
ന്യൂഡൽഹി: രാജ്യത്താകെ എല്ലാ വർഷവും വൈദ്യുതി നിരക്ക് തനിയെ കൂടുന്ന വ്യവസ്ഥ വരുന്നു. സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകളുടെ തീരുമാനത്തിന് കാത്തു നിൽക്കാതെ എല്ലാ ഏപ്രിൽ ഒന്നിനും നിശ്ചിത സൂചികയുമായി ബന്ധിപ്പിച്ച് വൈദ്യുതി നിരക്ക് ഉയരും. ഇതു സംബന്ധിച്ചുള്ള 2026ലെ ദേശീയ വൈദ്യുതി നയത്തിന്റെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. സംസ്ഥാനങ്ങളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ ചേർത്ത് ബന്ധപ്പെട്ട ബിൽ പാർലമെന്റ് ബഡ്‌ജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.
വൈദ്യുതി വിതരണ കമ്പനികൾക്കുണ്ടാകുന്ന നഷ്ടം, കുടിശ്ശിക തുടങ്ങിയ വെല്ലുവിളികൾ നേരിടാനാണ് എല്ലാ വർഷവും വൈദ്യുതി നിരക്ക് വർദ്ധനയെന്നാണ് കരട് ബില്ലിലെ വിശദീകരണം. വിതരണച്ചെലവ് കാലതാമസമില്ലാതെ നിരക്കിൽ പ്രതിഫലിക്കണം. പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അധിക നിരക്കും ഉപഭോക്താവ് താങ്ങണം. ഇതടക്കം പരിഗണിച്ചാണ് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ നിരക്ക് നിശ്ചയിക്കേണ്ടത്.
വിതരണക്കമ്പനികൾ സമർപ്പിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ റെഗുലേറ്ററി കമ്മിഷനുകൾ വൈദ്യുതിനിരക്ക് നിശ്ചയിക്കുന്ന പതിവ് ഇതോടെ ഇല്ലാതാവും. വർഷംതോറും നിരക്കു കൂടുന്ന തരത്തിൽ ഇൻഡക്സ്(സൂചിക) നിശ്ചയിക്കണമെന്നും കരടിൽ നിർദ്ദേശമുണ്ട്.
ഗാർഹിക ക്രോസ് സബ്സിഡി ഇല്ലാതാവും
1. വാണിജ്യ ഉപഭോക്താക്കളിൽനിന്ന് അധികം തുക ഈടാക്കി ഗാർഹിക – കാർഷിക ഉപയോക്താക്കളുടെ നിരക്കുകൾ കുറയ്ക്കുന്ന ക്രോസ് സബ്സിഡി ഘട്ടംഘട്ടമായി ഒഴിവാക്കണം. ഇത് ഇന്ത്യൻ വ്യവസായത്തിന്റെ ആഗോള മത്സരശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിശദീകരണം.
2. വിതരണ ലൈനുകളിലൂടെ സ്വകാര്യ കമ്പനികൾക്കും വൈദ്യുതി നൽകാം. 2032ഓടെ 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും ട്രാൻസ്‌ഫോർമർ ബാക്ക് അപ്പ് ഉണ്ടാവണം.
3. വൈദ്യുതി നിരക്ക് വിതരണച്ചെലവിന്റെ 50%ത്തിൽ കുറയരുത്. വിതരണക്കമ്പനികൾക്ക് മുൻകൂർ സബ്‌സിഡി നൽകിയാൽ മാത്രം സൗജന്യ വൈദ്യുതി.
4. വൻ നഗരങ്ങളിൽ വൈദ്യുതി വിതരണം ഭൂമിക്കടിയിലൂടെയാവണം. കാർഷിക ആവശ്യത്തിന് 2030 ഓടെ സൗരോർജ്ജം, രാത്രി ബാറ്ററി സ്റ്റോറേജ്.
5. നിർമ്മാണ വ്യവസായം, റെയിൽവേ, മെട്രോ റെയിൽവേ എന്നിവയ്‌ക്ക് ക്രോസ്-സബ്‌സിഡി, സർചാർജ് എന്നിവയില്ല.
6. 2030 ഓടെ പ്രതിശീർഷ വൈദ്യുതി ഉപഭോഗം മണിക്കൂറിൽ 2,000 കി.വാട്ടും 2047 ഓടെ മണിക്കൂറിൽ 4,000 കി.വാട്ടും ലക്ഷ്യം.
7. പുതിയ മോഡുലാർ റിയാക്ടർ, ചെറുകിട റിയാക്ടർ എന്നിവ വഴി 2047ഓടെ 100 ഗീഗാവാട്ട് ലക്ഷ്യം, വാണിജ്യ, വ്യാവസായിക ഉപയോഗത്തിന് ആണവോർജ്ജം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |