
കൊടുങ്ങല്ലൂർ/തൃശൂർ: കൊടുങ്ങല്ലൂരിൽ ഗൃഹസമ്പർക്ക പരിപാടിക്കിടെ, താൻ ഭക്ഷണം കഴിച്ച പാത്രം ആ വീട്ടിലെ അടുക്കളയിൽപോയി കഴുകിവച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇതിന്റെ വീഡിയോ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.
സി.പി.എം ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച കൊടുങ്ങല്ലൂരിലെ വിവിധ വീടുകളിൽ സന്ദർശനം നടത്തിയ ബേബി, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയത് പാർട്ടി നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ നൗഷാദ് കറുകപ്പാടത്തിന്റെ അഴീക്കോട്ടെ വീട്ടിലായിരുന്നു.
ചോറും മത്തിക്കറിയും കഴിച്ചു. ശേഷം പാത്രം അടുക്കളയിൽ പോയി സ്വയം കഴുകി വൃത്തിയാക്കി. പാർട്ടി പ്രവർത്തകൻ എടുത്ത വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ഞങ്ങൾ കഴുകാമെന്ന് നൗഷാദിന്റെ ഭാര്യ റഹ്മത്ത് പറഞ്ഞപ്പോൾ, ഒരു ദിവസത്തേക്ക് തന്റെ ശീലം മാറ്റേണ്ടതില്ലല്ലോ എന്നായിരുന്നു ബേബിയുടെ മറുപടി.
ചെറുപ്പം മുതൽക്കേ കഴിച്ച പാത്രം കഴുകിവയ്ക്കുക ശീലമാണെന്നും ഇന്നും അത് പാലിക്കുന്നുവെന്നും പറഞ്ഞു. പാത്രം കഴുകുമ്പോൾ തന്റെ കുടുംബവിശേഷങ്ങളും റഹ്മത്തുമായി അദ്ദേഹം പങ്കുവച്ചു. എല്ലാ വീട്ടുപണികളും സ്ത്രീകൾ ചെയ്യുമ്പോൾ, എല്ലാവർക്കുമിത് മാതൃകയാക്കാവുന്നതാണെന്ന് നൗഷാദ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |