
തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ചെലാൻ തുക തുടർച്ചയായി അടച്ചില്ലെങ്കിൽ പണം വാഹന ഉടമയുടെ അക്കൗണ്ടിൽ നിന്നെടുക്കും. ഇതടക്കമുള്ളവ ഉൾപ്പെടുത്തി കേന്ദ്രമോട്ടോർ വാഹന നിയമം പരിഷ്‌കരിക്കും. നോട്ടീസ് ലഭിച്ചിട്ടും പിഴ അടയ്‌ക്കാത്തവരുടെ എണ്ണം കൂടിയതിനെ തുടർന്നാണ് നടപടി.
ഇതിനായി വാഹന ഉടമയുടെ ആർ.സി ബുക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കും. നിയമം ലംഘിച്ചാൽ തുക ബാങ്കിൽ നിന്ന് ഈടാക്കാമെന്ന സത്യപ്രസ്താവനയും വാഹനം വാങ്ങുമ്പോൾ നൽകണം. പിഴത്തുക ബാങ്കിലില്ലെങ്കിൽ വാഹനം കണ്ടുകെട്ടലുൾപ്പെടെയുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പിന് കടക്കാം.
കഴിഞ്ഞയാഴ്‌ച ഡൽഹിയിൽ നടന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മിഷണർമാരുടെ യോഗത്തിലാണ് കേന്ദ്രമോട്ടോർ വാഹനവകുപ്പ് ഇക്കാര്യം അവതരിപ്പിച്ചത്. യോഗത്തിലുയർന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മാർച്ചിനു മുമ്പ് മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവരും. ചില യൂറോപ്യൻ രാജ്യങ്ങൾ ഇതേ രീതിയിലാണ് പിഴ ഈടാക്കുന്നത്
45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം
ഗതാഗത നിയമ ലംഘനത്തിനുള്ള ചെലാൻ കൈപ്പറ്റിയാൽ 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണം.
കുറ്രം ചെയ്യാതെയാണ് ചെലാൻ ലഭിച്ചതെങ്കിൽ തെളിവ് സഹിതം തെളിയിക്കണം. ഇല്ലെങ്കിൽ പിഴ അടയ്ക്കണം.
90 ദിവസം കഴിഞ്ഞാൽ കേസ് കോടതിക്ക് കൈമാറും.
ലൈസൻസ് സസ്‌പെൻഡ് ചെയ്യണം
നിശ്ചിത എണ്ണം ചെലനുകൾ അടിച്ചില്ലെങ്കിൽ ആദ്യം ലൈസൻസ് സസ്‌പെൻഡ് ചെയ്യണമെന്നായിരുന്നു കേരളം യോഗത്തിൽ നിർദ്ദേശിച്ചത്. നിയമ ലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കണം. ലൈസൻസ് സസ്‌പെൻഡ‌് ചെയ്യുന്നവർ പിഴ പലിശ സഹിതം അടച്ച ശേഷം മോട്ടോർ വാഹനവകുപ്പിന്റെ പരിശീലനത്തിനെത്തണം. പുതിയ ലൈസൻസിന് ഒരിക്കൽ കൂടി ടെസ്റ്റിനെത്തണം.
'നിയമം ലംഘിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയും പിഴ നൽകാതിരിക്കുകയും ചെയ്യുമ്പോൾ കൂടുതൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തും''.
- സി.എച്ച്. നാഗരാജു, ട്രാൻസ്‌പോർട്ട് കമ്മീഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |