
കണ്ണൂർ: കാമുകനൊപ്പം ജീവിക്കുന്നതിനായി ഒന്നരവയസുള്ള മകനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന കേസിൽ മാതാവ് ശരണ്യയ്ക്ക് (27) ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുക കുട്ടിയുടെ അച്ഛൻ പ്രണവിന് നൽകണം. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് ഉത്തരവിട്ടു. രണ്ടാംപ്രതിയും ശരണ്യയുടെ കാമുകനുമായ വലിയന്നൂർ സ്വദേശി നിധിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.
നിധിനെതിരെ ചുമത്തിയിരുന്ന ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ തുടങ്ങിയവ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. 2020 ഫെബ്രുവരി 17ന് പുലർച്ചെയായിരുന്നു തയ്യിൽ കടപ്പുറത്തെ കൊടുവള്ളി ഹൗസിൽ ഉറങ്ങിക്കിടന്നിരുന്ന ഒന്നര വയസ്സുകാരൻ വിയാനെ ഭർത്താവ് ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ശരണ്യ കടൽത്തീരത്തേക്ക് എടുത്തുകൊണ്ടുപോയത്.
ആദ്യം കടലിലേക്ക് എറിഞ്ഞപ്പോൾ കുഞ്ഞ് കരഞ്ഞതിനു പിന്നാലെ വീണ്ടും എടുത്ത് കടൽഭിത്തിയിലെ കരിങ്കൽ പാറകളിലേക്ക് ശക്തിയായി എറിഞ്ഞ് മരണം ഉറപ്പുവരുത്തുകയായിരുന്നു. കല്ലിൽ തലയിടിച്ചുണ്ടായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു.
കൃത്യം നടത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ ശരണ്യ, രാവിലെ കുഞ്ഞിനെ കാണാനില്ലെന്ന നാടകം കളിച്ച് ഭർത്താവിനെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. കുറ്റം ഭർത്താവിന്റെ മേൽ ചുമത്താനും ശ്രമിച്ചു. മൊബൈൽ ഫോൺ രേഖകൾ, ഫോൺ കാളുകൾ, ചാറ്റുകൾ, ശരണ്യയുടെ വസ്ത്രങ്ങളിലും ചെരിപ്പുകളിലും കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെ സാന്നിദ്ധ്യം എന്നിവ നിർണായക തെളിവുകളായി.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉപയോഗിച്ചാണ് കുറ്റം തെളിയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടിരുന്നെങ്കിലും അപൂർവങ്ങളിൽ അപൂർവമായ കേസ് ആയി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.പ്രതിയുടെ പ്രായം, നേരത്തെ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തത്, മാനസികാവസ്ഥ എന്നിവ പരിഗണിച്ചാണ് ജീവപര്യന്തം തടവ് വിധിച്ചതെന്നും കോടതി വ്യക്തമാക്കി.
47 സാക്ഷികളെ വിസ്തരിച്ചു. ജാമ്യം ലഭിച്ചതിനെ തുടർന്ന് ചെന്നൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ശരണ്യ. വിചാരണയ്ക്കിടെ യുവതി ആത്മഹത്യക്കു ശ്രമിച്ചിരുന്നു.
മാനസിക പിരിമുറുക്കമെന്ന് പ്രതി
കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിൽ എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതി ചോദ്യത്തിന് തനിക്ക് ഇരുപത്തിയേഴു വയസേ ഉള്ളൂ, സഹായിക്കാൻ ആരുമില്ല, മാനസിക പിരിമുറുക്കം അനുഭവിക്കുന്നു എന്നായിരുന്നു ശരണ്യയുടെ മറുപടി. വിധി കേട്ട ഉടൻ പ്രതി പൊട്ടിക്കരഞ്ഞു. ശരണ്യയെ കണ്ണൂർ വനിതാ ജയിലിലേക്കു മാറ്റി. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഗൂഢാലോചനക്കുറ്റം തള്ളിയതിലും ശിക്ഷ കുറഞ്ഞതിലും അപ്പീൽ നൽകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.
അമ്മ എന്ന സങ്കല്പം തകർത്തു
അമ്മ എന്തിനാണ് പാലു തരുന്നതെന്നുപോലും അറിയാത്ത നിസഹായനായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. അമ്മ എന്ന സങ്കല്പത്തിനുതന്നെ അപമാനമായ ക്രൂരതയാണ് നടന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. നിശ്വാസങ്ങളിൽ പോലും സ്‌നേഹത്തിന്റെ പ്രതീകമാകേണ്ട അമ്മയുടെ ക്രൂരതയ്ക്ക് ജീവപര്യന്തം ശിക്ഷ അനിവാര്യമാണെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. സ്വജീവൻ പണയംവച്ച് കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പ്രകൃതിനിയമത്തിന് എതിരായാണ് പ്രതി പ്രവർത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |