
പൊൻകുന്നം (കോട്ടയം): പൊൻകുന്നം തോണിപ്പാറയിൽ വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ എണ്ണയ്ക്കാട് ചേത്തയിൽ സാജൻ (34), ഭാര്യ വാഴൂർ ചെന്നാക്കുന്ന് കറുകോടിയിൽ അനുഷ (30) എന്നിവരാണ് മരിച്ചത്. രണ്ടര വയസുള്ള മകളും ഇവർക്കൊപ്പമായിരുന്നു താമസം. കുട്ടി സുരക്ഷിതയാണ്.
അനുഷയുടെ കഴുത്തിൽ ആഴത്തിലും കൈയിലും മുഖത്തും പരിക്കുണ്ട്. സാജന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു. അനുഷയെ കൊലപ്പെടുത്തിയശേഷം സാജൻ ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
വീടിന്റെ രണ്ടാംനിലയിൽ ഒരുഭാഗത്താണ് ഇവർ താമസിച്ചിരുന്നത്. ഈ മാസം രണ്ടിനാണ് ഇവർ താമസത്തിനെത്തിയത്.

രാത്രിയിൽ വഴക്കും ബഹളവും കേട്ടിരുന്നതായി വീട്ടുടമ പുതുപ്പറമ്പിൽ പാപ്പച്ചൻ തോമസ് പറഞ്ഞു. തുടർന്ന് രാവിലെ ഫോണിൽ വളിച്ചിട്ടും മുകളിലെത്തി കതകിൽ മുട്ടിയിട്ടും പ്രതികരണമില്ലായിരുന്നു. പൊലീസിൽ അറിയിച്ചപ്പോൾ താക്കോൽ ഉപയോഗിച്ച് തുറക്കാൻ നിർദ്ദേശിച്ചു. തുറന്നുനോക്കിയപ്പോഴാണ് ദമ്പതികളെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. രണ്ടാംനിലയിൽ മറ്റൊരുഭാഗത്ത് വേറൊരു കുടുംബം താമസിക്കുന്നുണ്ട്. ഇവിടെ ഒരു സ്ത്രീ മാത്രമാണുണ്ടായിരുന്നത്.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. വിശാൽ, പള്ളിക്കത്തോട് എസ്.എച്ച്.ഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വാഴൂർ കറുതോടിയിൽ എൽസമ്മ, തങ്കച്ചൻ ദമ്പതികളുടെ മകളാണ് അനുഷ. അനുഷയുടെ രണ്ടാം വിവാഹമാണിത്. ആദ്യബന്ധത്തിലെ 10 വയസുള്ള മകൾ അനുഷയുടെ വീട്ടിലാണ് താമസം. ആലപ്പുഴ എണ്ണയ്ക്കാട് ചേത്തയിൽ മാത്യുവിന്റെ മകനായ സാജൻ ജെ.സി.ബി ഓപ്പറേറ്ററാണ്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |