
തിരുവനന്തപുരം: യു.ഡി.എഫിൽ മുസ്ലിം ലീഗുമായി ചൊവ്വാഴ്ച തുടങ്ങിയ പ്രാഥമിക സീറ്റ് വിഭജന ചർച്ച ഇന്നലെ പൂർത്തിയായതോടെ കോൺഗ്രസും ലീഗും സീറ്റുകൾ വച്ച് മാറാൻ സാദ്ധ്യത. നിയമസഭാ തിരഞ്ഞെടുപ്പിൽ അംഗബലം വർദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും തങ്ങൾക്ക് അനുകൂലമായ ഏതെങ്കിലും സീറ്റുകൾ വേണമെന്ന ആവശ്യം ലീഗ് മുന്നോട്ടു വച്ചിട്ടുണ്ട്.
2016ൽ 24 സീറ്റുകളിൽ മത്സരിച്ച ലീഗിന് 18 പേരെ വിജയിപ്പിക്കാനായി. എന്നാൽ 2021ൽ 25 സീറ്റുകളിൽ മത്സരിച്ചെങ്കിലും 15 പേരെ സഭയിലെത്തിക്കാനേ കഴിഞ്ഞുള്ളൂ. ഇക്കുറി ആ അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റ് ആവശ്യപ്പെടണമെന്ന അഭിപ്രായം ചില നേതാക്കൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും 25ൽ തന്നെ മത്സരിക്കാനാവും സാദ്ധ്യത. അതേസമയം,ഐഷ പോറ്റിയുടെ വരവ് പോലെ ഇനിയും 'വിസ്മയങ്ങൾ' യു.ഡി.എഫിലേക്ക് എത്തിയാൽ കോൺഗ്രസിന് മാത്രമായി സീറ്റ് ത്യാഗം നടത്താനുമാവില്ല.
പി.കെ.കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമുമാണ് ലീഗിന് വേണ്ടി ചർച്ചയിൽ പങ്കെടുത്തത്. കെ.പി.സി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് എം.എൽ.എ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല,യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് എന്നിവരാണ് കോൺഗ്രസിന് വേണ്ടി ഘടകകക്ഷികളുമായി ചർച്ച നടത്തിയത്.
സ്വാധീന മണ്ഡലം
വേണം: ആർ.എസ്.പി
ആർ.എസ്.പിയും ഇന്നലെ പ്രാഥമിക സീറ്റ് വിഭജന ചർച്ചയിൽ പങ്കെത്തു. ചർച്ചയിൽ 2021ൽ തങ്ങൾ മത്സരിച്ച ആറ്റിങ്ങൽ പോലുള്ള മണ്ഡലങ്ങൾ മാറ്റി,പകരം കൂടുതൽ സ്വാധീനമുള്ള മണ്ഡലം നൽകണമെന്ന ആവശ്യം ആർ.എസ്.പി ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, എ.എ.അസീസ്, ബാബു ദിവാകരൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |