
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ചുള്ള ദൃശ്യം പ്രചരിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രതി ഷിംജിത ചിത്രീകരിച്ചത് ഏഴ് വീഡിയോകൾ. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസിന്റെ കണ്ടെത്തൽ. ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ദൈർഘ്യം കുറച്ചാണ് ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചത്. അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയും പഞ്ചായത്ത് മുൻ അംഗവുമായ യുവതിക്ക് നിയമത്തെക്കുറിച്ച് അവബോധമുണ്ടായിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം വീഡിയോ പ്രചരിക്കപ്പെട്ടതിൽ മനംനൊന്താണ് ദീപക്ക് ജീവനൊടുക്കിയതെന്നും സ്വകാര്യ ബസിൽ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവ് ലഭിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. മഞ്ചേരി സബ് ജയിലിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം കോടതി നാളെ പരിഗണിക്കും.
ഷിംജിതയെ ബസിൽ ഉപദ്രവിച്ചെന്ന്
സഹോദരന്റെ പരാതി
അതേസമയം ബസ് യാത്രയ്ക്കിടെ ഒരാൾ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് ഷിംജിതയുടെ കുടുംബം പയ്യന്നൂർ പൊലീസിൽ പരാതി നൽകി. സഹോദരൻ സിയാദാണ് ഇ-മെയിൽ വഴി പരാതി സമർപ്പിച്ചത്. എന്നാൽ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെടാനായില്ലെന്ന് പൊലീസ് പറഞ്ഞു. പരാതിയിൽ ആരുടേയും പേര് പറയുന്നില്ല.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
വിപുല അന്വേഷണം
വേണമെന്ന് ഹർജി
കൊച്ചി: ദീപക് ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനോ സി.ബി.ഐക്കോ കൈമാറണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് 29ലേക്ക് മാറ്റി. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് സി.അജിത് കുമാറാണ് ഹർജിക്കാരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |