തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ ഇടപെട്ട് എം.ജി സർവകലാശാലാ അദാലത്തിൽ മാർക്ക് ദാനം നടത്തിയതിന് തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ ജലീലിനെ പദവിയിൽ നിന്ന് മാറ്റിനിറുത്തി ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നിലവിൽ നൽകിയ മാർക്കിനു പുറമെ പരമാവധി അഞ്ചു മാർക്കു കൂടി മോഡറേഷൻ നൽകാൻ സർവകലാശാലാ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചതു സംബന്ധിച്ച വിവരാവകാശ രേഖയുടെ പകർപ്പ് അദ്ദേഹം വാർത്താസമ്മേളനത്തിൽ നൽകി. പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്കാണ് മന്ത്രി ഇടപെട്ട് മാർക്ക് കൂട്ടിനൽകി വിജയിപ്പിച്ചത്.
2019 ഫെബ്രുവരിയിൽ എം.ജി സർവകലാശാലയിൽ നടന്ന ഫയൽ അദാലത്തിൽ കോതമംഗലത്തെ സ്വാശ്രയ കോളേജിലെ ഒരു ബി.ടെക് വിദ്യാർത്ഥിനി ആറാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയിൽ എൻ.എസ്.എസ് ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയ്‌ക്ക് അപേക്ഷ നൽകിയിരുന്നു. നേരത്തേ ഇതേ വിദ്യാർത്ഥിക്ക് ഇതേ വിഭാഗത്തിൽ ഗ്രേസ് മാർക്ക് നൽകിയതിനാൽ വീണ്ടും അനുവദിക്കാൻ ചട്ടമില്ലെന്നു കാണിച്ച് സർവകലാശാലാ ഉദ്യോഗസ്ഥർ കുറിപ്പെഴുതി. അപേക്ഷ പരിഗണിക്കാനാവില്ലെന്നു ജോയിന്റ് രജിസ്റ്റാറും തീർപ്പു കൽപിച്ചു. വിദ്യാർത്ഥിനിയുടെ പരാതി വൈസ് ചാൻസലറും തള്ളിയിരുന്നു.
എന്നാൽ അദാലത്തിൽ മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കുട്ടിക്ക് ഒരു മാർക്ക് കൂട്ടിക്കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അദാലത്തിൽ മാർക്ക് കൂട്ടിയിടാൻ അധികാരമില്ലെന്ന് സർവകലാശാലാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് അത് സിൻഡിക്കേറ്റിൽ വച്ചു. ഇതിനെ ഉദ്യോഗസ്ഥർ എതിർത്തതിനാൽ ഔട്ട് ഓഫ് അജണ്ട ആക്കിയാണ് വിഷയം വച്ചത്.
സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ ഈ കുട്ടിക്കു മാത്രമല്ല, തങ്ങൾ നിർദ്ദേശിക്കുന്ന വേറെയും കുട്ടികൾക്ക് മാർക്ക് കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഒരു മാർക്കല്ല, തങ്ങളുടെ ചിലരെ ജയിപ്പിക്കാൻ കൂടുതൽ മാർക്ക് അനുവദിക്കണെന്നും ആവശ്യമുയർന്നു. ഒടുവിൽ, 'സർവകലാശാല ഇതുവരെ നടത്തിയിട്ടുള്ള ബി.ടെക് പരീക്ഷകളിൽ ഏതെങ്കിലും സെമസ്റ്ററുകളിൽ ഏതെങ്കിലും ഒരു വിഷയം മാത്രം വിജയിക്കാനുള്ള വിദ്യാർത്ഥികൾക്ക് നിലവിലുള്ള മോഡറേഷനു പുറമേ പമാവധി അഞ്ചു മാർക്ക് കൂടി നൽകാം' എന്ന അസാധാരണ തീരുമാനമാണ് സിൻഡിക്കേറ്റ് കൈക്കൊണ്ടത്.
ഒരു മാർക്ക് കൂടുതൽ ചോദിച്ചപ്പോൾ കാലപരിധിയില്ലാതെ അഞ്ചു മാർക്ക് അധികം നൽകുന്ന മറിമായമാണ് നടന്നതെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.. തോറ്റതായി സർവകലാശാല പ്രഖ്യാപിച്ച വിദ്യാർത്ഥികളെ മന്ത്രി ഇടപെട്ട് ജയിപ്പിക്കുന്നത് ചരിത്ത്രിൽ ആദ്യമാണ്. പ്രൊ ചാൻസലർ എന്ന നിലയിൽ, ചാൻസലറായ ഗവർണറുടെ അസാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ തത്കാലം വഹിക്കാമെന്ന പരിമിതമായ അധികാരം മാത്രമേ മന്ത്രിക്കുള്ളൂ എന്നിരിക്കെ ഇല്ലാത്ത അധികാരമാണ് അദ്ദേഹം പ്രയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അധികാരം ആർക്ക്?
സർവകലാശാലാ ചട്ടമനുസരിച്ച് പരീക്ഷകളിൽ മാർക്ക് കൂട്ടി നൽകാൻ അധികാരം, അതിനായി നിയോഗിക്കപ്പെട്ട പാസ് ബോർഡുകൾക്കാണ്. അതും റിസൾ വരുന്നതിനു മുമ്പ്. പരീക്ഷയുടെ ടാബുലേഷൻ ജോലികൾ തീർന്ന ശേഷം എക്സാമിനേഷൻ പാസ് ബോർഡ് ചേർന്ന് പരീക്ഷയുടെ കാഠിന്യം, വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള പ്രകടനം, പരാതികൾ, എക്സാമിനർമാരുടെ അഭിപ്രായം തുടങ്ങിയവ വിലയിരുത്തി മോഡറേഷൻ നൽകണോ, എങ്കിൽ എത്ര മാർക്ക് എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കും. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ റീവാല്യുവേഷൻ മാത്രമാണ് മാർക്കിൽ മാറ്റം വരുത്താനുള്ള പോംവഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |