
അടൂർ: അടൂരിൽ വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന മന്ത്രി പി.രാജീവിന്റെ പ്രഖ്യാപനം കാടുകയറി!. 2021ൽ അന്നത്തെ അടൂർ നഗരസഭ ചെയർമാനായിരുന്ന ഡി.സജിയുടെ ചോദ്യത്തിനാണ് കെ.പി റോഡിന് അരികിലെ വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലത്ത് ഐ.ടി - വ്യവസായ പാർക്ക് ആരംഭിക്കുമെന്ന് മന്ത്രി മറുപടി നൽകിയത്.
2026 ആയിട്ടും സ്ഥലം കാടുകയറി നശിക്കുന്നതല്ലാതെ ഒരു പ്രവർത്തനവും ആരംഭിച്ചിട്ടില്ല. 96.4 ഹെക്ടർ സ്ഥലമാണ് വർഷങ്ങളായി ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറിയിരിക്കുന്നത്. 1973ൽ വ്യവസായ വകുപ്പിന് കീഴിൽ കെൻകോസ് (കേരള കപ്പാസിറ്റേഴ്സ് എൻജിനിയറിംഗ് ടെക്നീഷ്യൻസ് വ്യവസായ സഹകരണ സംഘം) എന്ന സ്ഥാപനം തുടങ്ങിയിരുന്നു.
ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ഘടകങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായിരുന്നു ഇത്. നൂറ്റിയിരുപതോളം പേരായിരുന്നു ഓഹരി ഉടമകൾ. ഇതിനായി കെട്ടിടവും നിർമ്മിച്ചിരുന്നു. ഇലക്ട്രോണിക്സ് ഉപകരണ നിർമാണ രംഗത്ത് മത്സരം കടുത്തതോടെ സ്ഥാപനത്തിന്റെ പ്രവർത്തനം നിലച്ചു. കാടുമൂടിയ പ്രദേശത്ത് കഞ്ചാവ് ഒളിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി പിടിലായത് ഒരുവർഷം മുമ്പാണ്.
അഞ്ച് വർഷമായിട്ടും അനക്കമില്ല
സ്ഥലത്തിനും കെട്ടിടത്തിനും കോടികൾ വിലമതിക്കും
സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യം
പാർക്ക് സ്ഥാപിക്കണമെന്ന് മന്ത്രിക്ക് നിവേദനം
അടൂർ ഗവ. ആശുപത്രിയുടെ വികസനത്തിനും പ്രയോജനപ്പെടുത്താം
അഭിപ്രായങ്ങൾ ഉയരുമ്പോഴും അവഗണന തുടരുന്നു
കെ.എസ്.എഫ്.ഡി.സിയുടെ തീയേറ്ററിന് അടൂരിൽ മുമ്പ് സ്ഥലം തേടിയിരുന്നു. ഈ സ്ഥലം പ്രയോജനപ്പെടുത്താമായിരുന്നു.
സോളമൻ ജോസഫ്,
കഥാകൃത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |