
കൊച്ചി: ആരാധകരെ നിരാശയിലാഴ്ത്തി ലയണൽ മെസിയും അർജന്റീന ടീമും മാർച്ചിലും കേരളത്തിലെത്തില്ല. മാർച്ച് 27നും 31നും ഖത്തറിൽ രണ്ട് മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്. 27ന് ഫിഫ വിൻഡോയിൽ സ്‌പെയിനുമായുള്ള 'ഫെെനലിസിമ' മത്സരത്തിന് ശേഷം 31ന് ഖത്തറുമായി സൗഹൃദമത്സരത്തിലും അർജന്റീന കളിക്കും. ഇതോടെ മാർച്ചിൽ മെസിയും സംഘവും കേരളത്തിലെത്തുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റു.
മാർച്ചിൽ അർജന്റീന ടീം കേരളത്തിൽ എത്തുമെന്നായിരുന്നു സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ അവകാശവാദം. കഴിഞ്ഞ വർഷം മെസി കൊൽക്കത്ത, ഹെെദരാബാദ്, മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.
അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിൽ കളിപ്പിക്കാനായി നടന്ന ഒരു കാര്യങ്ങളും തീരുമാനങ്ങളും തങ്ങൾക്ക് അറിയില്ലെന്നായിരുന്നു സംസ്ഥാന കായിക വകുപ്പിന്റെ നിലപാട്. മെസിയെയും സംഘത്തെയും കേരളത്തിൽ എത്തിക്കാൻ സ്വകാര്യ ടിവി ചാനൽ കമ്പനിയെ സർക്കാർ സ്‌പോൺസർഷിപ് ഏൽപ്പിച്ചെങ്കിലും അതിനായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം വകുപ്പ് വ്യക്തമാക്കുന്നു. അർജന്റീന കേരളത്തിൽ തളിക്കാനെത്തുന്നതായി സർക്കാരിന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.
സൗഹൃദ മത്സരത്തിനായി അർജന്റീന ടീം മാർച്ചിൽ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്മാനും പറഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പ് അർജന്റീന ഫുട്‌ബോൾ ടീമിന്റെ മെയിൽ വന്നിരുന്നു. മാർച്ചിൽ വരുമെന്ന് ഉറപ്പ് നൽകിയതായും ഇത് സംബന്ധിച്ച പ്രഖ്യാപനം അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (എഎഫ്‌എ) ഉടൻ നടത്തുമെന്നും മന്ത്രി കഴിഞ്ഞ വർഷം നവംബറിൽ അറിയിച്ചിരുന്നു.
നേരത്തേ ഒക്‌ടോബറിൽ വരുമെന്നും പിന്നീട് നവംബറിൽ വരുമെന്നുമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കേരളത്തിലെ സ്റ്റേഡിയമടക്കമുള്ള പ്രശ്‌നങ്ങൾ കാരണം നവംബര്‍ വിന്‍ഡോയില്‍ കേരളത്തില്‍ എത്തില്ലെന്ന് ഒടുവിൽ മന്ത്രിയും സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിനും പ്രഖ്യാപിച്ചു. അടുത്ത വിന്‍ഡോ ആയ മാര്‍ച്ചില്‍ വരുമെന്നാണ് അന്ന് മന്ത്രി പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |