൂ ഘട്ടത്തിലാണ്.
3.തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് 20,000ലേറെപ്പേർ അപേക്ഷിച്ചിട്ടുള്ള എൽ.ഡി ക്ളർക്ക് നിയമന നടപടിയെടക്കമാണ് നിറുത്തിവച്ചത്.
145
റിക്രൂ. ബോർഡ് നിയമനം
നടത്തിയ തസ്തികകൾ
2,958
ഇതുവരെ നിയമനം ലഭിച്ചവർ
ഗുരുതര പ്രതിസന്ധിയാണ് റിക്രൂട്ട്മെന്റ് ബോർഡ് നേരിടുന്നത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
അഡ്വ. കെ.ബി. മോഹൻദാസ്,
ചെയർമാൻ, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |