SignIn
Kerala Kaumudi Online
Friday, 23 January 2026 7.00 AM IST

പുഴക്കര ജീവിതം:  ആദിവാസികളുടെ ജീവിത യാത്ര

Increase Font Size Decrease Font Size Print Page
aaralam-1

വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പേ കക്കുവാ പുഴയുടെ തീരത്ത് ഒന്നൊന്നായി കുടിലുകൾ ഉയരാൻ തുടങ്ങി. മുളയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് എളുപ്പത്തിൽ നിർമ്മിച്ച ഈ താത്ക്കാലിക വാസസ്ഥലങ്ങളിൽ ആറളം പുനരധിവാസ മേഖലയിലെ പണിയ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ താമസമുറപ്പിക്കുന്നു. പുഴയുടെ തണുപ്പും ജലലഭ്യതയും തേടിയുള്ള ഈ കുടിയേറ്റം തലമുറകളായി നിലനിൽക്കുന്ന ഒരു ജീവിതശൈലിയുടെ തുടർച്ചയാണ്.

പുഴയോട് കൂടിച്ചേർന്ന ജീവിതം

ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിൽ നിന്നെത്തുന്ന കുടുംബങ്ങളും ആറളം ഫാമിലെ ബ്ലോക്ക് 13-ലെ 55 മേഖലയിലെ താമസക്കാരുമടക്കം ഏകദേശം 28 കുടുംബങ്ങളാണ് ഓരോ വേനലിലും പുഴക്കരയിലേക്ക് താമസം മാറ്റുന്നത്. ഇവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം വൈവിധ്യപൂർണമാണ്. ആറളം ഫാമിൽ സർക്കാർ അനുവദിച്ച പത്ത് കുടുംബങ്ങൾക്ക് ഭൂമിയും വീടുമുണ്ട്. ബ്ലോക്ക് 13-ൽ ഭൂമിയുള്ള മൂന്ന് കുടുംബങ്ങളും ചതിരൂർ 110 ഉന്നതിയിൽ മാതാപിതാക്കൾക്ക് ഭൂമി ലഭിച്ച 15 കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഔദ്യോഗിക രേഖകളിലെ വീടുകളിൽ നിന്ന് പലരും വേനൽക്കാലത്ത് പുഴക്കരയിലേക്ക് മാറുന്നത് വെറും ആവശ്യകതയല്ല. പാരമ്പര്യമായി കൈമാറിവന്ന ജീവിതശൈലിയുടെ ഭാഗമായാണ്. മീൻപിടിത്തം അവരുടെ ഉപജീവനമാർഗമാണ്. പുഴയുടെ തണുപ്പും തുറസ്സായ ഇടവും ആശ്വാസമേകുന്നു. രാത്രിയിൽ പുഴക്കരയിലെ തണുത്ത കാറ്റിൽ ഉറങ്ങുന്നത് അവർ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് പലരും വീടുകൾ ഉണ്ടെങ്കിലും വീടിന് പുറത്തെ പ്ലാസ്റ്റിക് ഷെഡുകളിൽ രാത്രി കഴിയാൻ താത്പര്യപ്പെടുന്നത്. കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലെ പല ആദിവാസി കുടുംബങ്ങളുടെയും ജീവിതവ്യവസ്ഥയിൽ പുഴകൾ അഭേദ്യമായ സ്ഥാനം വഹിക്കുന്നു. അവരുടെ സാംസ്‌കാരിക സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണ് പുഴകൾ. ബാവലിപ്പുഴയുടെ തീരത്തും സമാനമായി കുടിലുകൾ കെട്ടി താമസിക്കുന്നവരുണ്ട്. ഇത് കേവലം വാസസ്ഥലമല്ല, അവരുടെ തനതായ ജീവിതരീതിയുടെ പ്രകടനമാണ്. പകൽ ചൂട് അസഹനീയമാകുമ്പോൾ പുഴയിലെ തണുത്ത വെള്ളത്തിൽ കുളിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നു. വെള്ളത്തിനായി ദൂരെ പോകേണ്ടതില്ല. മീൻ പിടിച്ച് വരുമാനം ഉണ്ടാക്കാം. കുടുംബത്തിന് ഭക്ഷണവും കിട്ടും. ഈ ഘടകങ്ങളെല്ലാം ചേർന്നതാണ് പുഴക്കര താമസത്തെ അനിവാര്യമാക്കുന്നത്.

പുനരധിവാസത്തിന്റെ അപൂർണത

ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിൽ നിന്ന് വന്ന കുടുംബങ്ങളുടെ കഥ കൂടുതൽ സങ്കീർണമാണ്. മൊത്തം 15 കുടുംബങ്ങൾ ഈ സങ്കേതത്തിൽ നിന്ന് ആറളം ഫാമിലേക്ക് പുനരധിവാസം നേടിയെങ്കിലും അവരിൽ പലരും ഇപ്പോഴും പുഴക്കരയിലാണ് താമസം. ഇവരുടെ മാതാപിതാക്കൾക്ക് ചതിരൂർ 110 ഉന്നതിയിൽ ഭൂമി ലഭിച്ചിട്ടുണ്ട്. എന്നാൽ ഉപകുടുംബങ്ങൾക്ക് വേണ്ടത്ര ഭൂമി ലഭിച്ചിട്ടില്ല. ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിലെ പുനരധിവാസം ഇനിയും പൂർത്തീകരിക്കപ്പെടാത്ത ഏകദേശം 25 കുടുംബങ്ങൾ അവിടെത്തന്നെ താമസം തുടരുന്നു. ഇവർക്ക് ആറളത്തേക്കോ മറ്റ് പുനരധിവാസ മേഖലകളിലേക്കോ മാറാനുള്ള സൗകര്യമൊരുങ്ങിയിട്ടില്ല. അതുകൊണ്ട് പഴയ സങ്കേതത്തിൽ തന്നെ നിൽക്കാൻ അവർ നിർബന്ധിതരായിരിക്കുന്നു. ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയും പഞ്ചായത്ത് അംഗങ്ങളായ ഷഹീർ മാസ്റ്റർ, റെഹിയാനത്ത് സുബിയും കക്കുവാ പുഴക്കരയിലെ കുടുംബങ്ങളെ സന്ദർശിച്ച് അവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കി. കുടിവെള്ള ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ആരോഗ്യപ്രശ്‌നങ്ങൾ എന്നിവ അവർ രേഖപ്പെടുത്തി. പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണനും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

യാഥാർത്ഥ്യം

മാസത്തിൽ കിട്ടുന്ന 30 കിലോ റേഷൻ മാത്രമാണ് ഇവരുടെ പ്രധാന ആശ്രയം. സർക്കാർ നൽകുന്ന ഈ റേഷനും പെൻഷനും കൂടിയാണ് അവർ ജീവിക്കുന്നത്. എന്നാൽ ഇത് മാസം മുഴുവൻ നിലനിർത്താൻ പര്യാപ്തമല്ല. അതുകൊണ്ട് മീൻപിടിത്തം, കാട്ടിൽ നിന്നുള്ള ശേഖരണം എന്നിവയിലൂടെ ഉപജീവനം നിലനിർത്തുന്നു.

മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ

ആറളത്തെ പുഴയോരത്ത് കുടിൽ പോലുമില്ലാതെ ജീവിക്കുന്ന കുടുംബങ്ങളുടെ സ്ഥിതിയിൽ നടപടി സ്വീകരിച്ച് മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ അംഗം കെ. ബൈജു നാഥ് ജില്ലാ കലക്ടർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, ഇരിട്ടി ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർ എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം വിശദീകരണം ഹാജരാക്കണമെന്ന് ഉത്തരവായി. ഫെബ്രുവരി 12-ന് രാവിലെ 10.30-ന് കണ്ണൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്ന് കണ്ണൂർ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ ഭൂരഹിതരും ആറളം ഫാമിൽ താമസിക്കാൻ താത്പര്യം അറിയിച്ചവരുമായ നിലവിൽ ഭൂരഹിതരായ (0 മുതൽ 5 സെന്റ് ഭൂമി) 127 പേർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരണ ഘട്ടത്തിലാണെന്ന് പ്രൊജക്ട് ഓഫീസർ വ്യക്തമാക്കി. നിലവിൽ ആറളം പുനരധിവാസ പ്രദേശത്തിന് പുറത്തുനിന്നെത്തി താമസിക്കുന്ന 94 കുടുംബങ്ങൾക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ചതിരൂർ 110 ഉന്നതിയിൽ നിന്ന് വന്ന 15 കുടുംബങ്ങളിൽ 10 പേർ ഈ 94-ൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ഇവർക്ക് ഉടൻ ഭൂമി അനുവദിക്കുമെന്നും പ്രൊജക്ട് ഓഫീസർ അറിയിച്ചു.

TAGS: TRIBALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.